കൊടുത്തും നേടിയും മലമ്പുഴയുടെ വി.എസ്

വികസനപ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്ഘാടകനും സ്ഥലം എം.എല്‍.എ അധ്യക്ഷനുമാവുന്നതാണ് മുറ. കേന്ദ്ര സഹായമുള്‍പ്പെടെ 21 കോടി രൂപയുടെ അടങ്കലുള്ള മലമ്പുഴ ഉദ്യാന നവീകരണത്തിന്‍െറ ആദ്യഘട്ടം ഉദ്ഘാടനം അടുത്തയിടെ നടന്നപ്പോഴും ഈ രീതിയില്‍തന്നെയായിരുന്നു ജലസേചനവകുപ്പ് അധികൃതര്‍ ക്രമീകരിച്ചത്. അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. ഉദ്ഘാടകന്‍ വകുപ്പ് മന്ത്രി പി.ജെ. ജോസഫ്. ഉദ്യാനത്തോടുചേര്‍ന്ന് സ്ഥാപിച്ച ശിലയിലും ഇതുതന്നെ.

ചടങ്ങില്‍ സ്വാഗതവും റിപ്പോര്‍ട്ട് അവതരണവും കഴിഞ്ഞപ്പോള്‍ പക്ഷേ, എഴുന്നേറ്റത് അധ്യക്ഷന് പകരം മന്ത്രിയാണ്. അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എന്തുകൊണ്ടും അര്‍ഹന്‍ വി.എസ് ആണ്. ഇതിനായി അദ്ദേഹം അത്രയേറെ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. വി.എസ് ഉദ്ഘാടനം ചെയ്യട്ടെ. ഞാന്‍ അധ്യക്ഷനാവാം’ മന്ത്രിയുടെ ഇംഗിതംപോലെതന്നെയായി കാര്യങ്ങള്‍.

വന്ദ്യവയോധികനായ വി.എസ്. അച്യുതാനന്ദന്‍ 2001ല്‍ മലമ്പുഴയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തതുമുതല്‍ പ്രതിപക്ഷനേതാവൊ മുഖ്യമന്ത്രിയൊ ആണ്. പദവി ഏതായാലും രണ്ടു മാസത്തിലൊരിക്കലെങ്കിലും അദ്ദേഹം മണ്ഡലത്തിലത്തെുമെന്നുറപ്പ്. ചിലപ്പോള്‍ ഇത് മാസത്തിലൊന്നുമാവും. കൊച്ചുകൊച്ചു പരിപാടികള്‍ നാടുനീളെ സംഘാടകര്‍ ഏര്‍പ്പെടുത്തും. എല്ലാറ്റിലും വി.എസ് ഉണ്ടാകും. പാര്‍ട്ടിക്കാണ് പ്രധാന മേല്‍നോട്ടം. ഏഴു ഗ്രാമപഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിലെ വിവാഹങ്ങള്‍ക്കും മറ്റും സന്ദേശങ്ങള്‍ അയക്കുകയേയുള്ളൂ. മരണവീടുകളില്‍ മിക്കവാറും അദ്ദേഹത്തിന്‍െറ പ്രതിനിധികളാണത്തെുക. വി.എസിന്‍െറ ഇടപെടല്‍കൊണ്ടുമാത്രം മണ്ഡലത്തില്‍ തുടങ്ങിയ അസംഖ്യം നവപദ്ധതികളുണ്ട്.

