വാരിക്കോരി കൊടുത്തിട്ടും പാലാക്കാര്‍ക്ക് പരാതി ബാക്കി

‘പാലാക്ക് പുറത്തൊരു ലോകമുണ്ടെന്ന് തന്നെ ആരും പഠിപ്പിക്കേണ്ട, താന്‍ കുറെ ലോകം കണ്ടിട്ടുണ്ട്. പക്ഷേ, പാലായാണ് എന്‍െറ ഏറ്റവും വലിയ ലോകം’ -ബാര്‍ കോഴയുടെ കളങ്കം പുരണ്ട് മന്ത്രിസ്ഥാനമൊഴിഞ്ഞ് പട്ടം മുതല്‍ പാലാവരെ നീണ്ട സ്വീകരണത്തിനൊടുവില്‍ കുരിശുപള്ളിക്കരികെ ആര്‍ത്തലക്കുന്ന പ്രവര്‍ത്തകരെ സാക്ഷിയാക്കി കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശങ്ങള്‍ക്ക് കെ.എം. മാണി മറുപടി നല്‍കിയതിങ്ങനെയായിരുന്നു. വാഴ്ചയിലും വീഴ്ചയിലും കരിങ്ങോഴയ്ക്കല്‍ മാണി മാണിയെന്ന രാഷ്ട്രീയ കേരളത്തിലെ അതികായന് പാലാ കഴിഞ്ഞേ ലോകമുള്ളൂ.

മന്ത്രിമാളികകളുടെ വിശാലതയില്‍ കഴിയുന്ന കാലങ്ങളിലും തിരക്കുകള്‍ക്കിടയില്‍നിന്ന് സഹധര്‍മിണി കൂട്ടിയമ്മക്കൊപ്പം കൃത്യമായി അദ്ദേഹം പാലായിലത്തെും. ആദ്യം കുരിശുപള്ളിയില്‍. പിന്നീട് കല്യാണവീടുകളും മരണവീടുകളും. ഈ നിഷ്ഠക്ക് മുടക്കം അപൂര്‍വം. പാലായുടെ ബാനറില്‍ 12 തവണ നിയമസഭയിലത്തെിയ അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ, മന്ത്രി, കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി അങ്ങനെ നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഈ നേട്ടങ്ങള്‍ക്കൊപ്പം മണ്ഡലത്തെ ചേര്‍ത്തുനിര്‍ത്തുന്ന മാണിയന്‍ ടച്ചും അദ്ദേഹത്തിന് സ്വന്തം.

ധനവകുപ്പ് ഏറ്റവും കൂടുതല്‍ കാലം കൈകാര്യംചെയ്തിട്ടുള്ള കെ.എം. മാണി പാലാക്കുള്ളത് പാലാക്കും കേരളത്തിനുള്ളത് കേരളത്തിനും എന്ന നിലപാട് മാത്രമേ ഇതുവരെ സ്വീകരിച്ചിട്ടുള്ളൂവെന്ന് ആണയിടുമെങ്കിലും പാലായിലത്തെുന്നവര്‍ ഈ ഫോര്‍മുലയില്‍ സംശയം പ്രകടിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല്ള. പാലായുടെ ഇടവഴികള്‍ പോലും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ മീനച്ചിലാറ്റില്‍ വള്ളപ്പാടുകള്‍ മാത്രം ദൂരത്തില്‍ നിരവധി തടയണകളും തീര്‍ത്തു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരവധി പദ്ധതികള്‍ക്ക് ധനവകുപ്പ് ചുവപ്പു കൊടി കാട്ടിയപ്പോഴും പാലായുടെ കാര്യം വരുമ്പോള്‍ നിറം പച്ചയായി. നിര്‍ലോഭം പണം ഒഴുകിയതിനനുസരിച്ച് പദ്ധതികളും ഉയര്‍ന്നു. മകന്‍ ജോസ് കെ. മാണി എം.പിക്ക് ധനവകുപ്പ് പരിപൂര്‍ണ പിന്തുണ നല്‍കിയതോടെ കേന്ദ്ര ബാനറിലും വിവിധ പദ്ധതികള്‍ പാലായെ തേടിയത്തെി. വേണ്ടവര്‍ക്ക് വിശ്വസിക്കാം, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 3000 കോടിയുടെ വികസന പദ്ധതികളുടെ കണക്കാണ് മാണി മുന്നോട്ടുവെക്കുന്നത്.

