കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമം(യു.എ.പി.എ) ചുമത്തി ജയിലലടച്ച സംഭവം പാര്‍ട്ടി രാഷ്ട്രീയ പ്രചാരണമാക്കുന്നു. ആര്‍.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമായി ജയരാജനെ കള്ളക്കേസില്‍ കുടുക്കിയെന്ന സന്ദേശമുയര്‍ത്തിയാണ് പ്രചാരണ പരിപാടികള്‍. വിഷയം നിയമസഭാ തെരഞ്ഞെടുപ്പുവരെ സജീവമായി നിലനിര്‍ത്താനും പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ പിന്തുണ തേടാനും തീരുമാനിച്ചിട്ടുണ്ട്.
ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രകടനങ്ങളും പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും ഇതിനകം നടന്നു. വരുംദിനങ്ങളില്‍ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരുടെ പ്രാതിനിധ്യത്തോടെ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രധാന നഗരങ്ങളിലും സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ഇടതു സഹയാത്രികരായ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിക്കും.
ജയരാജന്‍ ആര്‍.എസ്.എസ് ഗൂഢപദ്ധതിയുടെ ഇരയാണെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററുകള്‍ ജില്ലയിലുടനീളം പതിക്കുന്നുണ്ട്. ആര്‍.എസ്.എസ് ആക്രമണത്തില്‍ ജയരാജന്‍ വെട്ടേറ്റുവീണതിന്‍െറ ചിത്രമുള്ള പോസ്റ്ററുകള്‍ കൂടുതലായും പതിച്ചത് തലശ്ശേരി, കൂത്തുപറമ്പ്, കിണവക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്. കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്‍റ് അമിത് ഷാക്ക് അയച്ച കത്ത് പുറത്തുവന്നതും സി.പി.എം ഉപയോഗപ്പെടുത്തും.
അതേസമയം, ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത് എങ്ങനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അവ്യക്തത തുടരുകയാണ്. യു.എ.പി.എ കരിനിയമമാണെന്ന് വാദിക്കുമ്പോഴും നേരത്തെ പാര്‍ട്ടി അതിനെ അനുകൂലിച്ചത് എതിരാളികള്‍ ചൂണ്ടിക്കാട്ടിയേക്കും. പ്രവാചകനിന്ദയെ തുടര്‍ന്ന് കോളജ് അധ്യാപകന്‍െറ കൈവെട്ടിയ കേസില്‍ സംസ്ഥാനത്ത് ആദ്യമായി യു.എ.പി.എ ചുമത്തിയത് ഇടതുഭരണകാലത്തായിരുന്നു. എന്നാല്‍, രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഈ നിയമം ചുമത്തുന്ന ആദ്യകേസാണ് മനോജ് വധമെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനാണ് സി.പി.എം നീക്കം. ജയരാജനെ മറ്റൊരു മഅ്ദനിയാക്കാന്‍ ശ്രമം നടക്കുകയാണെന്ന് സി.പി.എം നേതൃത്വം കഴിഞ്ഞ ദിവസം ആരോപിച്ചെങ്കിലും മഅ്ദനിയോട് പാര്‍ട്ടി എത്രത്തോളം പ്രതിബദ്ധത പുലര്‍ത്തിയിട്ടുണ്ടെന്ന ചോദ്യവും ഉയര്‍ന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.