ഫൈനലില്‍ ആര് നയിക്കും? മുന്നണികളില്‍ മുറുമുറുപ്പ്

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെമി ഫൈനലാണെങ്കില്‍ സാക്ഷാല്‍ ഫൈനലായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളെ ആരു നയിക്കും? ഒരേ ചോദ്യത്തിന് വ്യത്യസ്തമായ അഭിപ്രായമാണ് സംസ്ഥാനത്തെ പ്രബലമായ രണ്ടു മുന്നണികളിലും ഉയരുന്ന മുറുമുറുപ്പ്.
യു.ഡി.എഫിനെ ഉമ്മന്‍ ചാണ്ടിതന്നെ നയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറയുമ്പോള്‍ മറുവാക്കുമായി രംഗത്ത് വരുന്നത് രമേശ് ചെന്നിത്തല തന്നെയാണ്. കോണ്‍ഗ്രസിനെ ആരുനയിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ളെന്ന് പ്രസ് ക്ളബ് സംഘടിപ്പിച്ച ‘ജനഹിതം’ പരിപാടിയില്‍ രമേശ് ചെന്നിത്തല തറപ്പിച്ചുപറയുന്നു. ഉമ്മന്‍ ചാണ്ടി നയിക്കുമെന്ന വി.എം. സുധീരന്‍െറ പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ചെന്നിത്തലയുടെ മറുപടി. തന്‍െറ അതേ അഭിപ്രായം തന്നെ വി.എം. സുധീരനും വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങളാണ് മുമ്പ് കെ.പി.സി.സി പ്രസിഡന്‍റ് കസേരയില്‍ ഇരുന്ന് പരിചയമുള്ള കെ. മുരളീധരന്‍ എം.എല്‍.എ പറയുന്നത്. പതിവുപോലെ ഹൈകമാന്‍ഡ് ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ പറയുന്നു. എം.എല്‍.എമാര്‍ ചേര്‍ന്നാണ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍, എം.എല്‍.എമാര്‍ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ഹൈകമാന്‍ഡിന്‍െറ നിര്‍ദേശം പ്രധാനഘടകമാണെന്നും മുരളീധരന്‍െറ ന്യായം. ഇടതുപക്ഷത്ത് പ്രചാരണ നായകന്‍െറ കാര്യത്തില്‍ അത്ര ഭദ്രമല്ല കാര്യങ്ങള്‍. 93 വയസ്സിലത്തെിയ വി.എസ് തന്നെ നയിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ ദിവസം മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ നിയമസഭാ കക്ഷി നേതാവായ സി. ദിവാകരന്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍, ദിവാകരന്‍െറ അഭിപ്രായം പാര്‍ട്ടിയുടേതല്ളെന്ന് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് ദിവാകരന്‍ പറഞ്ഞുനടക്കുന്നതെന്നും കാനം പറയുന്നു. അതേസമയം, വി.എസ് ആണ് നയിക്കാന്‍ പറ്റിയ ആളെന്ന അഭിപ്രായമാണ് മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പങ്കുവെക്കുന്നത്. മുന്നണിയുടെ നേതൃസ്ഥാനത്ത് വി.എസ് തന്നെയാണ്. ജനം ഇഷ്ടപ്പെടുന്ന നേതാവും വി.എസ് തന്നെ. വി.എസിന്‍െറ മനസ്സറിഞ്ഞേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നതില്‍ തീരുമാനമെടുക്കാനാകുകയുള്ളൂവെന്നും പന്ന്യന്‍ പറഞ്ഞു.

പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനത്തിന് ആര് നേതൃത്വം നല്‍കുമെന്ന് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ തീരുമാനിക്കുമെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആര് നേതൃത്വം നല്‍കുമെന്ന് അതിനുശേഷം ആലോചിക്കാമെന്നും സി. ദിവാകരന്‍െറ പ്രസ്താവനയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ദിവാകരന്‍ ആദ്യം പറഞ്ഞത് എന്താണെന്നും പിന്നീട് പറഞ്ഞത് എന്താണെന്നും ശനിയാഴ്ച കണ്ടതാണ്. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പല്ല, തദ്ദേശ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ നേതാക്കള്‍ ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണെന്നും കോടിയേരി പറയുന്നു.
എന്തായാലും യു.ഡി.എഫില്‍ നായകനെക്കുറിച്ച് കാര്യമായ തര്‍ക്കങ്ങള്‍ക്ക് സാധ്യത ഇല്ളെന്നാണ് സൂചന. എന്നാല്‍, എല്‍.ഡി.എഫില്‍ വീണ്ടും പടത്തലവനെക്കുറിച്ച ചര്‍ച്ച ഒരിക്കല്‍ക്കൂടി വി.എസില്‍ കേന്ദ്രീകരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.