കാബിനറ്റ് പദവിയില്‍ തീരുമാനം; വി.എസിന്‍െറ സംഘടനാ പദവിയില്‍ മൗനം

തിരുവനന്തപുരം: കാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമീഷന്‍ അധ്യക്ഷനായി നിയമിതനായെങ്കിലും സി.പി.എം സംസ്ഥാന ഘടകത്തിലെ പദവിക്കായുള്ള വി.എസ്. അച്യുതാനന്ദന്‍െറ ആവശ്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് മൗനം. മുഖ്യമന്ത്രിപദം നല്‍കാതെ മാറ്റിനിര്‍ത്തിയതുമുതല്‍ വി.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കുറിപ്പ് പരസ്യമായത്, നിയമനനീക്കം പ്രതിപക്ഷം ആയുധമാക്കിയത്, ഹൈകോടതിയില്‍ ഹരജിയായി എത്തിയതുവരെയുള്ള സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പുതിയ സ്ഥാനലബ്ധി.
സര്‍ക്കാറിന് അലോസരമുണ്ടാക്കാത്ത നിലയിലാണ് നിയമനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിനാണ് വി.എസ് കേന്ദ്രനേതൃത്വത്തിനു മുന്നില്‍ വാദിച്ചത്. കാബിനറ്റ് പദവിക്കുനേരെ ഒരു ഘട്ടത്തില്‍ വിമുഖത കാട്ടി. വി.എസിനെ അവഗണിക്കുന്നെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടാകരുതെന്നതായിരുന്നു പി.ബി നിലപാട്. സ്ഥാനം നല്‍കുന്നതിനോട് സര്‍ക്കാറിനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനും താല്‍പര്യമില്ലായിരുന്നു. കാലതാമസം പാടില്ളെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്‍െറ കടുംപിടിത്തം. ഇരട്ടപ്പദവിയിലെ നിയമക്കുരുക്ക് സര്‍ക്കാര്‍ ഒഴിവാക്കി. എന്നാല്‍, ഹൈകോടതിയിലെ ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുംമുമ്പ് നിയമന ഉത്തരവ് ഇറക്കിയതില്‍ വി.എസിനോട് അടുപ്പമുള്ളവര്‍ക്ക് ആശങ്കയുണ്ട്. മൂന്നാഴ്ചത്തെ സമയമാണ് സര്‍ക്കാര്‍ ചോദിച്ചത്. പദവി ഏറ്റെടുത്ത ശേഷം കോടതിയുടെ എതിര്‍പരാമര്‍ശം ഉണ്ടായാല്‍ വലിയ തിരിച്ചടിയാവും. അതിനാല്‍ വി.എസിന്‍െറ നിലപാടാവും നിര്‍ണായകം.
മൂന്ന് ഭരണപരിഷ്കരണ കമീഷനുകളെയാണ് എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ നിയമിച്ചിട്ടുള്ളത്. നാലാമത് കമീഷനെ നിയമിച്ചതിന്‍െറ സാംഗത്യം ചോദ്യംചെയ്യപ്പെടുകയാണ്. വി.എസിനെപ്പോലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന നേതാവിനെക്കുറിച്ചുള്ള ആശങ്ക ചില നേതാക്കള്‍ക്കുണ്ട്. ത്രിപുരയില്‍ ദശരഥ് ദേബിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ നൃപന്‍ ചക്രബര്‍ത്തിയെ അനുനയിപ്പിക്കാന്‍ പി.ബി നടപ്പാക്കിയതിന് സമാനമായ സൂത്രവാക്യമാണ് സംസ്ഥാനത്തും അരങ്ങേറുന്നത്. ഇടഞ്ഞ നൃപന്‍ ചക്രബര്‍ത്തിയെ അന്ന് പി.ബി ഇടപെട്ട് കാബിനറ്റ് പദവിയോടെ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനാക്കി. എന്നാല്‍, ഭരണകാര്യങ്ങളില്‍ നൃപന്‍ ഇടപെട്ടതോടെ പി.ബിക്ക് കര്‍ശന നടപടി സ്വീകരിക്കേണ്ടിവന്നു. നൃപന്‍െറ രാഷ്ട്രീയ പതനത്തിലാണ് അത് കലാശിച്ചത്.
സംസ്ഥാന ഘടകത്തില്‍ ഉചിതപദവി നല്‍കുന്നത് സംബന്ധിച്ച ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന ഉറപ്പാണ് കേന്ദ്ര നേതൃത്വം വി.എസിന് നല്‍കിയിട്ടുള്ളത്. പി.ബി കമീഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നത് ഇതിന്‍െറ ഭാഗമായാണ്. പക്ഷേ പ്രായാധിക്യമുള്ള വി.എസിനെ സെക്രട്ടേറിയറ്റില്‍ എടുക്കാനാവില്ളെന്ന നിലപാടാണ് നേതൃത്വത്തിന്. പാലോളി മുഹമ്മദ് കുട്ടി, എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെല്ലാം ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ ക്ഷണിതാക്കള്‍ മാത്രമാണ്.
 ഒരാള്‍ക്ക് മാത്രം ഇളവ് അനുവദിക്കാനാവില്ളെന്നാണ് നേതൃത്വത്തിന്‍െറ വാദം. ഭരണത്തിലും പാര്‍ട്ടിയിലും പ്രതിസന്ധി ഉണ്ടാവരുതെന്നാഗ്രഹിക്കുന്ന കേന്ദ്രനേതൃത്വത്തിന്‍െറ മുന്നിലുള്ള അടുത്ത കടമ്പ ഇത് പരിഹരിക്കലാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.