കാസർകോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ ജാഥയിലേക്കും സ്വീകരണ കേന്ദ്രങ്ങളിലേക്കും സമുദായം ഒഴുകിയെത്തിയില്ല. സമുദായം എന്നതിനപ്പുറത്ത് പുതിയ പാർട്ടിയിലേക്കുള്ള യാത്രയായതുകൊണ്ടാണ് സമുദായ പങ്കാളിത്തം കുറവായതെന്നാണ് നേതൃവിലയിരുത്തൽ. ഉദ്ഘാടന ചടങ്ങ് എസ.്എൻ.ഡി.പി യോഗത്തിെൻറ പ്രൗഢി വിളിച്ചുപറഞ്ഞില്ലെന്ന വിലയിരുത്തൽ നേതൃത്വത്തെ അലട്ടുകയാണ്.
കാസർകോട്, ഹോസ്ദുർഗ്, ഉദുമ, വെള്ളരിക്കുണ്ട് യൂനിയനുകളുടെ ചുമതലയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 10,000 പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഇത്രയും പേരെ പങ്കെടുപ്പിക്കാനുള്ള ശക്തി ഈ യൂനിയനുകൾക്കുണ്ട്. എന്നാൽ, എത്തിയത് 2500ൽ താഴെ പേർ മാത്രമാണ്. സദസ്സിലിരുന്നത് മുഴുവൻ സ്ത്രീകൾ. പുരുഷന്മാർ മുഴുവൻ സദസ്സിനു വെളിയിൽ കേന്ദ്രീകരിച്ചു.
മൈക്രോ ഫിനാൻസിൽ അംഗങ്ങളായ സ്ത്രീകളാണ് സദസ്യരായി വന്നതിലേറെയും. പുരുഷന്മാർ പിറകിലേക്കു വലിഞ്ഞതായും നിരീക്ഷിച്ചിട്ടുണ്ട്. മഴസാധ്യത മുൻകൂട്ടിക്കണ്ട് വേദിയൊരുക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ചടങ്ങ് നടക്കുമ്പോൾ മഴവന്നത് പരിപാടിയുടെ പൊലിമ കുറച്ചു, ഹിന്ദുവിശ്വാസ പ്രകാരം ശുഭകരമെങ്കിലും. കാസർകോട്ട് നടന്ന ചടങ്ങിനുശേഷം നൂറു കിലോമീറ്റർ അപ്പുറത്ത് തളിപ്പറമ്പിലാണ് സ്വീകരണമൊരുക്കിയത്. തളിപ്പറമ്പിലും ചെറിയ ഓഡിറ്റോറിയത്തിൽ 1500ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഇത്രയും പേർ പങ്കെടുത്തതിൽതന്നെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ജാഥാ ലീഡർ.
ഉദ്ഘാടന ചടങ്ങിൽ ഉഡുപ്പി പേജാവർ മഠാധിപതിയുടെ സാന്നിധ്യം ഏറെ വിവാദമായി. ബ്രാഹ്മണൻ ഭക്ഷണം കഴിച്ച എച്ചിലിലയിൽ കിടന്നുരുളുന്നത് മാരകരോഗമകറ്റാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്ന ‘മഡേമഡേ സ്നാന’യെന്ന ചടങ്ങ് നിലനിർത്തണമെന്ന് വാദിക്കുന്ന സ്വാമിയാണ് പേജാവർ മഠാധിപതി വിശ്വേശ്വര തീർഥ. ആർ.എസ്.എസിെൻറ ചിന്തൻ ബൈഠകിന് ഉഡുപ്പിയിൽ ആതിഥ്യമരുളിയ മുഖ്യ സംഘാടകനും തീർഥയായിരുന്നു. സ്വാമിയുടെ സാന്നിധ്യവും പൊതു ഈഴവ വിഭാഗത്തെ യാത്രയിൽനിന്നും പിന്നാക്കം പായിച്ചു. സി.പി.എം കേന്ദ്രങ്ങളിലെ ഈഴവ വിഭാഗങ്ങൾക്കിടയിൽ പാർട്ടി നിരീക്ഷണം കർശനമാക്കിയതും സമുദായം ഇളകിവരാതിരിക്കാൻ കാരണമായി.
പുതിയ പാർട്ടി എന്ന ആശയം ഉൾക്കൊള്ളാൻ കഴിയാതെ മതനിരപേക്ഷ ചേരിയിലെ പ്രസ്ഥാനങ്ങൾക്കൊപ്പം നിൽക്കുന്ന ഈഴവ വിഭാഗക്കാർ എസ്.എൻ.ഡി.പിയുടെ പാർട്ടിയിലേക്കുള്ള യാത്രയിൽ നിന്നും പിന്മാറിയതായി നേതൃത്വം തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.