വി.എസിന്‍െറ പദവി സംസ്ഥാന ഘടകത്തിന്‍െറ കോര്‍ട്ടില്‍ എല്ലാം ശരിയാകുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: വി.എസ്. അച്യുതാനന്ദന്‍െറ പാര്‍ട്ടി-ഭരണ പദവികളുടെ കാര്യത്തില്‍ തീരുമാനം സംസ്ഥാന ഘടകത്തിന്‍െറ കോര്‍ട്ടില്‍. നാലു ദിവസമായി നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കു ശേഷവും അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാന ഘടകത്തെ ഉപദേശിക്കുന്നതിനപ്പുറം, ഒരു നിര്‍ദേശവും നേതൃയോഗങ്ങളില്‍ ഉണ്ടായില്ല.
വി.എസിന് കാബിനറ്റ് പദവി നല്‍കുന്നതിന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. അത് ചെവിക്കൊള്ളാന്‍ സംസ്ഥാന ഘടകം ധിറുതി കാണിക്കുന്നില്ല. അദ്ദേഹത്തിനെതിരായ പരാതിയില്‍ പി.ബി കമീഷന്‍െറ അന്വേഷണ നടപടികള്‍ അവസാനിപ്പിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടം നല്‍കണമെന്ന താല്‍പര്യവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മറ്റുമുണ്ട്. എന്നാല്‍, ഇക്കാര്യത്തിലും പച്ചക്കൊടി സംസ്ഥാനത്തുനിന്ന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിഷയം സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കട്ടെയെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
വി.എസിന് പദവി ഉറപ്പുനല്‍കിയതിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ‘ആരാണ് ഉറപ്പുനല്‍കിയത്?’ എന്ന മറുചോദ്യമായിരുന്നു സീതാറാം യെച്ചൂരി ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ ജയത്തെക്കുറിച്ച് അസ്വസ്ഥത കാട്ടിയവരുണ്ട്. അതുകഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച ആശങ്കയായി. പിന്നെ വി.എസിന്‍െറ പദവിയെക്കുറിച്ചായി. അന്നും ഇന്നും തനിക്ക് ഒന്നേ പറയാനുള്ളൂ -എല്ലാം ശരിയാകും. പി.ബി കമീഷന്‍െറ പ്രവര്‍ത്തനം വൈകാതെ പൂര്‍ത്തിയാകുമെന്നും യെച്ചൂരി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.