വികസന അജണ്ടക്കാരെ കരുതിയിരിക്കുക; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കുടിയിറക്കപ്പെട്ടവര്‍

കൊച്ചി: വികസനം പ്രധാന അജണ്ടയാകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വേദനയും പ്രധാനവിഷയമാകും. വാഗ്ദാന ലംഘനത്തിന്‍െറ അനുഭവകഥകളുമായി ‘കരുതിയിരിക്കണം’ എന്ന മുന്നറിയിപ്പുമായി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് വികസനത്തിന്‍െറ പേരില്‍ പെരുവഴിയിലാക്കപ്പെട്ടവരുടെ കൂട്ടായ്മയുടെ തീരുമാനം. ഇത് മുന്നണികള്‍ക്ക് തലവേദനയാകും.

വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണമാണ് ലക്ഷ്യം. വോട്ടര്‍മാര്‍ക്ക് സന്ദേശമത്തെിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. നോട്ടീസ് അച്ചടിക്കലുള്‍പ്പെടെ തയാറെടുപ്പ് നടക്കുകയാണ്. വികസനത്തിന്‍െറ പേരില്‍ മോഹനവാഗ്ദാനം നല്‍കി കുടിയൊഴിപ്പിച്ച ശേഷം തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയക്കാരെ തുറന്നുകാട്ടാന്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയും പ്രചാരണം നടത്തിയുമാണ് മുന്‍ തെരഞ്ഞെടുപ്പുകളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സംഘടനകള്‍ രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ജനത്തിന്‍െറ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ‘വികസനത്തിന്‍െറ പേരിലുള്ള വഞ്ചനയും തട്ടിപ്പും’ തുറന്നുകാട്ടുന്ന ഫലപ്രദമായ പ്രചാരണത്തെക്കുറിച്ച് ആലോചിച്ചത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തുടക്കമിട്ടെങ്കിലും സംസ്ഥാനവ്യാപക പ്രചാരണത്തിന് അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കുടിയൊഴിപ്പിച്ചിട്ടും പുനരധിവാസം ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി വാഹനജാഥയാണ് അരുവിക്കരയില്‍ നടന്നത്. വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ കൊച്ചിയിലെ മൂലമ്പിള്ളിയില്‍ രൂപം കൊണ്ട പ്രതിഷേധമാണ് പിന്നീട് വ്യക്തമായ പുനരധിവാസമില്ലാതെയുള്ള വികസനപദ്ധതികള്‍ക്കെതിരെ കേരളം മുഴുവന്‍ അലയടിച്ചത്. കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതിയും രൂപം കൊണ്ടു.

സമിതിയുടെ തലപ്പത്തുള്ള ഡോ. എന്‍.എ. കരീം ഉള്‍പ്പെടെയുള്ളവരുടെ അനുമതിയോടെയാണ് വികസന അജണ്ടക്ക് പിന്നിലെ കാപട്യം തുറന്നുകാട്ടുന്ന പരിപാടികളുമായി രംഗത്തുവരുന്നതെന്ന് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൂലമ്പിള്ളി കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.