ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാനുള്ള സി.പി.എം കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം ബംഗാള്‍ ഘടകം തള്ളി. ഇതുസംബന്ധിച്ച് ജൂണില്‍ കേന്ദ്ര കമ്മിറ്റി യോഗം തയാറാക്കി നല്‍കിയ രേഖ ബംഗാള്‍ സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും തള്ളി. കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാനാവില്ളെന്ന് ഉറപ്പിച്ചുപറഞ്ഞ ബംഗാള്‍ നേതാക്കള്‍, സഖ്യം തെറ്റാണെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നുന്നുവെങ്കില്‍ ബംഗാള്‍ ഘടകം പിരിച്ചുവിടാവുന്നതാണെന്നും വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയും ബംഗാള്‍ ഘടകവും തമ്മിലുള്ള തര്‍ക്കം മുറുകി. അസാധാരണമായ സാഹചര്യം ചര്‍ച്ചചെയ്യാന്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്ളീനം ചേരാനും സംസ്ഥാന സമിതി തീരുമാനിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയാണ് പ്ളീനം.
പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഖ്യം കേന്ദ്ര കമ്മിറ്റിയില്‍ ഒരിക്കല്‍കൂടി ചൂടേറിയ ചര്‍ച്ചക്ക് വിഷയമാകും. ആഗസ്റ്റിലാണ് അടുത്ത കേന്ദ്ര കമ്മിറ്റി. ജൂണില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായി പരസ്യസഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഹരിയാനയില്‍നിന്നുള്ള ജഗ്മതി സാങ്വാള്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോവുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയുടെ നിലപാടാണ് പുറത്തു പറയുന്നത്. എന്നാല്‍, ബംഗാള്‍ നിലപാടിന് ജനറല്‍ സെക്രട്ടറിയുടെ പരോക്ഷ പിന്തുണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിച്ച സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് ബംഗാളിലുണ്ടായത്.
കോണ്‍ഗ്രസുമായുള്ള പരസ്യസഖ്യം വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ തീരുമാനവുമായി ചേര്‍ന്നുപോകുന്നതല്ളെന്ന് ജൂണില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുന്ന രേഖ തയാറാക്കി നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗത്തില്‍ എതാണ്ട് എല്ലാ നേതാക്കളും കേന്ദ്ര കമ്മിറ്റി രേഖയെ തള്ളിപ്പറഞ്ഞു.
മൂന്നോ നാലോ പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ബന്ധം തുടരുന്നതിനെ എതിര്‍ത്തത്. കേന്ദ്ര രേഖ അംഗീകരിപ്പിക്കുന്നതിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗം എം.എ. ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെങ്കിലും ബംഗാള്‍ നേതാക്കള്‍ ഉറച്ച നിലപാടിലായിരുന്നു. തൃണമൂലിനെതിരെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി പ്രാദേശിക സീറ്റുധാരണക്കാണ് കേന്ദ്ര കമ്മിറ്റി അനുമതിനല്‍കിയത്.
എന്നാല്‍, കൊടികള്‍ കൂട്ടിക്കെട്ടി പരസ്യപ്രചാരണം നടത്തിയും രാഹുല്‍ ഗാന്ധിക്കൊപ്പം ബുദ്ധദേബ് അടക്കമുള്ളവര്‍ വേദി പങ്കിട്ടും ബംഗാള്‍ ഘടകം പരസ്യസഖ്യമാണ് നടപ്പാക്കിയത്. എന്നിട്ടും പാര്‍ട്ടിയുടെ സീറ്റ് നേര്‍പകുതിയായി കുറയുകയും സി.പി.എം കോണ്‍ഗ്രസിനും പിന്നിലായി പ്രതിപക്ഷ നേതൃസ്ഥാനംപോലും നഷ്ടപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്രനേതൃത്വത്തിലെ കാരാട്ട് പക്ഷം ബംഗാള്‍ ഘടകത്തിനെതിരെ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.