കോട്ടയം: ബാർ കോഴക്കേസിൽ ഹൈകോടതി വിധിയും പ്രതികൂലമായതോടെ പിടിച്ചുനിൽക്കാനുള്ള എല്ലാ തന്ത്രങ്ങളും അടഞ്ഞ് മന്ത്രി കെ.എം. മാണി. വിജിലൻസ് കോടതിയുടെ വിധിക്കെതിരെ ഹൈകോടതിയിൽ നേരിട്ടോ സർക്കാറിനെക്കൊണ്ടോ അപ്പീൽ സമർപ്പിക്കാതെ വിജിലൻസിനെക്കൊണ്ട് തന്നെ റിവിഷൻ ഹരജി കൊടുത്തത് കനത്ത തിരിച്ചടി ഭയന്നായിരുന്നു. അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകരും നൽകിയ ഉപദേശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, ഹൈകോടതിയുടെ രൂക്ഷവിമർശം മാണിക്ക് മാത്രമല്ല സംസ്ഥാന സർക്കാറിനുപോലും ഒടുവിൽ തിരിച്ചടിയായി.ഹൈകോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ചേർന്ന് രാജിയില്ലെന്ന തീരുമാനത്തിൽ മാണി എത്തിയിരുന്നു. ഇതിന് പാർട്ടിയിലെ പ്രമുഖരുടെ പൂർണപിന്തുണയും ലഭിച്ചു. എന്നാൽ, ഹൈകോടതി വിധി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. വിജിലൻസ് കോടതിയിൽ താനോ സർക്കാറോ അപ്പീൽ നൽകാൻ പാടില്ലെന്നത് മാണിയുടെ കൂടി നിർദേശമായിരുന്നത്രേ. അപ്പീൽ തള്ളിയാലുള്ള ഭവിഷ്യത്ത് മാണി മുൻകൂട്ടി കണ്ടിരുന്നു. ഹൈകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു മാണിയുടെ പ്രതീക്ഷ. എന്നാൽ, അപ്പീൽ സമർപ്പിച്ച ദിവസം തന്നെ കോടതിയുടെ പരാമർശങ്ങൾ മാണിയെയും സർക്കാറിനെയും ഞെട്ടിച്ചു. അതോടെ എങ്ങനെയും പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലായിരുന്നു മാണിയും അടുത്ത വിശ്വസ്തരും.
ഹൈകോടതിയിൽ വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യംചെയ്യുന്നതിന് പകരം വിജിലൻസ് ഡയറക്ടർക്കെതിരെയുള്ള പരാമർശങ്ങൾ നീക്കാനുള്ള റിവിഷൻ ഹരജി നൽകിയതും മാണിയുടെ നിർദേശമനുസരിച്ചാണ്. പിന്നീട് ഹൈകോടതിയിൽ റിവിഷൻ എന്നത് റിട്ട് ഹരജിയായി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ, കോടതി കേസിെൻറ മെറിറ്റിലേക്കാണ് പോയത്. തുടർന്ന് മാണിക്കെതിരെ രൂക്ഷവിമർശവും കോടതി നടത്തി. ഹൈകോടതി വിധി വന്നതോടെ തുടക്കത്തിൽ ഒപ്പം നിന്ന പാർട്ടിയിലെ പ്രമുഖരും മാണിയെ കൈവിട്ടു. മന്ത്രി പി.ജെ. ജോസഫും നിലപാട് മാറ്റി. പാർട്ടിയിൽ മാണി ഒറ്റപ്പെടുന്ന അവസ്ഥയിലുമായി. തുടക്കത്തിൽ ഒപ്പം നിന്ന മുഖ്യമന്ത്രിയും പിന്മാറി. മാണി രാജിവെക്കണമെന്നും അല്ലെങ്കിൽ പാർട്ടി തന്നെ ഇല്ലാതാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി. തുടക്കത്തിൽ മൗനംപാലിച്ച കോൺഗ്രസ് നേതാക്കളും മാണിക്കെതിരെ രംഗത്തുവന്നു. ബാർ കോഴക്കേസിലെ വിജിലൻസ് കോടതി വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെട്ടു.
തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പാലായിൽ നേടിയ വിജയം ഉയർത്തിക്കാട്ടി പിടിച്ചുനിൽക്കാനും മാണി ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജിവെക്കണമെന്ന് മാണിയോട് ചില ഘടകകക്ഷി നേതാക്കളും കോൺഗ്രസ് നേതാക്കളും വ്യക്തിപരമായി അഭ്യർഥിച്ചിരുന്നു. അതും ചെവിക്കൊണ്ടില്ല. പ്രമുഖ അഭിഭാഷകർ നൽകിയ നിയമോപദേശവും സഹപ്രവർത്തകരുടെ അഭ്യർഥനയും തള്ളിയ മാണിക്ക് ഒടുവിൽ ഹൈകോടതി വിധിയും തിരിച്ചടിയായി. മാണിയെ ഇനിയും സംരക്ഷിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റ് തുന്നം പാടുമെന്ന ഭയവും കോൺഗ്രസിനും ഘടകകക്ഷികൾക്കും ഉണ്ട്. ഇനി രാജിവെച്ചാലും സർക്കാറിനെതിരെ ചെറുവിരലനക്കാൻ പോലും തൽക്കാലം മാണിക്ക് കഴിയില്ല. കാരണം സ്വന്തം പാളയത്തിൽപോലും മാണിക്കെതിരെ പട ശക്തമാകുകയാണ്. ഒരുപക്ഷേ, മാണിയെന്ന പ്രതിഭാസത്തിെൻറ അസ്തമയവും ഇതിലൂടെ ഉണ്ടായേക്കാം. ഒപ്പം മകൻ ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലാകും. പാർട്ടിയിൽനിന്ന് പുറത്തുപോയ പി.സി. ജോർജ് കൂടുതൽ ശക്തിയാർജിക്കും ഈഘട്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.