മേല്‍നോട്ടം അമിത്ഷാ ഏറ്റെടുത്തത് കുമ്മനത്തെ നിയന്ത്രിക്കാനും അസംതൃപ്തരെ തൃപ്തിപ്പെടുത്താനും

തൃശൂര്‍: ബി.ജെ.പി കേരളഘടകത്തിന്‍െറ മേല്‍നോട്ടം ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഏറ്റെടുത്തത് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെ നിയന്ത്രിക്കാനും പാര്‍ട്ടിയിലെ അസംതൃപ്തരെ തൃപ്തിപ്പെടുത്താനും. ആര്‍.എസ്.എസിന് കീഴ്പ്പെട്ടാണ് സംസ്ഥാന പ്രസിഡന്‍റ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി, മോര്‍ച്ച പുന$സംഘടനയില്‍ പ്രവര്‍ത്തകരെ അവഗണിച്ച് ആര്‍.എസ്.എസ്, സംഘ്പരിവാര്‍ നിര്‍ദേശങ്ങള്‍ക്ക് പ്രധാന്യം നല്‍കുകയാണ് കുമ്മനം ചെയ്തതെന്നും ഒരു വിഭാഗം നേതാക്കള്‍ക്ക് പരാതിയുണ്ട്. അക്കാര്യം മുന്‍ സംസ്ഥാന പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ കേന്ദ്രനേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പ്രശ്നം ദോഷംചെയ്യുമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് മേല്‍നോട്ടം വഹിക്കാമെന്നും എന്ത് പരാതിയുണ്ടെങ്കിലും നേരിട്ട് അറിയിക്കാമെന്നുമുള്ള നിര്‍ദേശം കഴിഞ്ഞദിവസം ചേര്‍ന്ന നേതാക്കളുടെ യോഗത്തില്‍ അമിത്ഷാ മുന്നോട്ടുവെച്ചത്. എല്ലാ മാസവും സംസ്ഥാന കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന് മിനിറ്റ്സ് അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ച് യാതൊരു കൂടിയാലോചനയും നടത്താതെയാണ് സംസ്ഥാന പ്രസിഡന്‍റ് പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ക്ക് പരാതിയുണ്ട്. അധികാരം പ്രസിഡന്‍റില്‍ മാത്രം കേന്ദ്രീകരിക്കുന്നുവെന്ന പരാതിയും ഉന്നയിച്ചു. ആ സാഹചര്യത്തില്‍ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ സാമുദായിക, സാമൂഹിക സാഹചര്യമാണ് കേരളത്തിലേതെന്ന് നേതാക്കള്‍ കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി. ന്യൂനപക്ഷ വിശ്വാസം കൂടി ആര്‍ജിച്ചാലേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകൂ. സംഘ്പരിവാറിന് കീഴടങ്ങി നീങ്ങുന്നത് ഗുണം ചെയ്യില്ല. ആ സാഹചര്യം കൂടി പരിഗണിച്ചുള്ള പ്രവര്‍ത്തനം നടത്താമെന്ന് അമിത്ഷാ സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം ഇപ്പോഴേ ആരംഭിക്കാനും തീരുമാനിച്ചു. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഓരോ നേതാക്കള്‍ക്ക് മുഴുസമയ ചുമതല നല്‍കും. കേരളത്തില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിനാലാണ് ബി.ജെ.പി ദേശീയ നേതൃയോഗം കേരളത്തില്‍ നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.