ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ഏറ്റവും വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാറിനെ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്തതോടെ ഡല്‍ഹി സര്‍ക്കാറും മോദി സര്‍ക്കാറും തമ്മിലുള്ള പോര് അതിരൂക്ഷം. സി.ബി.ഐയുടെ നീക്കത്തില്‍ അഴിമതിയോടുള്ള സന്ധിയില്ലാ സമരമൊന്നുമില്ല. അഴിമതിക്കെതിരെ പടപൊരുതി ആം ആദ്മി പാര്‍ട്ടിയുണ്ടാക്കുകയും ഡല്‍ഹിയുടെ ഭരണം പിടിക്കുകയും ചെയ്ത അരവിന്ദ് കെജ്രിവാളിനോട് കണക്കുതീര്‍ക്കുന്നു. ബി.ജെ.പിയുടെയും മോദി സര്‍ക്കാറിന്‍െറയും പ്രതികാര രാഷ്ട്രീയത്തിന് സി.ബി.ഐ ഉപകരണമാവുന്നു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ കെജ്രിവാളിനുള്ള രാഷ്ട്രീയ സത്യസന്ധത ചോദ്യം ചെയ്യാനും വിശ്വസ്തനെ പിടികൂടിയതിലൂടെ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇത് സംസ്ഥാന ഭരണവേഗത്തെ സാരമായി ബാധിക്കും. അടുത്തിടെ 11 മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് കേന്ദ്രം സ്ഥലം മാറ്റിയതെന്നും ഇതത്രയും സംസ്ഥാന ഭരണം സ്തംഭനാവസ്ഥയില്‍ എത്തിച്ചുവെന്നുമാണ് ഡല്‍ഹി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
കെജ്രിവാള്‍ അധികാരമേറ്റതു മുതല്‍ കേന്ദ്രവും സംസ്ഥാനവുമായി ഉരസലുണ്ട്. ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് കേന്ദ്രനിര്‍ദേശങ്ങള്‍ക്കു വഴങ്ങി സംസ്ഥാന സര്‍ക്കാറിന് പതിവായി പൊല്ലാപ്പുകള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ അറസ്റ്റിലായതോടെ കേന്ദ്രത്തിനോ, സംസ്ഥാനത്തിനോ -ആര്‍ക്കു മുന്നില്‍ വഴങ്ങി നില്‍ക്കണമെന്ന വ്യക്തമായ സന്ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പി-അകാലിദള്‍ സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗോവയിലും കെജ്രിവാള്‍ ബി.ജെ.പിയോട് അങ്കം പ്രഖ്യാപിച്ചിട്ടുണ്ട്. കെജ്രിവാളിന്‍െറ അഴിമതിവിരുദ്ധ മുദ്രാവാക്യത്തിനോ മറ്റ് പ്രചാരണങ്ങള്‍ക്കോ സത്യസന്ധതയില്ളെന്ന് വാദിക്കാനുള്ള ആയുധമാണ് ഇപ്പോഴത്തെ സി.ബി.ഐ അറസ്റ്റ്. കോണ്‍ഗ്രസ് ഭരിച്ച കാലത്തെ വാട്ടര്‍ ടാങ്കര്‍ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് അടുത്തിടെയാണ്.
കെജ്രിവാളിനാകട്ടെ, കേന്ദ്രത്തിന്‍െറ പ്രതികാര രാഷ്ട്രീയം ജനങ്ങള്‍ക്കു മുന്നില്‍ ബി.ജെ.പിക്കെതിരായ തുറുപ്പുശീട്ടുമാണ്. യഥാര്‍ഥത്തില്‍ രാജേന്ദ്രകുമാര്‍ ഉള്‍പ്പെട്ടതായി പറയുന്ന ക്രമക്കേട് 2008നും 2012നും ഇടയില്‍ നടന്നതാണ്. അന്നത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ രാജേന്ദ്രകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരമൊരു അഴിമതിക്കു കൂട്ടുനിന്ന രാജേന്ദര്‍ കുമാറിനെ സംരക്ഷിച്ചുവെന്ന ആരോപണമാണ് കെജ്രിവാളിനെതിരെ ബി.ജെ.പി ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.