പാലാ പാരലല്‍ റോഡ്, റിങ് റോഡ് എന്നിങ്ങനെ ശതകോടികള്‍ ചെലവിട്ട് നഗരത്തിനെ ബന്ധപ്പെടുത്തി വലിയൊരു റോഡ് ശൃംഖലക്ക് അദ്ദേഹം തുടക്കമിട്ടു. പാരലല്‍ റോഡിന്‍െറ മൂന്നാം ഘട്ടമായി പുലിയന്നുരിലേക്ക് നീട്ടുന്ന ജോലികള്‍ 27 കോടി ചെലവഴിച്ച് നടന്നുവരുന്നു. 31.60 കോടിയുടെ കടപ്പാട്ടൂര്‍ -12ാം മൈല്‍ റിങ് റോഡിന്‍െറ നിര്‍മാണവും നടക്കുന്നു. രണ്ടു കോടി ചെലവില്‍ അരുണാപുരം പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, 39.52 കോടിയുടെ പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, 10 കോടി നീക്കിവെച്ചിരുന്ന രാമപുരം ഗവ. ആശുപത്രിക്ക് ബഹുനില മന്ദിരവും ആധുനിക ചികിത്സാ സൗകര്യങ്ങളും, 11 കോടി ചെലവഴിച്ചുള്ള അരുണാപുരത്ത് മിനി ഡാമും പാലവും, റിവര്‍ വ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടാന്‍ 47.5 കോടി, മീനച്ചിലാറിനു കുറുകെ മൂന്നു പാലങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അതിവേഗം പുരോഗമിക്കുകയാണ്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാനും മാണി കൈയയച്ച് സഹായം നല്‍കി. പാലാക്കാരുടെ മാണിസാറിന് പേരുദോഷം സമ്മാനിച്ച പാലാഴി ടയര്‍ ഫാക്ടറിക്കായി വാങ്ങിയ വലമ്പൂരിലെ ഭൂമിയില്‍ കേന്ദ്ര സഹായത്തോടെ ഐ.ഐ.ഐ.ടി എത്തിക്കാന്‍ മകനൊപ്പം നന്നായി വിയര്‍പ്പൊഴുക്കി.

കഴിഞ്ഞ തവണ സ്വന്തം കോട്ടയിലെ ഭൂരിപക്ഷം 5000ത്തിലേക്ക് കുറഞ്ഞതോടെ നിര്‍മാണങ്ങളുടെ പെരുമഴയാണ് പിന്നെ കണ്ടത്. ആരാധനാലയങ്ങളെ ബന്ധപ്പെടുത്തി റോഡ് അടക്കം പദ്ധതികള്‍ക്ക് തുടക്കമിട്ടു. എം.എല്‍.എ പദത്തിലേക്ക് ‘താഴ്ന്ന’തോടെ വികസനപ്രവര്‍ത്തനങ്ങളിലായി മുഖ്യശ്രദ്ധ. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പലതും അരംഭിച്ചതെന്ന ആക്ഷേപത്തിലും കാര്യമില്ലാതില്ല്ള. പാലായിലെ വികസനം ഉപരിപ്ളവമായി മാറുന്നുവെന്ന വലിയ പരാതിയുമുണ്ട്. വലിയ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും മാത്രമാണ് വികസനമെങ്കില്‍ എത്ര മാര്‍ക്കുവേണമെങ്കിലും നല്‍കാം. എന്നാല്‍, സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനോ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ല. ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രാമപുരം ഗവ. ആശുപത്രിയില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ അടക്കമുള്ളവ സജ്ജീകരിക്കാന്‍ ഇപ്പോള്‍ മാത്രമാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ലക്ഷംവീട് കോളനികളിലടക്കം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. പദ്ധതികള്‍ ഉണ്ടെങ്കിലും നഗരസഭയിലെ കവിക്കുന്ന്, കാനാട്ടുപാറ അടക്കം വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നു. ഇതിനെല്ലാം ഉപരിയായി അവസരമുണ്ടായിട്ടും റബറിന്‍െറ വിലയിടിവില്‍ കാര്യമായ ഇടപെടല്‍ നടത്താനായില്ളെന്ന വിമര്‍ശവും അദ്ദേഹം നേരിടുന്നുണ്ട്. എങ്കിലും വി.ഐ.പി മണ്ഡലങ്ങളിലെ പതിവു പരിദേവനം പാലായില്‍ ഉയരാറില്ല. കാണണമെന്ന് ആഗ്രഹിക്കുമ്പോള്‍ പേരു വിളിച്ച് മാണി സാര്‍ അവരുടെ കണ്‍മുന്നിലത്തെും; അമ്പത്തൊന്നാമാണ്ടിലും ഇതിന് മാറ്റമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.