തൃശൂര്‍: കുമ്മനം രാജശേഖരന്‍ പ്രസിഡന്‍റായതോടെ ബി.ജെ.പിയില്‍ മുന്‍കാലനേതാക്കളുടെ തിരിച്ചുവരവിന് കളമൊരുങ്ങിയിരിക്കെ, ഇതിന് തടയിടാന്‍ മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍ വിഭാഗത്തിന്‍െറ നീക്കം. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായെന്ന നേതൃത്വത്തിന്‍െറ അവകാശവാദവും പൊളിയുകയാണ്. വിമോചനയാത്രക്ക് പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാനായില്ളെന്നും വിമര്‍ശമുണ്ട്. യാത്ര  അവസാനിക്കുമ്പോള്‍ സംസ്ഥാന ബി.ജെ.പി ഘടകത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

മുന്‍ പ്രസിഡന്‍റുമാരായ പി.പി മുകുന്ദന്‍, കെ. രാമന്‍പിള്ള, തൃശൂര്‍ ജില്ലാ പ്രസിഡന്‍റായിരുന്ന ശ്രീശന്‍ അടിയാട്ട് തുടങ്ങിയ നേതാക്കളുടെ തിരിച്ചു വരവാണ് പാര്‍ട്ടി നേതൃത്വത്തില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വിത്തിട്ടത്. കുമ്മനം പ്രസിഡന്‍റായത് ആര്‍.എസ്.എസ് താല്‍പര്യപ്രകാരമാണ്. പുറത്തു നില്‍ക്കുന്ന നേതാക്കള്‍ ആര്‍.എസ്.എസിന് പ്രിയപ്പെട്ടവരും. ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് പുതിയ ചേരി രൂപപ്പെടാന്‍ കാരണമാകുമെന്ന് കണ്ടാണ് കൂടെ നില്‍ക്കുന്നവരെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ മുരളീധരനും കൂട്ടരും ശ്രമിക്കുന്നത്.

വടക്കന്‍ കേരളത്തിലെ ജാഥാ പര്യടനം അവലോകനം ചെയ്യാന്‍ കുമ്മനത്തിന്‍െറ സാന്നിധ്യത്തില്‍ തൃശൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് മുരളീധരന്‍ അടക്കമുള്ളവരെ ഒഴിവാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരെ പ്രശ്നങ്ങളുണ്ടാകില്ളെന്നാണ് കരുതുന്നതെങ്കിലും മുകുന്ദന്‍ അടക്കമുള്ളവര്‍ തിരിച്ചത്തെുന്നതോടെ പാര്‍ട്ടിയില്‍ തങ്ങള്‍ അപ്രസക്തമാവുമെന്ന ആശങ്കയിലാണ് മുരളീധരന്‍ പക്ഷം.

മുകുന്ദന് ജന്മഭൂമിയുടെ ചുമതല നല്‍കാനുള്ള കുമ്മനത്തിന്‍െറ നീക്കത്തെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍. ഉമാകാന്തനെ ജന്മഭൂമിയുടെയും ജനം ടി.വിയുടെയും ചുമതലക്കാരനാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുരളീധരന്‍ പക്ഷം പ്രതിരോധിക്കുന്നത്. സംസ്ഥാനത്തെ പുന$സംഘടനയില്‍ കുറച്ച് കാലമായി ഉണ്ടായിരുന്ന മേല്‍ക്കൈ മുരളീധര വിഭാഗത്തിന് നഷ്ടമായി. വി.വി. രാജേഷ്, കെ. സുരേന്ദ്രന്‍, പി. സുധീര്‍ എന്നിവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ളെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഈ മാസം 10ന് പാറശാലയില്‍ നടക്കുന്ന വിമോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ മുകുന്ദന്‍ പങ്കെടുക്കുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് മുകുന്ദനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് പ്രചരിപ്പിക്കുന്ന പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിന് കീഴ്ഘടകങ്ങളെ സജ്ജമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.