പിണക്കം മാറി; ജോണി നെല്ലൂര്‍ വീണ്ടും യു.ഡി.എഫില്‍

പാലാ: പാര്‍ട്ടിയുമായും മുന്നണിയുമായും പിണങ്ങിപ്പിരിഞ്ഞ ജോണി നെല്ലൂര്‍ വീണ്ടും യു.ഡി.എഫില്‍. അങ്കമാലി സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ സ്ഥാനവും യു.ഡി.എഫിലെ പദവികളും രാജിവെച്ചതായി ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചത്. യു.ഡി.എഫ് ചതിച്ചെന്നാരോചിച്ച അദ്ദേഹം മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള  കക്ഷികള്‍ ജോണി നെല്ലൂരിനെ  മടക്കിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യോഗം ജോണി നെല്ലൂരിനെ മടങ്ങിക്കൊണ്ടുവരണമെന്ന് തീരുമാനിക്കുകയും രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ തുടര്‍ച്ചയായി ചൊവ്വാഴ്ച വൈകുന്നേരം കെ.എം. മാണിയുടെ  പാലായിലെ വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നപരിഹാരമുണ്ടായത്.
രാജന്‍ ബാബു രാജിവെച്ചതു മൂലം ഒഴിവുള്ള യു.ഡി.എഫ് സെക്രട്ടറി സ്ഥാനം ജോണി നെല്ലൂരിന് നല്‍കാന്‍ യോഗത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത യു.ഡി.എഫ് യോഗത്തില്‍ എടുക്കും. ഇതോടൊപ്പം രാജിവെച്ച ജേക്കബ് ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ സ്ഥാനവും ഒൗഷധിയുടെ ചെയര്‍മാന്‍ സ്ഥാനവും വീണ്ടും ഏറ്റെടുക്കും.

  ജോണി നെല്ലൂരിനുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതായി യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീറ്റ് വിഭജനത്തില്‍ ജേക്കബ് ഗ്രൂപ്പിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ജോണി നെല്ലൂരിന് യു.ഡി.എഫ് സെക്രട്ടറി പദം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. യു.ഡി.എഫ് യോഗത്തില്‍ ആലോചിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനായി പ്രവര്‍ത്തിക്കുമെന്നും ജേക്കബ് ഗ്രൂപ് ചെയര്‍മാനായി തുടരുമെന്നും ജോണി നെല്ലൂരും പറഞ്ഞു. താന്‍ ആര്‍ക്കും രാജിക്കത്ത് ഇതുവരെ നല്‍കിയിട്ടില്ല. സീറ്റ് പങ്കിടുന്നതു സംബന്ധിച്ച് പാര്‍ട്ടിക്കുണ്ടായ പരിഭവങ്ങള്‍ യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കി.

മുഖ്യമന്ത്രി തന്നെ ഇക്കാര്യം ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ എല്ലാവരുമായും സഹകരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും ജോണി പറഞ്ഞു. വൈകീട്ട് അഞ്ചരയോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.എം. മാണിയുടെ പാലായിലെ വസതിയിലത്തെിയത്.  മന്ത്രി അനൂപ് ജേക്കബും പങ്കെടുത്ത ചര്‍ച്ച  10 മിനിറ്റുകൊണ്ട് പൂര്‍ത്തിയായി. തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചശേഷമാണ് ജോണി നെല്ലൂര്‍ മടങ്ങിയത്. മുഖ്യമന്ത്രിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.