തെരഞ്ഞെടുപ്പില്‍ സി.പി.എം ചിലയിടത്ത് മൂന്നാമതത്തെിയത് അന്വേഷിക്കാന്‍ കമീഷന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ മൂന്നാംസ്ഥാനത്തേക്ക് പോയ മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സി.പി.എം ഒരുങ്ങുന്നു. ഇതിന് കമീഷനെ നിയോഗിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. അതേസമയം, മറ്റ് മണ്ഡലങ്ങളിലുണ്ടായ തോല്‍വി ജില്ലാ അടിസ്ഥാനത്തിലും പരിശോധിക്കും. വെള്ളിയാഴ്ച ആരംഭിച്ച രണ്ടുദിവസത്തെ സംസ്ഥാന സമിതിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പൂര്‍ത്തിയായശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിജയിച്ച മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞതും വര്‍ധിച്ചതും അതിന്‍െറ കാരണങ്ങളും വിലയിരുത്തണമെന്ന നിലപാടാണ് നേതൃത്വത്തിന്.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുശതമാനം കൂടിയെങ്കിലും അതിന് കാരണം കോണ്‍ഗ്രസിന്‍െറ വോട്ട് ചോര്‍ച്ചയാണെന്ന വിലയിരുത്തലുമുണ്ടായി. വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനതലത്തില്‍ കമീഷനെ നിയോഗിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. മറ്റേതെങ്കിലും മണ്ഡലംകൂടി ഇതില്‍ കൂട്ടിച്ചേര്‍ക്കണമോ എന്നത് ശനിയാഴ്ചത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മൂന്നാംസ്ഥാനത്ത് എത്തിയതും അന്വേഷിക്കണമെന്ന് അഭിപ്രായമുണ്ട്. ശനിയാഴ്ചയിലെ ചര്‍ച്ചയുടെകൂടി അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം. വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് മണ്ഡലങ്ങളിലെ തോല്‍വിയും നേതൃത്വം ഗൗരവമായാണ് കാണുന്നത്.
പൂഞ്ഞാറില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്തി പി.സി. ജോര്‍ജ് വിജയിച്ചത് ഗൗരവമായാണ് കാണുന്നത്. 2011ല്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ടുകള്‍പോലും നഷ്ടപ്പെട്ടത് നിസ്സാരമല്ളെന്ന അഭിപ്രായമുയര്‍ന്നു. വട്ടിയൂര്‍ക്കാവിലെ തോല്‍വി സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ ആക്ഷേപമുന്നയിച്ച ടി.എന്‍. സീമ സംസ്ഥാന സമിതിയില്‍ അത് ആവര്‍ത്തിച്ചു. വിജയിക്കേണ്ടിയിരുന്ന മണ്ഡലത്തില്‍ അപ്രതീക്ഷിതമായാണ് മൂന്നാംസ്ഥാനത്തേക്ക് പോയതെന്നും അത് എങ്ങനെ സംഭവിച്ചെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ സി.പി.എമ്മിനുള്ളിലും മുന്നണിയിലുമുള്ള ചില നേതാക്കള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നതാണ് സീമയുടെ ആക്ഷേപം. ഇവിടെ തോല്‍വി അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സമിതി പരാജയ കാരണങ്ങള്‍ അന്വേഷിക്കുന്ന സ്ഥിതിക്ക് ഒറ്റ സമിതിയാവും ഉണ്ടാവുകയെന്നാണ് സൂചന. പാലക്കാട് മൂന്നാംസ്ഥാനത്ത് പോകാന്‍ പാടില്ലായിരുന്നു. ലഭിക്കേണ്ട വോട്ടില്‍ ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.
നേമത്ത് ബി.ജെ.പി വിജയിച്ചതിനുപിന്നില്‍ കോണ്‍ഗ്രസ് വോട്ടിലെ വന്‍ ചോര്‍ച്ചയാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കോണ്‍ഗ്രസുകാര്‍ വോട്ട് പിടിച്ചില്ല. എന്നാല്‍, സി.പി.എമ്മിന് 2011ലേതിനെക്കാള്‍ വോട്ട് വര്‍ധിച്ചു. അതേസമയം, കോണ്‍ഗ്രസിന്‍െറ പരമ്പരാഗത വോട്ടുകള്‍ അപ്പാടെ ബി.ജെ.പി സ്ഥാനാര്‍ഥിക്കാണ് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.