വെള്ളാപ്പള്ളിയുടെ ജാഥയുമായി സഹകരിക്കരുതെന്ന് കോൺഗ്രസ്​ നിർദേശം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ജാഥയുമായി സഹകരിക്കരുതെന്ന് പാർട്ടി അണികൾക്കും നേതാക്കൾക്കും  നിർദേശം നൽകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. തദ്ദേശതെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാൻ കെ.പി.സി.സി ആസ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളാപ്പള്ളി പാർട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസിെൻറ പ്രവർത്തനം കൂടുതൽ ഐക്യത്തോടും ജാഗ്രതയോടും നടത്തണമെന്നും നിർദേശിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പി–എസ്.എൻ.ഡി.പി കൂട്ടുകെട്ട്  യു.ഡി.എഫിന് ദോഷം ചെയ്തതിനെ ഗൗരവമായി കാണണം.

ജില്ലയിൽ ഈഴവവോട്ടിനൊപ്പം പാർട്ടിക്ക്  നായർ വോട്ടും  ചോർന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ബി.ജെ.പിയാണ്  നേട്ടമുണ്ടാക്കിയത്. ലത്തീൻവിഭാഗം പാർട്ടിക്കും മുന്നണിക്കും ഒപ്പം നിന്നെങ്കിലും മുസ്ലിംകളുടെ വോട്ടിലും ചോർച്ചയുണ്ടായെന്നും ജില്ലാനേതാക്കൾ  ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിയുടെ  പാർട്ടി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ആലപ്പുഴ ജില്ലയിലായിരിക്കും. അവരുടെ കടന്നുകയറ്റശ്രമത്തെ നേരിടാൻ മുൻകരുതലുകളെടുക്കണം. അതല്ലെങ്കിൽ ജില്ലയിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭാതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയവും സീറ്റുപങ്കിടലും നേരത്തേ പൂർത്തീകരിച്ച് മുന്നണി നേരത്തേതന്നെ സജീവമാകണമെന്ന് ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. സ്ഥാനാർഥികളെ ഇറക്കുമതി ചെയ്യരുതെന്നും  നിർദേശിച്ചു.

സ്ഥാനാർഥിനിർണയത്തിലെ അപാകതയും ഗ്രൂപ്പുതർക്കവും എറണാകുളത്ത് പാർട്ടിക്ക് ദോഷം ചെയ്തെന്ന് അവിടെനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി.
കോട്ടയത്ത് അഭിമാനാർഹമായ വിജയം കൈവരിക്കാൻ സാധിച്ചതിൽ ഡി.സി.സിയെ  അഭിനന്ദിച്ചു.  തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചില്ല. കേരള കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളായ പാലാ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മേഖലകളിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാനായി. എന്നാൽ ബി.ജെ.പി –എസ്.എൻ.ഡി.പി കൂട്ടുകെട്ട് ദോഷം ചെയ്തെന്നും വിലയിരുത്തപ്പെട്ടു.  

13 ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്മേലുള്ള വിലയിരുത്തൽ വ്യാഴാഴ്ചയോടെ പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലേത് തിങ്കളാഴ്ച നടക്കും. അതിനുശേഷം നിർജീവവും കാര്യക്ഷമവുമല്ലാത്ത ഡി.സി.സികളിൽ അഴിച്ചുപണി നടത്താനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.