ഇടത്തോട്ടു ചാഞ്ഞ് വീണ്ടും  കാന്തപുരം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ചായ്വിന്‍െറ വ്യക്തമായ സൂചന നല്‍കി വീണ്ടും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. വഖഫ് ബോര്‍ഡിലെ പ്രശ്നങ്ങള്‍ പലതവണ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ളെന്ന് പറഞ്ഞ കാന്തപുരം, മണ്ണാര്‍ക്കാട്ടെ സുന്നി പ്രവര്‍ത്തകരുടെ കൊലയാളികളെ സഹായിച്ച എം.എല്‍.എയെ തോല്‍പിക്കാനും ആഹ്വാനം ചെയ്തു. മര്‍കസ് പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി സമ്മേളനത്തിലാണ് കാന്തപുരം നയം വ്യക്തമാക്കിയത്. ‘തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ന്യായവും യുക്തിയും നോക്കിയാണ് വോട്ട് ചെയ്യുക. അതോടൊപ്പം സംഘടനക്ക് ഗുണം ചെയ്യുന്നവര്‍ക്കും വാഗ്ദാനം ചെയ്യുന്നവര്‍ക്കും വോട്ട് ചെയ്യുന്നതാണ് രീതി. രണ്ടോ മൂന്നോ വ്യക്തികള്‍ ചേര്‍ന്ന് വഖഫ് ബോര്‍ഡ് കുത്തയാക്കി വെച്ചിരിക്കയാണ്. ബോര്‍ഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നേതാക്കളാരും ചെവിക്കൊണ്ടില്ല. അതിനാലാണ് വഖഫ് ബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തേണ്ടിവന്നത്. 

മണ്ണാര്‍ക്കാട്ട് രണ്ട് സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പിറ്റേന്ന് തന്നെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മണ്ണാര്‍ക്കാട് എം.എല്‍.എയാണ് ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. തെരഞ്ഞെടുപ്പില്‍ അയാളെ ജയിപ്പിക്കരുത്. സംഘടനയുടെ തീരുമാനമാണത്’ -കാന്തപുരം വ്യക്തമാക്കി.യു.ഡി.എഫ് സര്‍ക്കാറിനെതിരായ പ്രതിഷേധം സൂചിപ്പിച്ചാണ് കാന്തപുരം പ്രസംഗം തുടങ്ങിയത്. മര്‍കസിനു കീഴില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റി തകര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ചില ഉറുമ്പുകള്‍ കടിച്ചതിനാല്‍’ ആണ് നോളജ് സിറ്റി നിര്‍മാണം വൈകിയത്. വന്യജീവികള്‍ വിഹരിക്കുന്നയിടമായാണ് നോളജ് സിറ്റി പ്രദേശത്തെക്കുറിച്ച് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തെങ്കിലും ലീഗ് എം.എല്‍.എ കൂടിയായ എന്‍. ഷംസുദ്ദീന്‍െറ പേര് കാന്തപുരം പരാമര്‍ശിച്ചില്ല. മണ്ണാര്‍ക്കാട്ട് മരിച്ചവര്‍ക്കായി പ്രാര്‍ഥനയും യോഗത്തിലുണ്ടായി. കാരന്തൂര്‍ മര്‍കസിലേക്ക് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ഉള്‍പ്പടെ ഒട്ടേറെ പേര്‍ വോട്ടുതേടി എത്തുന്ന വേളയിലാണ് കാന്തപുരം ഇടത് ചായവ് പ്രകടമാക്കിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.