ഇടതുപക്ഷത്തിന് എക്കാലവും വിശ്വസിക്കാവുന്ന ഈ മണ്ഡലം 1965ല്‍ രൂപവത്കരിച്ചതുമുതല്‍ ഇടതുചേരിയെ മാത്രമേ വരിച്ചിട്ടുള്ളൂ. 1980ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായത് ഇവിടെനിന്ന് വിജയിച്ചിട്ടാണ്. 1977ല്‍ പി.വി. കുഞ്ഞിക്കണ്ണനും 82ല്‍ വീണ്ടും നായനാരും ജയിച്ചു. കുഞ്ഞിരാമന്‍ മാസ്റ്റര്‍ രണ്ടുതവണയും ശിവദാസമേനോന്‍ തുടര്‍ച്ചയായി മൂന്നു തവണയും വിജയിച്ച ഇവിടെ വി.എസും മൂന്നാമൂഴം പൂര്‍ത്തിയാക്കി. മണ്ഡലം നല്‍കിയ വലിയ ഭൂരിപക്ഷം 2011ല്‍ വി.എസിനായിരുന്നു-23,440. മണ്ഡലത്തിന്‍െറ വികസനകാര്യത്തില്‍ മുന്നണികള്‍ക്ക് വിരുദ്ധ അഭിപ്രായം സ്വാഭാവികം.

ഒന്നും ചെയ്തില്ളെന്ന് യു.ഡി.എഫും എല്ലായിടത്തും വികസനമെന്ന് ഇടതുമുന്നണിയും ഒരേമട്ടില്‍ അവകാശപ്പെടുമ്പോള്‍ ഇതിനിടയിലാണ് വസ്തുതയെന്ന് കല്ലടിക്കോടന്‍ താഴ്വരയിലെ മുണ്ടൂര്‍ മുതല്‍ തമിഴക ചേര്‍ച്ചയില്‍ കഴിയുന്ന വാളയാര്‍വരെയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവിച്ചറിയാം.
വി.എസ് ഏറെ താല്‍പര്യമെടുത്ത് യാഥാര്‍ഥ്യമാക്കിയതാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ (സീമെറ്റ്) ഉടമസ്ഥതയിലുള്ള മലമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിസരത്തെ നഴ്സിങ് കോളജ്. മുഖ്യമന്ത്രി എന്നനിലയില്‍ വി.എസിന്‍െറ ഫലപ്രദമായ ഇടപെടലുണ്ടായിരുന്നില്ളെങ്കില്‍ 2009 സെപ്റ്റംബര്‍ 29ന് ഈ ബി.എസ്.സി നഴ്സിങ് കോളജ് ഉദ്ഘാടനം ചെയ്യപ്പെടില്ലായിരുന്നുവെന്നുറപ്പ്.

കല്ളേപ്പുള്ളിയിലെ ഐ.എച്ച്.ആര്‍.ഡി കോളജിനെയും ഈ ഗണത്തില്‍പെടുത്താം. മലമ്പുഴ ഉദ്യാനനവീകരണം തൊട്ടറിയാവുന്ന മറ്റൊരു നേട്ടമാണ്. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സാര്‍വത്രികമായി ചെയ്യുന്ന റോഡ് നവീകരണങ്ങളും കുടിവെള്ളപദ്ധതികളും അല്ലാതെയുള്ള നേട്ടങ്ങളാണിവ. എലപ്പുള്ളി പഞ്ചായത്തിലെ പാറവഴി ഗോപാലപുരത്തേക്കുള്ള റോഡിന്‍െറ ചിരകാല ശോച്യാവസ്ഥ മാറ്റി ഒന്നാന്തരമാക്കിയതിന് പിന്നിലും വി.എസാണ്. നാലു കോടി രൂപ ചെലവില്‍ പാറയില്‍നിന്ന് തേനാരിവഴി കമ്പിളിചുങ്കത്തേക്കുള്ള റോഡ് പ്രവൃത്തിയും പൂര്‍ത്തിയായി. മുണ്ടൂരിലെ നായമ്പാടം, കൊടുമ്പിലെ കാരക്കാട് തുടങ്ങിയവ ഓരോ കോടി ചെലവഴിച്ച് സമ്പൂര്‍ണവികസനം നടപ്പാക്കിയ പട്ടികജാതി കോളനികളാണ്.

