നേര്‍ക്കുനേര്‍ പോരാടിയാല്‍ പ്രമുഖ ദ്രാവിഡ കക്ഷികള്‍ക്ക് ഇഞ്ചോടിഞ്ച് ജയം

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ഒഴിവാക്കി അണ്ണാ ഡി.എം.കെയും ഡി.എം.കെയും ഒറ്റക്ക് മത്സരിക്കാന്‍  തീരുമാനിച്ചാല്‍ ഫലം അവര്‍ക്ക് അനുകൂലമാകുമെന്ന് പ്രീപോള്‍ സര്‍വേ. ഭരിക്കാനുള്ള ഭൂരിപക്ഷം ഇരുവര്‍ക്കും ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍  ലഭിക്കുമെന്ന് പ്രമുഖ വാര്‍ത്താ ചാനലായ പുതിയ തലൈമുറൈ ടെലിവിഷന്‍ ചാനലും എ.പി.ടിയും സംയുക്തമായി നടത്തിയ സര്‍വേ പറയുന്നു. ഇടതുപക്ഷത്തിന്‍െറയും  ബി.ജെ.പിയുടെയും  മൂന്നാം ബദല്‍ നീക്കങ്ങള്‍ക്ക് ദ്രാവിഡ രാഷ്ട്രീയത്തില്‍ സാധ്യതയില്ല. അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ജയലളിതയെ തന്നെയാണ് മുഖ്യമന്ത്രി പദവിയിലേക്ക് ഭൂരിപക്ഷവും പിന്തുണക്കുന്നത്.

അണ്ണാ ഡി.എം.കെയും ഡി.എം.കെയും ഒറ്റക്ക് മത്സരിക്കണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. ഇരുവരും നേര്‍ക്കുനേര്‍ മത്സരിച്ചാല്‍ ആകെ 234 സീറ്റില്‍  അണ്ണാ ഡി.എം.കെ 119 സീറ്റും ഡി.എം.കെ 115 സീറ്റും നേടും. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ 11 പാര്‍ട്ടികള്‍ അടങ്ങിയ സഖ്യവുമായാണ് അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 150 സീറ്റുമായി ഒറ്റക്ക് വന്‍ ഭൂരിപക്ഷം നേടിയതോടെ ഇവര്‍ മറ്റു പാര്‍ട്ടികളെ അവഗണിച്ച് സഖ്യം നിഷ്ക്രിയമാക്കി. ഇതോടെ മറ്റുള്ളവരെല്ലാം പ്രതിപക്ഷ കസേരയിലാണ് ഇരുപ്പുറപ്പിച്ചത്. സി.പി.എമ്മും സി.പി.ഐയും ഈ സഖ്യത്തിലുണ്ടായിരുന്നു. ഡി.എം.കെ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എട്ടു പാര്‍ട്ടികളുണ്ടായിരുന്നു. 31 സീറ്റില്‍  മാത്രം വിജയിച്ചു. 23ഉം നേടിയത് ഡി.എം.കെയാണ്.

അണ്ണാ ഡി.എം.കെക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2011ല്‍ ഡി.എം.കെ നേരിട്ടപോലെ ഭരണവിരുദ്ധ വികാരം അണ്ണാ ഡി.എം.കെയെ അലട്ടുന്നില്ല. അടുത്ത മുഖ്യമന്ത്രിയായി വരാന്‍ കൂടുതല്‍ സാധ്യത ജയലളിതക്കാണ്. 32.63 ശതമാനം പേരാണ് ജയലളിതയെ പിന്തുണച്ചത്. അതേസമയം, കരുണാനിധിയെ കടത്തി വെട്ടി മകന്‍ എം.കെ. സ്റ്റാലിന്‍ മുന്നിലത്തെി. 15.21ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രി പദവിയിലേക്ക് കരുണാനിധിയെ പിന്തുണച്ചത്. 18.88 ശതമാനം സ്റ്റാലിനെ   പിന്തുണച്ചു.

വിജയകാന്ത് 6. 54, അന്‍പുമണി രാംദാസ് 4.30, വൈകോ 4.04, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരം 1.28 ശതമാനം വീതമാണ് പിന്തുണ. മുതിര്‍ന്ന നേതാക്കളെ ഒഴിച്ചുനിര്‍ത്തിയാല്‍ ‘വിശ്വസിക്കാവുന്ന’ നേതാക്കളുടെ കൂട്ടത്തില്‍ സ്റ്റാലിനാണ് മുന്നില്‍ , 27 ശതമാനം. വിജയകാന്തിന് ഒമ്പതു ശതമാനവും പാട്ടാളി മക്കള്‍ കക്ഷി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ അന്‍പുമണി രാമദാസിന് അഞ്ചു ശതമാനവും പിന്തുണ കിട്ടി.

പാര്‍ട്ടികള്‍ക്ക് കിട്ടുന്ന വോട്ടിങ് ശതമാനം: എ.ഐ.എ.ഡി.എം.കെ- 33, ഡി.എം.കെ 32, ഡി.എം.ഡി.കെ- 5.21, ബി.ജെ.പി- 2, കോണ്‍ഗ്രസ്- 2.09, ഇടതു പാര്‍ട്ടികള്‍- .89.  വോട്ടിങ് ശതമാനത്തില്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് ഇടിവ് സംഭവിക്കുമെന്നാണ് സൂചന. കഴിഞ്ഞ പ്രാവശ്യം അണ്ണാ ഡി.എം.കെക്ക് 51.93, ഡി.എം.കെക്ക് 39.53 ശതമാനം വീതമാണ് വോട്ട് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.