ജനകീയ പ്രകടന പത്രികക്കായി സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ജനകീയ പ്രകടനപത്രിക തയാറാക്കാന്‍ സി.പി.എം അക്കാദമിക ലോകത്തിന്‍െറ കാഴ്ചപ്പാടിനൊപ്പം സാധാരണ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ കൂടി പ്രതിനിധീകരിക്കുന്ന പ്രകടനപത്രിക തയാറാക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.

കേരള പഠന കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ആശയങ്ങള്‍ 140 നിയമസഭാ മണ്ഡലങ്ങളിലും ചര്‍ച്ച ചെയ്ത് പ്രകടനപത്രിക തയാറാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച വിശദ ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിച്ച സി.പി.എം സംസ്ഥാന നേതൃയോഗങ്ങളില്‍ തുടങ്ങി. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സി.പി.എം ഇതേ മാതൃക പിന്തുടര്‍ന്നിരുന്നു.

എല്‍.ഡി.എഫിന്‍െറ പൊതുപ്രകടനപത്രികക്ക് പുറമെ ഓരോ വാര്‍ഡിലും ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടി പ്രാദേശിക പ്രകടനപത്രിക തയാറാക്കിയിരുന്നു. ഇത്തരത്തില്‍ എല്ലാ മണ്ഡലങ്ങളിലും വികസന സെമിനാര്‍ വിളിച്ച് ചേര്‍ത്ത് പഠന കോണ്‍ഗ്രസിലെ ആശയങ്ങള്‍ അവതരിപ്പിച്ച് ഇതിന്‍െറ അടിസ്ഥാനത്തിലാവും പ്രകടനപത്രിക തയാറാക്കുക. അടിസ്ഥാന സൗകര്യ വികസനം, ഭരണതല പരിഷ്കാരം, വ്യവസായിക വളര്‍ച്ച, അഴിമതി ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സമൂല മാറ്റം നിര്‍ദേശിക്കുന്ന ആശയങ്ങളാണ് പഠന കോണ്‍ഗ്രസില്‍ ഉയര്‍ന്നത്. ഇവ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും സി.പി.എമ്മിന് എതിരെ ഉയര്‍ന്നേക്കാവുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുകയുമാണ് ലക്ഷ്യം. ഇതടക്കം സെക്രട്ടേറിയറ്റ് വിലയിരുത്തി.

ഈമാസം15 മുതല്‍ പിണറായി വിജയന്‍െറ നേതൃത്വത്തില്‍ ആരംഭിക്കുന്ന നവകേരള മാര്‍ച്ചിന്‍െറ വിശദാംശങ്ങളും ചര്‍ച്ച ചെയ്തു. ‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്, പി.കെ. സൈനബ, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, കെ.ടി. ജലീല്‍ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍.

ജാഥയുടെ മുദ്രാവാക്യങ്ങള്‍ക്ക് അനുസൃതമായ ആശയ രൂപപ്പെടലാണ് കേരള പഠന കോണ്‍ഗ്രസിലും ഉണ്ടായത്. പഠന കോണ്‍ഗ്രസിന്‍െറ സംഘാടക സമിതി ചെയര്‍മാന്‍ എന്നനിലയില്‍ പിണറായി ആശയ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അടുത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സി.പി.എം സംസ്ഥാന നേതൃത്വത്തില്‍നിന്ന് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്നത് പിണറായി വിജയനെയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.