മണ്ഡലത്തിലെമ്പാടും റോഡ്, കുടിവെള്ളപദ്ധതികള്‍ തരാതരംപോലെ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. ഇനിയും ജീവന്‍വെച്ചിട്ടില്ലാത്ത റെയില്‍വേ കോച്ച് ഫാക്ടറിക്കുവേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി അക്വയര്‍ ചെയ്ത് റെയില്‍വേക്ക് സമര്‍പ്പിച്ചത് വി.എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കേന്ദ്ര പദ്ധതിയാണെങ്കിലും ഐ.ഐ.ടി, ബെമല്‍ തുടങ്ങിയവയും ഈ മണ്ഡലത്തില്‍തന്നെ. ഊര്‍ധ്വന്‍ വലിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്‍േറഷന്‍ സംസ്ഥാന സര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമത്തിന് മേല്‍നോട്ടം വഹിക്കുന്നത് വി.എസ് ആണ്.

വി.എസിനെപോലൊരാള്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും യാഥാര്‍ഥ്യമാവുന്നതായിരുന്നു മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ ആര്‍ട്സ് കോളജ് എന്ന സ്വപ്നം. അതുപക്ഷേ, ഉണ്ടായില്ല. ഭൂമിയാണ് പ്രശ്നമായത്. കിന്‍ഫ്രക്ക് സ്ഥലമുണ്ടെങ്കിലും അത് വ്യവസായികാവശ്യങ്ങള്‍ക്കുമാത്രമേ, ഉപയുക്തമാകൂ. ചിറ്റൂര്‍ ഷുഗേഴ്സിന്‍െറ 120 ഏക്കറില്‍നിന്ന് ഭൂമി ലഭ്യമാക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കേള്‍ക്കുന്ന വ്യാപകമായ പരാതി കുടിവെള്ളമില്ലായ്മയെ പറ്റിയാണ്.

പാലക്കാട് നഗരത്തിന്‍െറയും സമീപ പഞ്ചായത്തുകളുടെയും കുടിവെള്ളസ്രോതസ്സായ മലമ്പുഴ അണക്കെട്ടുണ്ടായിട്ടും അസംഖ്യം കുടിവെള്ളപദ്ധതികള്‍ ആരംഭിച്ചിട്ടും ജലക്ഷാമം അനുഭവപ്പെടുന്ന ഇടങ്ങള്‍ ഇപ്പോഴും മണ്ഡലത്തില്‍ നിലനില്‍ക്കുന്നത് പദ്ധതികളുടെ കാര്യക്ഷമത ഇല്ലായ്മകൊണ്ടുതന്നെ. കൊയ്യാമരക്കാട് പദ്ധതിപോലുള്ളവ ഇതിനുദാഹരണം. അകത്തത്തേറയിലെ റെയില്‍വേ മേല്‍പ്പാല പ്രശ്നമോ കൃഷിയിടങ്ങളിലെ നിലക്കാത്ത വന്യമൃഗശല്യമോ ഇനിയും പരിഹരിക്കാനായിട്ടില്ല. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോട് ഇ.എസ്.ഐ ആശുപത്രി ഇല്ളെന്നതോ പോകട്ടെ, ചടയന്‍കാലായിലെ ഡിസ്പെന്‍സറിയിലാണെങ്കില്‍ സ്ഥിരം ഡോക്ടര്‍പോലുമില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അധികാരത്തില്‍വന്നത് ഇടതുപക്ഷമാണ്. മലമ്പുഴക്ക് ഒരു ‘എം.എല്‍.എ’ ഉണ്ടായത് അപൂര്‍വമായി മാത്രമായത് ഭാഗ്യമെന്നും നിര്‍ഭാഗ്യമെന്നും ഒരുപോലെ വാദിക്കാം. മുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാക്കളും ഇവിടെനിന്നുണ്ടായിട്ടുണ്ട്. മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. അതിന്‍െറ നേട്ടങ്ങള്‍ തൊട്ടെണ്ണാവുന്നതുമാണ്. പക്ഷേ, സാധാരണക്കാര്‍ക്കെപ്പോഴും പ്രാപ്യനായ ഒരു എം.എല്‍.എ മറ്റ് വി.ഐ.പി മണ്ഡലങ്ങളെപ്പോലെ മലമ്പുഴക്കും മിക്കപ്പോഴും അന്യമായിരുന്നുവെന്ന് ചരിത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.