കോഴിക്കോട് ഡി.സി.സിക്കെതിരെ സുധീരന്‍റെ വിമർശം

തിരുവനന്തപുരം : കോഴിക്കോട് ഡി.സി.സിയുടെ പ്രവർത്തനവീഴ്ചക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരെൻറ നിശിത വിമർശം. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ വിളിച്ച യോഗത്തിലാണിത്. സ്ഥാനാർഥി നിർണയത്തിലെ വീഴ്ച, ഭാരവാഹി നിയമനത്തിലെ അപാകത, തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം. മണ്ഡലം, ബ്ലോക് കമ്മിറ്റികൾ പുന$സംഘടിപ്പിച്ചപ്പോൾ യോഗ്യരല്ലാത്തവരെ ഉൾപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി. ബീഫ് വിവാദമാണ് തോൽവിയുടെ കാരണമായി ഡി.സി.സി നേതൃത്വം പറയുന്നത്. സ്ഥാനാർഥി നിർണയത്തിലും പാളിച്ചകളുണ്ടായി –സുധീരൻ തുറന്നടിച്ചു.

അതേസമയം, വാർഡ് കമ്മിറ്റികളാണ് സ്ഥാനാർഥികളെ നിർണയിച്ചതെന്നും ചുരുക്കം ചിലയിടങ്ങളിലൊഴികെ ഡി.സി.സി ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പ്രസിഡൻറ് കെ.സി. അബു അറിയിച്ചു. ബീഫ് വിഷയം സി.പി.എം മുതലെടുത്തത് മുസ്ലിം വോട്ടിൽ ചോർച്ചയുണ്ടാക്കി. ഈ വിഷയം ഗൗരവമായി കാണാൻ പാർട്ടിക്ക് സാധിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽതന്നെ ഇക്കാര്യത്തിലെ ആശങ്ക നേതാക്കളെ അറിയിച്ചിരുന്നെന്നും അബു ചൂണ്ടിക്കാട്ടി. പ്രചാരണത്തിൽ ആക്രമണോത്സുകരായ സി.പി.എം, ബി.ജെ.പി പാർട്ടികളെ നേരിടാൻ പാർട്ടിക്ക് സാധിച്ചില്ലെന്ന് ജില്ലയിൽനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. സി.പി.എമ്മിലെ അസ്വാരസ്യങ്ങൾ പരിഹരിച്ച് യോജിച്ച് രംഗത്തിറങ്ങിയത് അവർക്ക് ഗുണകരമായി.

റാന്നി, അടൂർ മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങളുടെ സാഹചര്യത്തിൽ അവിടത്തെ നേതാക്കളുടെ യോഗം കെ.പി.സി.സി പ്രസിഡൻറിെൻറ നേതൃത്വത്തിൽ പ്രത്യേകം വിളിക്കാൻ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അവലോകന ചർച്ചയിൽ ധാരണയായി. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും കഴിഞ്ഞതവണത്തേതുപോലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം പാർട്ടിയിൽ ഇത്തവണ ഉണ്ടായില്ലെന്നും അവിടെനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. ചിലയിടങ്ങളിൽ ബ്ലോക്, മണ്ഡലം പ്രസിഡൻറുമാർ അവരുടെ താൽപര്യക്കാർക്ക് സീറ്റ് നൽകിയെന്നും വിമർശമുയർന്നു. റെബൽ ശല്യവും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും ഒഴിവാക്കിയിരുന്നെങ്കിൽ മെച്ചപ്പെട്ട ഫലമുണ്ടാകുമായിരുന്നെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗ്–കോൺഗ്രസ് പ്രശ്നങ്ങൾ നേരത്തേ പരിഹരിച്ചിരുന്നെങ്കിൽ മലപ്പുറത്ത് മെച്ചപ്പെട്ട വിജയം കൈവരിക്കാൻ സാധിക്കുമായിരുന്നെന്ന് അവിടെനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. ലീഗ് നടപ്പാക്കുന്ന ചാരിറ്റബിൾ പ്രവർത്തനം തെരഞ്ഞെടുപ്പിൽ അവർക്ക് ഏറെ സഹായകമായി. കോൺഗ്രസ്–ലീഗ് സമവായത്തിന് മന്ത്രി കുഞ്ഞാലിക്കുട്ടി തയാറായിരുന്നെങ്കിലും ലീഗ് ജില്ലാ സെക്രട്ടറി പിടിവാശി കാട്ടിയെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് കുറ്റപ്പെടുത്തി. കോൺഗ്രസിനെ ജില്ലയിൽ നിഷ്പ്രഭമാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ വിശദീകരണം നൽകാൻ ആര്യാടൻ ശ്രമിച്ചത് സുധീരനെ ചൊടിപ്പിച്ചു.
 താനാണ് പ്രസിഡൻറ് എന്നും യോഗം നിയന്ത്രിക്കുന്നത് താനാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ക്ഷണിക്കുമ്പോൾ ആര്യാടന് സംസാരിക്കാമെന്ന് മുന്നറിയിപ്പ് നൽകി. പട്ടാളച്ചിട്ടയൊക്കെ ഉണ്ടായിട്ടും പാർട്ടിയുടെ സ്ഥിതി മോശമായത് ചൂണ്ടിക്കാട്ടി ആര്യാടൻ തിരിച്ചടിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.