മണ്ഡലത്തെ ഒന്നായി കണ്ടില്ലെന്ന പരിഭവം ബാക്കി

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍െറ മുഖമുദ്രയായ തൂവെള്ള ഖദറിന്‍െറ കുപ്പായം തയ്പിച്ച് കോട്ടയം വടവാതൂരില്‍നിന്ന് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിലത്തെിയ കരുവേലിത്തറ ചാക്കോ ജോസഫിന് പിന്നീടൊരു തിരിച്ചുപോക്ക് വേണ്ടിവന്നില്ല. തുടര്‍ച്ചയായി ഏഴുതവണ ഇരിക്കൂറില്‍നിന്ന് ജനവിധി തേടിയ കെ.സി, വമ്പന്മാരും അല്ലാത്തവരുമായ എതിരാളികളെയെല്ലാം മലര്‍ത്തിയടിച്ചാണ് ഇരിക്കൂറിനെ കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും ഉരുക്കുകോട്ടയാക്കിയത്. ആറാമങ്കം മുതല്‍ സ്വന്തം തട്ടകത്തില്‍നിന്നടക്കം കനത്ത വെല്ലുവിളിയുയര്‍ന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മന$സാക്ഷി സൂക്ഷിപ്പുകാരില്‍ പ്രമുഖനായ കെ.സി 2011ല്‍ വീണ്ടും മത്സരത്തിനിറങ്ങുകയും ജില്ലയില്‍ യു.ഡി.എഫിന്‍െറ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. അങ്ങനെ ഈ നിയമബിരുദധാരി ആദ്യമായി മന്ത്രിയുമായി. 2016ല്‍ എട്ടാമങ്കത്തിനിറങ്ങാന്‍ കോപ്പുകൂട്ടുകയാണ് അദ്ദേഹം.

കുടിയേറ്റ കര്‍ഷകരും ന്യൂനപക്ഷ വിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുനിരത്തിയാണ് കെ.സി വീണ്ടുമൊരങ്കത്തിന് കോപ്പുകൂട്ടുന്നതെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്നാണ് ചോദ്യം. ഉള്ളതുപറഞ്ഞാല്‍ മന്ത്രിയായശേഷം അദ്ദേഹം 345 കോടിയോളം രൂപയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. ഗ്രാമീണ റോഡ് വികസനത്തിന് ഹില്‍ ഏരിയ വികസന ഏജന്‍സിയിലൂടെ 32.27 കോടിയും പൊതുമരാമത്ത് വകുപ്പ് വഴി വന്‍കിട പ്രവൃത്തികള്‍ക്ക് 179.62 കോടിയും ദുരിതാശ്വാസ പദ്ധതി പ്രകാരം ഗ്രാമീണ റോഡുകള്‍ക്ക് 5.9 കോടിയും കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്‍െറ ഫണ്ട് ഉപയോഗിച്ച് 37 കോടിയും പദ്ധതിയിതര ഫണ്ട് വഴി  9.45 കോടിയും എം.എല്‍.എ ഫണ്ട്, പട്ടികജാതി, വര്‍ഗ ഫണ്ട് തുടങ്ങിയവയിലൂടെ 77 കോടിയും മണ്ഡലത്തില്‍ അനുവദിച്ചു. ശ്രീകണ്ഠപുരം തുമ്പേനിയില്‍ 40 കോടി ചെലവില്‍ നിര്‍മിക്കുന്ന മലയോര ഡെയറി പ്ളാന്‍റ് അവസാനഘട്ടത്തിലാണ്. സ്വന്തം വകുപ്പിനെക്കാള്‍ പൊതുമരാമത്ത് വകുപ്പിന്‍െറ പദ്ധതികളാണ് കെ.സി. ജോസഫ് മണ്ഡലത്തില്‍ കൊണ്ടുവന്നതെങ്കിലും ഇക്കാലമൊന്നും കിട്ടാതിരുന്ന വികസനം ലഭ്യമായതിന്‍െറ ആഹ്ളാദം ജനങ്ങള്‍ക്കുണ്ട്.

