മുസ്ലിം ലീഗിന്‍െറ നിലപാട് മാറ്റത്തിന് പിന്നില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ചോരുന്നുവെന്ന ആശങ്ക

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുസ്ലിം ലീഗ് രംഗത്തത്തെിയത് കാലിനടയിലെ മണ്ണ് ചോരുന്നുവെന്ന ആശങ്കയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഫാഷിസ്റ്റ് ശക്തികളുമായി കൂട്ടുകൂടി സമുദായത്തെ ഒറ്റിക്കൊടുക്കുകയാണ് കാന്തപുരം ചെയ്യുന്നതെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഞായറാഴ്ച ചന്ദ്രിക പത്രത്തില്‍ എഴുതിയ ലേഖനം പാര്‍ട്ടിയുടെ കാന്തപുരത്തോടുള്ള നിലപാടുമാറ്റത്തിന്‍െറ സൂചനയായി വിലയിരുത്തപ്പെടുന്നു. തങ്ങള്‍ക്ക് സഹായമൊന്നും ചെയ്യാത്ത കാന്തപുരത്തെ ഇനിയും പിന്തുണക്കുന്നത് ഒപ്പമുള്ള സമസ്ത ഇ.കെ വിഭാഗത്തെ അകറ്റാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നയം മാറ്റം.

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്‍െറ സീറ്റ് നഷ്ടവും വോട്ട് ചോര്‍ച്ചയും ചര്‍ച്ചചെയ്യാന്‍ കോഴിക്കോട്ട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ കാന്തപുരത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. യോഗത്തില്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ കാന്തപുരം വിമര്‍ശത്തെ ഭാരവാഹികള്‍ ഒന്നടങ്കം സ്വാഗതം ചെയ്തു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതൃതലത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കി കെ.പി.എ. മജീദ് രംഗത്തത്തെിയത്.

ഇതിനായി മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് അനുകൂലമായി കാന്തപുരം വിഭാഗം പ്രവര്‍ത്തിച്ചതിന്‍െറ വ്യക്തമായ തെളിവുകള്‍ മണ്ഡലം കമ്മിറ്റിയില്‍നിന്ന് നേതൃത്വം ശേഖരിച്ചു. മണ്ണാര്‍ക്കാട്ട് ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്താന്‍ കാന്തപുരം പരസ്യ നിര്‍ദേശം നല്‍കിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഷംസുദ്ദീന്‍ ഇവിടെ വിജയം നേടിയപ്പോള്‍ ജയിക്കുന്നവരുടെ കൂടെ നില്‍ക്കുകയെന്ന കാന്തപുരം തന്ത്രത്തിന് കനത്ത തിരിച്ചടിയേറ്റു. ഇതിനെ മുസ്ലിം ലീഗ് നേതൃത്വവും അനുയായികളും അതിരൂക്ഷമായാണ് തുറന്നുകാട്ടിയത്.  

അതേസമയം, കാന്തപുരം വിഭാഗത്തോടുള്ള ലീഗിന്‍െറ അനുകൂല സമീപനത്തെ എതിര്‍ത്തുപോരുന്ന സമസ്ത ഇ.കെ വിഭാഗം വളരെ കരുതലോടെയാണ് ലീഗിന്‍െറ പുതിയ നീക്കത്തെ നിരീക്ഷിക്കുന്നത്. കാന്തപുരത്തോടുള്ള സമീപനം സംബന്ധിച്ച് തങ്ങളുടെ നിരന്തരമുള്ള ആവശ്യം അവഗണിച്ച ലീഗ് നേതൃത്വം ഇപ്പോള്‍ നിലപാട് കര്‍ക്കശമാക്കിയതിന് പിന്നില്‍ ചില അജണ്ടകളുണ്ടെന്നാണ് നേതാക്കള്‍ കരുതുന്നത്. തങ്ങളാണ് എല്‍.ഡി.എഫ് വിജയത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് കാന്തപുരം വിഭാഗം മഹല്ല് പ്രശ്നങ്ങളില്‍ ഭരണതലത്തില്‍ അനധികൃത ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന സമസ്ത പോഷക സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

കാന്തപുരം വിഭാഗവുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മഹല്ലുകളിലും വഖഫ് പ്രശ്നങ്ങളിലും ഇടത് സര്‍ക്കാറിന്‍െറ സഹായം തേടാനും യോഗം തീരുമാനിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സമസ്ത നേതാക്കള്‍ ഉടനെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വവുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ലീഗിന്‍െറ നേതൃത്വത്തില്‍ തന്നെ രൂപപ്പെടുത്താറുള്ള മുസ്ലിം സംഘടനാ സൗഹൃദവേദിയുടെ ഘടന സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഫാഷിസ്റ്റുകളുമായി കൈകോര്‍ത്ത കാന്തപുരം വിഭാഗത്തെ ഉള്‍പ്പെടുത്തി സൗഹൃദവേദി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കാന്തപുരമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.

സൗഹൃദവേദിയില്‍ മുമ്പും കാന്തപുരം പങ്കാളിയായിട്ടില്ല. നിലപാട് തിരുത്തി കൂട്ടായ്മയില്‍ പങ്കാളിയാകണോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ലീഗ് നേതാക്കളെ മര്‍കസ് സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചും കാന്തപുരമാണ് തീരുമാനമെടുക്കേണ്ടത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലായിരുന്നു കഴിഞ്ഞ കാലത്ത് വിവിധ മതവിഭാഗങ്ങളോടുള്ള ലീഗിന്‍െറ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.