നിലപാട് കടുപ്പിച്ച് മാണി ഗ്രൂപ്

കോട്ടയം: ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇടതു മുന്നണി നാലു സീറ്റ് നല്‍കുകയും കോണ്‍ഗ്രസിലെ സീറ്റ് വിഭജനം തര്‍ക്കം മൂലം അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ രണ്ടു സീറ്റ് അധികം വേണമെന്ന നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. രണ്ടു സീറ്റ് അധികമെന്ന ആവശ്യത്തില്‍നിന്ന് പിന്നാക്കം പോകില്ളെന്ന് കെ.എം. മാണി തുറന്നടിച്ചു. കഴിഞ്ഞ തവണ 15 സീറ്റ് കിട്ടിയിട്ടും ഒമ്പതിടത്തായിരുന്നു ജയം. ഇപ്പോള്‍ നല്‍കിയ പല സീറ്റിലും വിജയസാധ്യത തീരെ ഇല്ളെന്നും നേതാക്കള്‍ പറയുന്നു. മലബാറിലെ സീറ്റുകളിലൊന്നും പ്രതീക്ഷയില്ളെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ജയസാധ്യതയുള്ള പുനലൂര്‍, റാന്നി സീറ്റുകള്‍  ലഭിക്കണമെന്നാണ് ആവശ്യം.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍െറ വരവിലും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിലും മാണി വിഭാഗം  ആശങ്കയിലാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ നാലു സീറ്റും മാണി ഗ്രൂപ്പിന്‍െറ സീറ്റുകളാണെന്നിരിക്കെ  മത്സരം കടുക്കുമെന്ന് മാത്രമല്ല ചിലയിടത്ത് പരാജയഭീതിയും പാര്‍ട്ടിക്കുണ്ട്. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് സ്വതന്ത്രനായി മത്സരിക്കുന്നതും ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതും പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. ഇതിനിടെയാണ് പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശം ഉന്നയിക്കുന്നത്. പൂഞ്ഞാര്‍ നല്‍കുന്നില്ളെങ്കില്‍ പാലായടക്കം പല മണ്ഡലങ്ങളിലും തിരിച്ചടി നല്‍കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയും മാണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പൂഞ്ഞാറില്‍ മാണി വിട്ടുവീഴ്ചക്ക് തയാറായിരുന്നു. പുതിയ  സാഹചര്യത്തില്‍  ഇക്കാര്യം ചര്‍ച്ചാവിഷയം പോലുമല്ളെന്നും നേതാക്കള്‍ പറയുന്നു.

അതിനിടെ, ഇടതു മുന്നണിക്ക് പരസ്യപിന്തുണയുമായി രംഗത്തുവന്ന കാഞ്ഞിരപ്പള്ളി, താമരശേരി, ഇടുക്കി രൂപതകളുടെ കൂട്ടായ്മയായ കര്‍ഷക ഐക്യവേദിക്ക് സീറ്റ് നല്‍കാത്തതിനെതിരെ  പ്രതിഷേധമുയരുന്നത് രാഷ്ട്രീയമായി മുതലാക്കാന്‍ യു.ഡി.എഫും പ്രത്യേകിച്ച് കേരള കോണ്‍ഗ്രസും നീക്കം ശക്തമാക്കി. പൂഞ്ഞാറിലും കുട്ടനാട്ടിലും സഭാ പിന്തുണയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതും മാണി വിഭാഗത്തിന്‍െറ പരിഗണനയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.