മേയര്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി സെല്‍ഫ് ഗോളടിച്ചുകൊണ്ടാണ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് മൈതാനിയില്‍ യു.ഡി.എഫ് കളിതുടങ്ങിയത്. മുന്നേറ്റക്കാരും പ്രതിരോധക്കാരുമൊന്നുമില്ലാത്ത അവസ്ഥ. എന്നാല്‍, പ്രചാരണം അവസാന ആഴ്ചയിലേക്ക് കടന്നതോടെ അത്ര ഏകപക്ഷീയമായ മത്സരമല്ല നടക്കുന്നതെന്ന് ഇരുമുന്നണികളും സമ്മതിക്കും. പ്രധാനപ്പെട്ട രണ്ടു മുന്നണികളും മറുപക്ഷത്ത് ചില അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോര്‍പറേഷന്‍ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതും ഇതു തന്നെയാകും. 10 വാര്‍ഡുകളിലെങ്കിലും ജയമോ ജയത്തോടടുത്ത മുന്നേറ്റമോ ഉണ്ടാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
75 വാര്‍ഡുകളില്‍ 41 എണ്ണമാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫിനുണ്ടായിരുന്നത്. യു.ഡി.എഫ് നേടിയതാകട്ടെ 34ഉം. വിജയം ഉറപ്പിച്ചിരുന്ന ചില വാര്‍ഡുകള്‍ കൈവിട്ടപ്പോള്‍ കഴിഞ്ഞതവണ കോര്‍പറേഷന്‍െറ ഭാഗമായി കൂട്ടിച്ചേര്‍ത്ത മൂന്നു പഞ്ചായത്തുകളാണ് എല്‍.ഡി.എഫിന്‍െറ മാനംകാത്തത്. അതുകൊണ്ടുതന്നെ, സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ പേരില്‍ വോട്ടുചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ഇത്തവണ എല്‍.ഡി.എഫ്, വിശേഷിച്ച് സി.പി.എം ജാഗ്രത കാണിച്ചിട്ടുണ്ട്. 50 സീറ്റ് ഉറപ്പാണെന്നും കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഗോവിന്ദപുരം, കൊമ്മേരി, ആഴ്ചവട്ടം, പുതിയറ, ചെലവൂര്‍ മേഖലകളിലെ വാര്‍ഡുകള്‍ തിരിച്ചുപിടിക്കുമെന്നും എല്‍.ഡി.എഫ് കട്ടായം പറയുന്നു. മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ് കോയയെയും മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെയും മുന്നില്‍നിര്‍ത്തിയതിലൂടെ ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിലെ പ്രമുഖര്‍ മത്സരിക്കുന്ന ചില വാര്‍ഡുകളില്‍ അവരുടെ ആഭ്യന്തര കലഹങ്ങളുടെ ആനുകൂല്യവും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്.
അഡ്വ. പി.എം. സുരേഷ് ബാബുവിനെ മുന്നില്‍നിര്‍ത്തിയാണ് യു.ഡി.എഫ് കളത്തിലിറങ്ങിയത്. കഴിഞ്ഞതവണത്തെ വാര്‍ഡുകളെല്ലാം നിലനിര്‍ത്തുന്നതിനൊപ്പം ഏഴു മുതല്‍ 12 വരെ സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് യു.ഡി.എഫിന്‍െറ അവകാശവാദം. തങ്ങള്‍ക്ക് ബാലികേറാമലയായിരുന്ന പല ഇടതുകോട്ടകളിലും ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. പുറമേ ശാന്തമാണെങ്കിലും അകംപുകയുന്ന ചില വാര്‍ഡുകളെങ്കിലുമുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, മനപ്പായസമുണ്ണാന്‍ മാത്രം അടിയൊഴുക്കവിടങ്ങളിലുണ്ടോ എന്ന് കണ്ടറിയണം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കിലാണ് ബി.ജെ.പിയുടെ പ്രതീക്ഷകളത്രയും. ഈ കണക്കനുസരിച്ച് 23 വാര്‍ഡുകളില്‍ 1000ത്തോളം വോട്ട് ലഭിച്ചിട്ടുണ്ട്. അത് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ വലിയ മുന്നേറ്റം തന്നെയായിരിക്കും ബി.ജെ.പിക്കുണ്ടാവുക. എന്നാല്‍, പ്രചാരണ രംഗത്ത് അതിനുതക്ക ആവേശം പ്രതിഫലിക്കുന്നത് നാമമാത്ര വാര്‍ഡുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.