വിജയസാധ്യതയുള്ളവരെ രംഗത്തിറക്കണമെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ളവരെ രംഗത്തിറക്കിയില്ളെങ്കില്‍ ഭരണത്തുടര്‍ച്ച ഉണ്ടാവില്ളെന്ന് കോണ്‍ഗ്രസ് ഭാരവാഹി യോഗത്തില്‍ പൊതുവികാരം. വിജയസാധ്യതയായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യ മാനദണ്ഡമെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഘടകകക്ഷികളുടെ അമിത ആവശ്യങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുതെന്ന് ചില നേതാക്കള്‍ നിര്‍ദേശിച്ചു. ഘടകകക്ഷികളും കോണ്‍ഗ്രസും സ്ഥിരമായി മത്സരിച്ച് തോല്‍ക്കുന്ന സീറ്റുകള്‍ പരസ്പരം വെച്ചുമാറി മത്സരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉണ്ടായി.  തുടര്‍ച്ചയായി മത്സരിക്കുന്നവരെ ഇത്തവണ മാറ്റിനിര്‍ത്തണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചില മണ്ഡലങ്ങളുടെ വിജയത്തിന് അനിവാര്യമായവരെ തുടര്‍ച്ചയായി മത്സരിക്കുന്നു എന്ന പേരില്‍ മാറ്റിനിര്‍ത്തരുതെന്ന് ടി.എന്‍. പ്രതാപന്‍ നിര്‍ദേശിച്ചു.

മുഖ്യമന്ത്രി ആരാകണം എന്നതാകരുത് ഇപ്പോഴുള്ള ചര്‍ച്ചയെന്നും ആദ്യം ഭരണം നേടുകയാണ് വേണ്ടതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.  രാപകല്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സമാനമായ സ്ഥിതിയാണ് തന്‍േറതെന്ന് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു പറഞ്ഞത് യോഗത്തില്‍ ചിരിപടര്‍ത്തി. തനിക്ക് പക്വതയില്ളെന്നാണ് 10 വര്‍ഷം മുമ്പ് പറഞ്ഞത്. ഇപ്പോള്‍ പ്രായം കൂടിയെന്നാണ് പറയുന്നത്.
വി.എം. സുധീരന്‍ മത്സരിക്കണമെന്ന് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തമായ മാനദണ്ഡം വേണമെന്ന് എന്‍. സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി. അവരുമായുള്ള നല്ല ബന്ധവും മുന്നണിയിലെ കെട്ടറുപ്പുംമൂലമാണ് ഭരണം സുഗമമായി മുന്നോട്ടുപോകാന്‍ സാധിച്ചത്. മന്ത്രിസഭയില്‍ പലപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഭിന്നത എന്ന പേരില്‍ അത് പുറത്തുവന്നിട്ടില്ല. ഇത് മുന്നണിയിലെ ഐക്യത്തിന്‍െറ തെളിവാണ്. ഘടകകക്ഷികളിലെ ചെറിയ നേതാവ് പറയുന്നതിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസില്‍നിന്ന് ആരെങ്കിലും ശ്രമിച്ചാല്‍ അത് വലിയ വാര്‍ത്തയാവും. സീറ്റ് വിഭജനകാര്യത്തില്‍  എല്ലാവരുമായും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കെ.പി.സി.സി പ്രസിഡന്‍റ് നയിച്ച ജനരക്ഷായാത്ര വന്‍ വിജയമായിരുന്നെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സിയുടെ നിര്‍വാഹകസമിതി യോഗം വ്യാഴാഴ്ച വൈകീട്ട് നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.