മുഖ്യമന്ത്രിയാകാന്‍ സി.പി.എമ്മിന് 25 മുതല്‍ 95 വയസ്സ് വരെയുള്ള മിടുക്കരുണ്ട് –പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിയാകാന്‍ സി.പി.എമ്മില്‍ 25 മുതല്‍ 95 വയസ്സ് വരെയുള്ള മിടുമിടുക്കരുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.  മുഖ്യമന്ത്രി ആരെന്ന കാര്യം ആലോചിക്കേണ്ട ഘട്ടത്തില്‍ ആലോചിക്കും. 70കാരനാകുമോ 90കാരനാകുമോ മുഖ്യമന്ത്രിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള പഠന കോണ്‍ഗ്രസിനോടനുബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായിരുന്നു വേദി.
സമൂഹത്തെ ഭിന്നിപ്പിക്കാനും വേര്‍തിരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. മതനിരപേക്ഷതയിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂ. ആര്‍.എസ്.എസുമായി ചേര്‍ന്ന് വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങളെ അത് എസ്.എന്‍.ഡി.പിക്കെതിരാകുമോ എന്ന് കരുതി പലരും എതിര്‍ത്തില്ല. എന്നാല്‍, തങ്ങള്‍ ശക്തമായ നിലപാട് കൈക്കൊള്ളുകയും സമൂഹം അത് അംഗീകരിക്കുകയും ചെയ്തു. 
ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കുന്ന തെറ്റായ നടപടി പാടില്ല. അങ്ങനെ വന്നാല്‍ മറ്റുള്ളവര്‍ പരാതി ഉന്നയിക്കും. ന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കുന്നത് ന്യൂനപക്ഷ പ്രീണനമല്ല. അതിന്‍െറ പേരില്‍ മുതലെടുപ്പിനും കഴിയില്ല. ഭൂരിപക്ഷത്തിനും ചില പ്രശ്നങ്ങളുണ്ട്. അതും ശരിയായി കൈകാര്യം ചെയ്യണം. അതിന് മതനിരപേക്ഷ നിലപാടാണ് വേണ്ടത്. വോട്ടിനു വേണ്ടിയാകരുത് നിലപാട്. 
വികസനവിരുദ്ധരെന്ന ആരോപണം സി.പി.എമ്മിനുമേല്‍ ചിലര്‍ ചാര്‍ത്തിനല്‍കിയതാണ്. വികസനവിരുദ്ധ നിലപാട് തങ്ങളുടെ കൂട്ടത്തില്‍ ഒരാളും സ്വീകരിച്ചിട്ടില്ല. അതിന്‍െറ പേരില്‍ ഒരു പദ്ധതിയും നടപ്പാകാതിരുന്നിട്ടില്ല. തൊഴില്‍ നഷ്ടമായ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. അത് വികസനത്തോടുള്ള എതിര്‍പ്പല്ല. ഇപ്പോള്‍ പ്രഖ്യാപനങ്ങളല്ലാതെ എന്ത് പദ്ധതിയാണുള്ളത്. 
സംസ്ഥാനത്തെ വികസനവിരുദ്ധരായ ചിലര്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നുണ്ട്. അവര്‍ സാമൂഹികവിരുദ്ധരാണ്. അവരുമായി ചര്‍ച്ചനടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം.
ഇടത് മുന്നണി ഭരണത്തിലത്തെിയാല്‍ അദാനിയുമായുള്ള വിഴിഞ്ഞം കരാര്‍ റദ്ദാക്കുമോയെന്ന ചോദ്യത്തിന്, അത് അനാവശ്യ കാലതാമസമുണ്ടാക്കുമെന്നായിരുന്നു മറുപടി. ഒപ്പിട്ട കരാര്‍ റദ്ദാക്കിയാല്‍ നിയമതടസ്സമുണ്ടാകും. അവസാനം കോടതി കരാര്‍ ശരിവെക്കുകയും ചെയ്യും. വിഴിഞ്ഞം പദ്ധതിയെയല്ല, അത് കൈമാറിയ രീതിയെയാണ് എതിര്‍ത്തത്. സ്വകാര്യ മുതലാളിക്ക് ലാഭമുണ്ടാക്കാനാകുംവിധമായിരുന്നില്ല എല്‍.ഡി.എഫ് പദ്ധതി വിഭാവനം ചെയ്തത്. 
ശമ്പള കമീഷന്‍ റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കവെ, ഉദ്യോഗസ്ഥതലത്തില്‍ സമൂല പരിഷ്കാരം വേണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വിസ് മേഖല അവരുടെ പങ്ക് കൃത്യമായി നിര്‍വഹിക്കുന്നില്ളെന്ന വിമര്‍ശം ശരിയാണ്. ജീവനക്കാരെ നിയന്ത്രിക്കുന്നവര്‍ക്കാണ് അതിന്‍െറ ഉത്തരവാദിത്തം. സംഘടനകളെ നിലക്കുനിര്‍ത്താന്‍ ഭരണക്കാര്‍ക്കായില്ല. ശമ്പളം കാലത്തിനനുസരിച്ച് വര്‍ധിക്കണം. ഒരു വിഭാഗത്തെ ശത്രുതയില്‍ നിര്‍ത്തിയല്ല കാര്യങ്ങള്‍ ചെയ്യേണ്ടത്. 
വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ എതിര്‍പ്പ് വരും. അത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. 96ല്‍ തുടങ്ങിയ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായില്ല. എതിര്‍ക്കുന്നവരെ വിളിച്ച് ചര്‍ച്ചചെയ്തില്ല. ദേശീയപാത വികസനത്തിന്‍െറ സ്ഥലമെടുപ്പിലും ഇതാണ് സംഭവിച്ചത്. ആണവനിലയം കേരളത്തില്‍ പ്രായോഗികമല്ളെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.