അതേസമയം, മണ്ഡലത്തിന്‍െറ മുക്കിലും മൂലയിലും ഓടിയത്തെുന്ന ജോസഫിന് ഫുള്‍മാര്‍ക്കാണെന്ന് കരുതേണ്ടതില്ല. അദ്ദേഹം മുന്‍കൈയെടുത്ത് തുടങ്ങിയ പല പദ്ധതികളും പാതിവഴിയിലാണെന്നാണ് പ്രധാന ആരോപണം. ഉദാഹരണം, നിടിയേങ്ങ കക്കണ്ണംപാറയില്‍ 1.75 കോടി ചെലവില്‍ സ്ഥാപിച്ച കലാഗ്രാമംതന്നെ. സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും ചേര്‍ന്നൊരുക്കിയ കലാഗ്രാമത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും മറ്റു പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. സമീപത്ത് ഫൈന്‍ ആര്‍ട്സ് കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.

ശ്രീകണ്ഠപുരം ചെമ്പന്‍തൊട്ടിയില്‍ ബിഷപ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ പേരില്‍ മ്യൂസിയം നിര്‍മാണം തുടങ്ങിയിട്ടുണ്ടെങ്കിലും വിവാദം ഒപ്പംതന്നെയുണ്ട്. കുടിയേറ്റ ചരിത്രം ജനകീയമാണെന്നിരിക്കെ ഒരു വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്താനാണിതെന്നാണ് ആക്ഷേപം. ഇരിക്കൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിലടക്കം രാഷ്ട്രീയ തരംതിരിവ് കാട്ടിയെന്നും പരാതിയുണ്ട്. കുടിവെള്ള പദ്ധതി, സ്കൂള്‍ കെട്ടിട നിര്‍മാണം തുടങ്ങിയവയിലെല്ലാം പരാതികളുണ്ട്. 34 വര്‍ഷം ഇരിക്കൂറിന്‍െറ ജനപ്രതിനിധിയായിട്ടും പ്രത്യേകിച്ച് എന്തുനേട്ടമാണ് മണ്ഡലത്തിലുണ്ടായതെന്ന് ചോദിക്കുന്നവര്‍ ഏറെ.

കണ്ണൂരിന്‍െറ സ്വന്തം മന്ത്രിയെന്ന ഖ്യാതിയും വികസന പ്രവര്‍ത്തനങ്ങളുടെ പട്ടികയും ജോസഫിന് എടുത്തുകാട്ടാനുണ്ടെങ്കിലും പാളയത്തിലെ പട ഇരിക്കൂറില്‍ ഇക്കുറി ശക്തമാകുമെന്നുറപ്പാണ്. കണ്ണൂര്‍ ജില്ലക്കാരായ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ ഇരിക്കൂറില്‍ കണ്ണുംനട്ടിരിക്കുമ്പോള്‍ ഈ മണ്ഡലം ഒരാള്‍ക്ക് തീറെഴുതിനല്‍കണമോ എന്ന് ചോദിക്കുന്നവരുണ്ട്.

വീണ്ടും മത്സരിച്ചാല്‍ നിഷ്പ്രയാസം വിജയിച്ചുകയറാമെന്ന ആത്മവിശ്വാസം ഏത് മണ്ണിനെയും പൊന്നാക്കാമെന്ന കുടിയേറ്റ കര്‍ഷകന്‍െറ മനസ്സുള്ള  ഈ 70കാരനുണ്ട്. അതിനുള്ള തുറുപ്പുശീട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി. പഞ്ചായത്തായിരുന്നപ്പോള്‍ എല്‍.ഡി.എഫ് കോട്ടയായിരുന്ന ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയായപ്പോള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. ഇതിനുപുറമെ ഇരിക്കൂറും ആലക്കോടും ഉള്‍പ്പെടെ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പമാണ്. ചെങ്ങളായിയും പടിയൂരും മാത്രമേ ഇടതിനൊപ്പമുള്ളൂ. അതുതന്നെയാണ് ജോസഫിന്‍െറ ബലവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.