കാസര്‍കോട്: ലീഗാണെങ്കില്‍ തടയാന്‍ വഴിനോക്കി ബി.ജെ.പി

കാസര്‍കോട്: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിലും ബി.ജെ.പിയിലും പ്രതിസന്ധി. പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനോ ലീഗിനോ എന്ന് തീരുമാനിക്കാത്ത പ്രതിസന്ധിയാണ് യു.ഡി.എഫിലെങ്കില്‍ മുസ്ലിം ലീഗ് പ്രസിഡന്‍റ് പദവിയിലേക്ക് കടന്നുവരുന്നതിനെ തടയാന്‍ എല്‍.ഡി.എഫിന്‍െറ സഹകരണം ലഭിക്കാത്തതാണ് ബി.ജെ.പിയുടെ മനോവിഷമം. ലീഗ് വരാതിരിക്കാനുള്ള വഴിനോക്കുന്ന ബി.ജെ.പിയുടെ തന്ത്രംപാളുകയാണ്.
എല്‍.ഡി.എഫും യു.ഡി.എഫും പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ സ്വീകരിക്കേണ്ട നിലപാടിലാണ് ബി.ജെ.പി നട്ടംതിരിയുന്നത്.  യു.ഡി.എഫില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്‍റ് പദവിയെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ലീഗിനാണ് പദവിയെങ്കില്‍ എല്‍.ഡി.എഫിന് വോട്ടുചെയ്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്നത് തടയാനുമാണ് ബി.ജെ.പി പദ്ധതിയിട്ടത്. എന്നാല്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ബി.ജെ.പിയുടെ വോട്ടുനേടി വിജയിച്ചാല്‍ സ്ഥാനം രാജിവെക്കുന്നെ് ഉറപ്പായതോടെയാണ് ബി.ജെ.പി തന്ത്രം പാളിയത്. ബി.ജെ.പിക്ക് സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ അംഗബലവുമില്ല.

17 അംഗ ജില്ലാ പഞ്ചായത്തില്‍ എട്ട് സീറ്റുകള്‍ യു.ഡി.എഫിനും ഏഴു സീറ്റുകള്‍ എല്‍.ഡി.എഫിനുമുണ്ട്. യു.ഡി.എഫില്‍  ആര്‍ക്കാണ് പ്രസിഡന്‍റ് സ്ഥാനം എന്നറിഞ്ഞതിനുശേഷം കളിക്കാനാണ് ബി.ജെ.പി നീക്കം. യു.ഡി.എഫ് ഇക്കാര്യം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഇത് ലീഗിന് ആശ്വാസമായി. ഏഴു ജില്ലകളില്‍ യു.ഡി.എഫിന് മുന്‍തൂക്കമുണ്ട്. രണ്ട് ജില്ലകള്‍ ലീഗിന് ലഭിക്കാനിടയുണ്ട്. ഒന്ന് മലപ്പുറവും അടുത്തത് കാസര്‍കോട്ടുമാകാനാണ് സാധ്യത.
ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ ആരു പ്രസിഡന്‍റാകും എന്നതില്‍ അവ്യക്തത തുടരുന്നു. എന്‍മകജെ പഞ്ചായത്തില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴുവീതം സീറ്റുണ്ട്.

എല്‍.ഡി.എഫിന് മൂന്നു സീറ്റുകളാണുള്ളത്. ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ എല്‍.ഡി.എഫ് യു.ഡി.എഫിന് വോട്ടുചെയ്താല്‍ കാര്യങ്ങള്‍ എളുപ്പം. എന്നാല്‍, സി.പി.എം തീരുമാനമെടുത്തിട്ടില്ല. മുളിയാര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതം സീറ്റുകളുണ്ട്. ഒരു സീറ്റ് ബി.ജെ.പി നേടിയത് ഇവിടെയും അവ്യക്തതക്ക് കാരണമായി. നറുക്കെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത. അജാനൂര്‍ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ളെങ്കിലും എല്‍.ഡി.എഫ് ഭരിക്കും. കുറ്റിക്കോല്‍ പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ മുന്നണി എല്‍.ഡി.എഫ് ആണ്. യു.ഡി.എഫും ബി.ജെ.പിയും ഒന്നിക്കില്ളെന്നതിനാല്‍ ഭരണം എല്‍.ഡി.എഫിനായിരിക്കും ലഭിക്കുക. പൈവളിഗെ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ളെങ്കിലും ഇപ്പോള്‍ സ്ഥാനാരോഹണമില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.