മലപ്പുറത്ത് ഗെയില്‍ വാതക പൈപ്പ്ലൈനും പുകയുന്നു

മലപ്പുറം: ‘ഗെയില്‍ വാതക പൈപ്പ്ലൈന്‍ സംസ്ഥാനത്ത് എന്തുവിലകൊടുത്തും യാഥാര്‍ഥ്യമാക്കും. മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമായി മലപ്പുറത്താണ് രൂക്ഷമായ എതിര്‍പ്പുള്ളത്’ -ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറ ഈ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ഗെയില്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറം. പൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലയിലെ 11 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും വിഷയം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് തല്‍ക്കാലം നിര്‍ത്തിവെച്ച പൈപ്പ്ലൈന്‍ തങ്ങള്‍ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്ന വാളാണെന്ന ബോധത്തോടെ തന്നെയാണ് ഇരകള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

‘അധികൃതരുടെ പിന്‍മാറ്റം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. പക്ഷേ, എല്ലാ രാഷ്ട്രീയ കക്ഷികളും സമരത്തെ പിന്തുണക്കുന്നത് ഞങ്ങള്‍ അവിശ്വാസത്തില്‍ എടുക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിയമസഭ വരുന്നുണ്ടല്ളോ’ -ആക്ഷന്‍ഫോറം സെക്രട്ടറി ഉബൈദ് മാസ്റ്ററുടെ വാക്കുകളില്‍ താക്കീതിന്‍െറ സ്വരമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗെയില്‍ വാതക പൈപ്പ്ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഇരകളുടെ മനസ്സില്‍ ഒറ്റ വിഷയമേയുള്ളൂ. അത് പൈപ്പ്ലൈനിനെതിരായ വികാരമാണ്. മലപ്പുറം മുനിസിപ്പാലിറ്റി, മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഭാഗങ്ങള്‍, ഇരിമ്പിളിയം, വളാഞ്ചേരി, എടയൂര്‍, മാറാക്കര, പൊന്മള, കോഡൂര്‍, പൂക്കോട്ടൂര്‍, പുല്‍പറ്റ, കാവനൂര്‍, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്.

ശക്തമായ ജനകീയ സമരങ്ങളാണ് പൈപ്പ്ലൈനിനെതിരെ ഇവിടങ്ങളില്‍ ഉയര്‍ന്നത്. പൊന്മള പഞ്ചായത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമരം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് അധികൃതര്‍ സര്‍വേ നടപടികളില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ ആക്ഷന്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്ത്രീകളും കുട്ടികളും പങ്കെടുത്ത കലക്ടറേറ്റ് മാര്‍ച്ചില്‍ ജില്ലയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അണിനിരന്നിരുന്നെങ്കിലും ഈ പാര്‍ട്ടികളുടെയൊന്നും സംസ്ഥാന നേതൃത്വത്തിന് ഈ അഭിപ്രായമല്ല.

ഉദ്യോഗസ്ഥരെ ഇറക്കി ബലപ്രയോഗത്തിലൂടെയാണെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്നത്. സര്‍ക്കാറിന്‍െറ നിലപാടാണ് ചീഫ് സെക്രട്ടറി പറഞ്ഞതെന്ന് ഇരകളും വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് സമരരംഗത്തുള്ളവരുടെ നീക്കങ്ങള്‍. കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറിയത്. ഇത് മാതൃകയാക്കിയാകും ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കുകയെന്ന് നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ചെറിയ പൈപ്പുകളിലൂടെ ഗ്യാസ് എത്തിക്കുന്ന സിറ്റി പദ്ധതിയും 24 ഇഞ്ച് വ്യാസമുള്ള വലിയ നിരവധി പൈപ്പുകളിലൂടെ കൊണ്ടുപോകുന്ന ഗെയില്‍ പദ്ധതിയും തമ്മില്‍ താരതമ്യം നടത്തുന്നത് തന്നെ തങ്ങളെ വഞ്ചിക്കാനാണെന്നാണ് ഇരകള്‍ പറയുന്നത്. കേന്ദ്രത്തിന്‍െറ പദ്ധതിയാണെന്നത് ബി.ജെ.പിയെയും നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാറായതിനാല്‍ യു.ഡി.എഫിനെയും ബാധിക്കുന്നതാണ് ഗെയില്‍ പൈപ്പ്ലൈന്‍ പ്രശ്നം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.