മുഖ്യമന്ത്രിയുടെ ആര്‍.എസ്.എസ് മൃദുസമീപനവും ഇറാഖ് അധിനിവേശവും വിഷയമാക്കി സി.പി.എം

തിരുവനന്തപുരം: സംഘ്പരിവാറിനോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനം വിഷയമാക്കി തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാനഘട്ടത്തിലേക്ക് സി.പി.എം കടക്കുന്നു. കാല്‍നൂറ്റാണ്ടുമുമ്പ് തങ്ങളെ രാഷ്ട്രീയമായി തുണച്ച ഇറാഖ് അധിനിവേശത്തെ വീണ്ടും തെരഞ്ഞെടുപ്പ് ആയുധമാക്കാനും അവര്‍ ലക്ഷ്യമിടുന്നു.
മാട്ടിറച്ചി കഴിച്ചതിന്‍െറ പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെനടന്ന ദാദ്രി ഉള്‍പ്പെടെയുള്ള കൊലപാതകം, ദലിതര്‍ക്കെതിരായ അക്രമങ്ങള്‍, ഗോമാംസനിരോധം, ധാഭോല്‍കര്‍ മുതല്‍ കല്‍ബുര്‍ഗി വരെ നീളുന്ന കൊലപാതകം തുടങ്ങിയവ ഉയര്‍ത്തിയാവും സി.പി.എം പ്രചാരണം. യു.ഡി.എഫ് പ്രചാരണത്തിന്‍െറ കടിഞ്ഞാണ്‍പിടിക്കുന്ന മുഖ്യമന്ത്രിയെ ലക്ഷ്യംവെക്കുന്നതിലൂടെ മുന്നണിയെ പ്രതിരോധത്തിലാഴ്ത്താനാകുമെന്നാണ്  സി.പി.എം കണക്കുകൂട്ടല്‍. ആര്‍.എസ്.എസ് വര്‍ഗീയതക്കെതിരായ ഇടതുപ്രതിരോധത്തിന്‍െറ പ്രതീകമായി സി.പി.എം കാണുന്ന പിണറായി വിജയനത്തെന്നെയാണ് ഇതിന്‍െറ ചുക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതും.
ഗോമാംസനിരോധം സംബന്ധിച്ച ദിഗ്വിജയ്സിങ്ങിന്‍െറ പ്രസ്താവന കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം അടക്കംചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ കടന്നാക്രമണം. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ഹിന്ദുത്വഅക്രമങ്ങളില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ആര്‍.എസ്.എസിനെ പിന്താങ്ങുന്നതിന് തുല്യമാണെന്ന ആക്ഷേപത്തിന് മറുപടിനല്‍കാന്‍  യു.ഡി.എഫും കോണ്‍ഗ്രസും നിര്‍ബന്ധിതമാവും.
ദേശീയതലത്തില്‍ ഹിന്ദുത്വ ആക്രമണം ശക്തിപ്പെടുകയും അതിനെതിരെ പ്രതിരോധകൂട്ടായ്മകള്‍ രൂപംകൊള്ളുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്ക് മൃദുസമീപനമാണെന്ന ആക്ഷേപം  കോണ്‍ഗ്രസിനെ  പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിന്.  മതേതരത്വത്തിന് എതിരായ വെല്ലുവിളി തദ്ദേശതെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയമായി മാറുമ്പോള്‍ ദലിത്, മതന്യൂനപക്ഷങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും ഈ വിഷയം നിര്‍ണായകമാണെന്നും അവര്‍ കരുതുന്നു.
ഇതിനൊപ്പമാണ് എല്ലാത്തരം വര്‍ഗീയതയെയും എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും ഹിന്ദുത്വ ഫാഷിസമാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതെന്ന നിലപാട് സി.പി.എം മുന്നോട്ടുവെക്കുന്നത്. ഇതും സ്വാധീനിക്കപ്പെടാവുന്ന ഘടകമാണെന്നും വിലയിരുത്തപ്പെടുന്നു. പിണറായിക്ക് ലീഗിനോട്  മൃദുസമീപനമെന്ന് മുദ്രകുത്താനുള്ള സി.പി.ഐയുടെ അടക്കം നീക്കം ഫലവത്തായില്ളെന്നുമാത്രമല്ല, ലീഗിനെ സി.പി.എം മോഹിക്കുന്നില്ളെന്ന് വ്യക്തമാക്കിയതോടെ ആരോപണത്തിന്‍െറ പുകയടങ്ങിയെന്നും നേതൃത്വം കരുതുന്നു.  ഇറാഖ്അധിനിവേശം തെറ്റായിപ്പോയെന്ന ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയുടെ കുമ്പസാരവും പ്രചാരണരംഗത്തേക്ക് സി.പി.എം കൊണ്ടുവരുകയാണ്. പിണറായി തന്നെ ഇത് ഇന്നലെ ഉന്നയിച്ചുകഴിഞ്ഞു. 1991ലെ ഇറാഖ്അധിനിവേശത്തിനെതിരായ ദേശീയപ്രചാരണം ആദ്യ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളെ സ്വാധീനിച്ചത് തുണയായത് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അന്ന് അതിന് നേതൃത്വം നല്‍കിയത് ഇ.എം.എസായിരുന്നു. അന്ന് ഇടതുപക്ഷം എടുത്ത നിലപാടാണ് 24 വര്‍ഷത്തിനുശേഷം ടോണി ബ്ളെയര്‍ പറയുന്നതെന്ന പിണറായിയുടെ വാക്കുകള്‍, വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രചാരണത്തിന്‍െറ സൂചനയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.