തൃണമൂലിനെ എതിരിടാന്‍ ഇടത് സഖ്യത്തിന് കോണ്‍ഗ്രസ് തയാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ഇടതുപക്ഷവുമായി സഖ്യത്തിന് തയാറെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സീറ്റ് ചര്‍ച്ച നടത്തുന്നതുസംബന്ധിച്ച് സംസ്ഥാനഘടകം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ സമാപിച്ച സി.പി.എം പ്ളീനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസുമായി അടുക്കുന്നതിനെക്കുറിച്ചും സഖ്യത്തെക്കുറിച്ചും ചര്‍ച്ചചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് ഘടകത്തിന്‍െറ നടപടി.
പൊതുമിനിമം പരിപാടികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവുമായുള്ള സഖ്യം പൊതുശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് അകറ്റുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറി ഒ.പി. മിശ്ര സോണിയക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. ഇടതുസഖ്യം വഴി, സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ വളര്‍ച്ച തടയാനാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. നിയമസഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കില്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് 40 ശതമാനം വോട്ടുകളാണ് ഇടതുപാര്‍ട്ടികളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമായി പോയത്. പുതിയ സഖ്യം വഴി ഇത് തടഞ്ഞാല്‍തന്നെ ഭരണം പിടിക്കാനാകുമെന്നും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് ഘടകം കണക്കുകൂട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.