കൊച്ചി: ഈഴവ, മുസ്ലിം വോട്ടുബാങ്ക് മുമ്പെങ്ങുമില്ലാത്തവിധം കലങ്ങിമറിയുന്നത് ഇടത്, വലത് മുന്നണികളെ വട്ടംകറക്കുന്നു. സംവരണ രാഷ്ട്രീയത്തിലെ ആശങ്ക കാരണം തങ്ങളുടെ പക്ഷത്തെ ഓരോ വോട്ടും പിടിച്ചുനിര്‍ത്താനും പല കാരണങ്ങളാല്‍ വിട്ടുപോയ വോട്ടര്‍മാരെയും കക്ഷികളെയും തിരികെ കൊണ്ടുവരാനുമുള്ള പെടാപ്പാടാണ് നടക്കുന്നത്. കലങ്ങിയ സംവരണ രാഷ്ട്രീയത്തിനിടയില്‍ തങ്ങളുടെ പങ്ക് പിടിച്ചെടുക്കാന്‍ ബി.ജെ.പിയും സജീവമായുണ്ട്.
ഈഴവ വോട്ട് ബാങ്ക് എങ്ങോട്ടുതിരിയുമെന്ന ആശങ്കയാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെയും ബി.ജെ.പിയെയും വല്ലാതെ അലട്ടുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിലത്തെിയ ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിന്‍െറ മുന്നില്‍ ഉയര്‍ന്ന പ്രശ്നവും ഇതുതന്നെയായിരുന്നു. നേരത്തേ ഈഴവ വോട്ടുകള്‍ കൃത്യമായി ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കുമായി വിഭജിച്ചുപോയിരുന്നു.
ഇത് ഒന്നിച്ച് നിര്‍ത്തി സാമുദായികമായി വിലപേശുക എന്ന ലക്ഷ്യവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭാരതീയ ധര്‍മ ജനസംഘം രൂപവത്കരിക്കുകയും ബി.ജെ.പി പക്ഷത്തേക്ക് ചുവടുമാറ്റുകയും ചെയ്തതോടെയാണ് സ്ഥിതിഗതി മാറിയത്.
വെള്ളാപ്പള്ളി ബി.ജെ.പി പക്ഷത്തേക്ക് പോയതുകൊണ്ട് ഈഴവ വോട്ടുകള്‍ മൊത്തമായി ബി.ജെ.പി പക്ഷത്തേക്ക് പോകുമെന്ന ആശങ്കയൊന്നും ഇരുമുന്നണികള്‍ക്കുമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലമാണ് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. എസ്.എന്‍.ഡി.പിക്ക് മേല്‍ക്കോയ്മയുള്ള തിരുമല, പാലസ്, പള്ളാത്തുരുത്തി പ്രദേശങ്ങളില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. നായര്‍ സമുദായത്തിന് സ്വാധീനമുള്ള കൊറ്റംകുളങ്ങര, മുല്ലക്കല്‍, എ.എന്‍.പുരം, കളര്‍കോട് തുടങ്ങിയ പ്രദേശങ്ങളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുകയും ചെയ്തു. എറണാകുളത്ത് ഈഴവ വോട്ടുകള്‍ ഗണ്യമായുള്ള കൊച്ചി കോര്‍പറേഷനില്‍ ബി.ജെ.പിക്ക് മുമ്പുള്ള രണ്ട് സീറ്റുകള്‍ നിലനിര്‍ത്താന്‍തന്നെ പാടുപെടേണ്ടിവന്നപ്പോള്‍ നായര്‍ വിഭാഗത്തിന് സ്വാധീനമുള്ള തൃപ്പൂണിത്തുറയില്‍ മുഖ്യപ്രതിപക്ഷമാവുകയും ചെയ്തു.
അതേസമയം, കാലങ്ങളായി തങ്ങള്‍ക്ക് ലഭിച്ചിരുന്ന ഈഴവ വോട്ട് കാര്യമായ ചോര്‍ച്ചയുണ്ടാകുമെന്ന് ഇരുമുന്നണികളും ആശങ്കപ്പെടുന്നുണ്ട്. ഈഴവ വിഭാഗത്തില്‍ ഒരുപക്ഷത്തിന് ബി.ജെ.പിയുമായുള്ള അഭിപ്രായ വ്യത്യാസം നീങ്ങിയതിനാലാണിത്. ബി.ജെ.പി ദേശീയ നേതൃത്വത്തോട് ഈഴവ വിഭാഗത്തിനുള്ള മുഖ്യ അഭിപ്രായ വ്യത്യാസം സംവരണ വിഷയമാണ്. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് സംവരണത്തെ നഖശിഖാന്തം എതിര്‍ക്കുന്നു എന്നതിനാലാണിത്. എന്നാല്‍, ഇക്കുറി എറണാകുളത്ത് പ്രമുഖരുമായി സംവദിക്കാനത്തെിയ ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് ഈ അഭിപ്രായവ്യത്യാസം കണ്ടറിഞ്ഞുള്ള ചുവടുമാറ്റമാണ് നടത്തിയത്. മുന്‍ നിലപാട് മയപ്പെടുത്തി ജാതി സംവരണം തുടരാമെന്നും മതന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം തുടരുന്നത് ശരിയല്ളെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ആര്‍.എസ്.എസിന്‍െറ സംവരണ നിലപാട് ഉയര്‍ത്തിക്കാട്ടി ഈഴവ വോട്ടുകളെ ആശയക്കുഴപ്പത്തിലാക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഈ നിലപാട് മയപ്പെടുത്തല്‍. സമാനമായ ഇടയിളക്കം ദലിത്, മുസ്ലിം ന്യൂനപക്ഷ വോട്ടുകളിലുമുണ്ടാകുമെന്ന് മുന്നണികള്‍ ഭയക്കുന്നുണ്ട്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മുസ്ലിം, ദലിത് വോട്ടുകള്‍ പങ്കുവെക്കാന്‍ ഇത്തവണ കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്തുണ്ട് എന്നതിനാലാണിത്.
മുമ്പ് പി.ഡി.പിയായിരുന്നു ഈ ഭൂമികയില്‍ കളിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ എസ്.ഡി.പി.ഐയും ഈ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവ ദലിത്, മുസ്ലിം വോട്ടുകളില്‍ ഗണ്യമായ ഒരുശതമാനം പിടിക്കുമെന്ന കണക്കുകൂട്ടലിലാണ് . ഏത് മുന്നണി സ്ഥാനാര്‍ഥി ജയിച്ചാലും ഭൂരിപക്ഷം വളരെ കുറവായിരിക്കുമെന്ന് ഉറപ്പാണ്. പരമാവധി വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. വീരേന്ദ്രകുമാറിനെയും ജെ.എസ്.എസിനെയുമാക്കെ കൂടെ നിര്‍ത്താനും ഒപ്പംകൂട്ടാനും ഇരുമുന്നണികളും ഏതറ്റംവരെയും വിട്ടുവീഴ്ച നടത്തുന്നതും സംവരണ രാഷ്ട്രീയത്തിലെ ഈ കലക്കം കാരണമായിത്തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.