ഭരണസുതാര്യതക്ക് സി.പി.എം കമ്യൂണിക്കെ

കണ്ണൂര്‍: ഭരണം കൈയിലുണ്ടെന്നുകരുതി മന്ത്രിമാരും പാര്‍ട്ടി കേഡറുകളും ഉദ്യോഗസ്ഥ നിലപാടുപരമായ സമീപനം സ്വീകരിച്ച് ജനങ്ങളെ വെറുപ്പിക്കരുതെന്ന് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്‍െറ കമ്യൂണിക്കെ പൊതുജനങ്ങള്‍ക്കിടയിലേക്കും സി.പി.എം കൈമാറി. ‘മാറുന്നകേരളം മാറുന്ന രാഷ്ട്രീയം’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ നാലു ദിവസമായി സംസ്ഥാന സെക്രട്ടറി പാര്‍ട്ടി പത്രത്തിലൂടെയാണ് നയനിലപാടുകള്‍ വ്യക്തമാക്കിയത്. മന്ത്രിമാര്‍ക്ക് ഇതില്‍ ശക്തമായ താക്കീതുകളുണ്ട്. ഇവയില്‍ ചിലത് ഘടകകക്ഷി മന്ത്രിമാരെ നേരില്‍ക്കണ്ട് ബോധിപ്പിക്കാന്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതായി അറിയുന്നു.

വകുപ്പുകള്‍ മന്ത്രിമാരുടെ പാര്‍ട്ടിയുടെ സാമ്രാജ്യമാക്കുക എന്ന മുന്‍ സര്‍ക്കാറിന്‍െറ ദൗര്‍ബല്യം ആവര്‍ത്തിച്ചുകൂടാ എന്നാണ് ഘടകകക്ഷി മന്ത്രിമാരെ നേരില്‍ ബോധിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചത്. സര്‍വിസ് സംഘടനകളുടെ ശക്തമായ സമ്മര്‍ദവും ഇതിന്‍െറ പിന്നിലുണ്ട്. വകുപ്പുകളിലെ ഉദ്യോഗസ്ഥവിന്യാസം ജില്ലകളില്‍പോലും തിരുവനന്തപുരത്തുനിന്ന് അനുവാദമില്ലാതെ ചെയ്യരുതെന്ന് ജില്ലാ ഓഫിസുകളില്‍ വാക്കാല്‍ നിര്‍ദേശം വന്നുകഴിഞ്ഞു. സി.പി.ഐയുടെ വകുപ്പുകളില്‍ ഇതുസംബന്ധിച്ച് നിരീക്ഷണം നടത്താനും സര്‍വിസ് സംഘടനാനേതൃത്വം പ്രത്യേക ഉപസമിതിയെ നിയോഗിച്ചതായി അറിയുന്നു.
സൂര്യന്‍ അസ്തമിച്ച് ഉദിക്കുന്നതുപോലെ ഒരു ദിവസം കൊണ്ടുണ്ടായ വിജയമല്ല എല്‍.ഡി.എഫിന്‍േറതെന്നും കരുത്തുറ്റ സംഘടനാ സംവിധാനവും പ്രക്ഷോഭസമരങ്ങളുംവഴി നേടിയതാണെന്നും പാര്‍ട്ടി സെക്രട്ടറിയുടെ ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ജനങ്ങള്‍ നല്‍കിയ അംഗീകാരം മുന്നണിക്കും കക്ഷികള്‍ക്കും അപ്പുറമുള്ള വലിയ നേട്ടമായി കാണണമെന്ന ഓര്‍മപ്പെടുത്തലോടെ ‘നമ്മള്‍ എന്നാല്‍ സി.പി.എമ്മിന്‍െറയും മുന്നണിയുടെയും മുകള്‍ത്തട്ടുമുതല്‍ താഴെ തലംവരെയുള്ള നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നതാ’ണെന്ന് കോടിയേരി ഓര്‍മിപ്പിക്കുന്നു. അധികാരമെല്ലാം ഞങ്ങള്‍ക്കാണെന്ന തെറ്റായ ചിന്തയും പ്രവര്‍ത്തനവും പാടില്ല. സര്‍ക്കാറും പാര്‍ട്ടിയും മുന്നണിയും ഒരിക്കലും അന്യവര്‍ഗാശയത്തിന്‍െറ ദുഷിപ്പിക്കുന്ന സ്വാധീനത്തില്‍പെടരുതെന്നും ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തില്‍ കൃത്യമായ മാനദണ്ഡം പാലിക്കണം. പൊതുവായ വികാരമെന്ന നിലയിലാണ് ഇത് ചൂണ്ടിക്കാണിച്ചതെങ്കിലും നായനാര്‍ മന്ത്രിസഭയില്‍ സി.പി.ഐയുടെ വകുപ്പുകളെക്കുറിച്ചുയര്‍ന്ന പരാതിയുടെ പൂര്‍വകാലാനുഭവംകൂടി മുന്നില്‍വെച്ചുള്ള പരാമര്‍ശമായാണ് ഇത് വിലയിരുത്തുന്നത്.

സര്‍ക്കാര്‍ എല്ലാവിഭാഗം ജനങ്ങളുടേതുമാണെന്ന ബോധമുണ്ടാക്കാന്‍ മന്ത്രിമാരുടെ ഇടപഴകലില്‍ കഴിയണമെന്ന് കോടിയേരി ഓര്‍മിപ്പിക്കുന്നു.
പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റശേഷം അധികാരം വിനിയോഗിക്കുന്നതില്‍ കൂടുതല്‍ ‘സ്വതന്ത്രന്‍’ ആവുന്നത് ഇപ്പോഴാണെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയവിഷയങ്ങളില്‍ ഇതുവരെയും കോടിയേരിയോടൊപ്പം പി.ബി അംഗമെന്നനിലയില്‍ പിണറായിയും പൊതു പ്രതികരണങ്ങള്‍ നടത്താറുണ്ടായിരുന്നു. ഒരേസമയം സമാനരീതിയിലുള്ള രണ്ടു പ്രസ്താവനകള്‍ എന്നനിലയിലാണ് ഓരോ വിഷയത്തിലും കോടിയേരിയും പിണറായിയും പ്രതികരിച്ചിരുന്നത്. പിണറായി മുഖ്യമന്ത്രിയായതോടെ പാര്‍ട്ടിയുടെ ഏക നാവായി ഇനി കോടിയേരി കൂടുതല്‍ സജീവമാകും.

അദ്ദേഹമെഴുതിയ ലേഖനത്തില്‍ ഇത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമായി എടുത്തുപറയുന്നുണ്ട്. ‘പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണി അധികാരത്തില്‍ വന്നെങ്കിലും പാര്‍ട്ടിയുടെ നേതൃപരമായ പങ്ക് ഉപേക്ഷിക്കില്ല. പാര്‍ട്ടി ബഹുജനങ്ങളുടെ കൂടെയുണ്ടാവും. അവരുടെ ബോധനിലവാരത്തെ ഉയര്‍ത്തുന്നതിനാണത്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്നത് ഉദ്യോഗസ്ഥപരമായ നിലപാട് എടുക്കുമ്പോഴാണ്. അത്തരം തന്‍പ്രമാണിത്തം ഒരിക്കലുമുണ്ടാവരുത്. ജനങ്ങളെ പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ തിരിച്ചുവിടാന്‍ അതിടയാക്കും, അത് ഒഴിവാക്കണം -ലേഖനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.