തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും നഗരസഭ ഉൾപ്പെട്ട അഞ്ച് നിയോജകമണ്ഡലങ്ങളിൽ ഇരുമുന്നണികളെക്കാളും വോട്ടുവിഹിതത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് തിരുവനന്തപുരത്തും കോവളത്തും വോട്ടുലഭ്യതയിൽ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതോടെ തിരുവനന്തപുരത്ത് സെമിഫൈനലിൽ ഗംഭീരമായി കളിച്ച ബി.ജെ.പിക്ക് ആറുമാസത്തിനുശേഷം നടക്കുന്ന ഫൈനലിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
കേരള നിയമസഭയിൽ ആദ്യമായി താമര വിരിയിക്കാൻ ബി.ജെ.പി കണ്ണുവെച്ചിരിക്കുന്ന നേമത്ത് ഇത്തവണ ഒമ്പത് വാർഡുകളാണ് എൽ.ഡി.എഫിന് നേടാനായത്. എന്നാൽ, നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥികൾ ആകെ നേടിയ വോട്ട് 44475. എന്നാൽ, തിരുമല, പൂജപ്പുര, കരമന, തൃക്കണ്ണാപുരം, നേമം, പാപ്പനംകോട്, കാലടി, മേലാങ്കോട്, വലിയവിള , കമലേശ്വരം, ആറ്റുകാൽ അടക്കം 11 വാർഡുകളിൽ വിജയിച്ച ബി.ജെ.പിക്ക് ആകെ നേടാനായത് 42124 വോട്ടാണ്. 26035 വോട്ടുമായി യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പുഞ്ചക്കരിയും തിരുവല്ലവുമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
കോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന കഴക്കൂട്ടത്തെ 22 വാർഡുകളിൽ ഞാണ്ടൂർകോണം, പൗഡിക്കോണം, കരിക്കകം, ആറ്റിപ്ര വാർഡുകൾ പിടിച്ചെടുത്ത ബി.ജെ.പിക്ക് പക്ഷേ നിയോജകമണ്ഡലത്തിൽ കാര്യമായ വോട്ടുവർധന ഉണ്ടാക്കാൻ സാധിച്ചില്ല. 22 സ്ഥാനാർഥികൾക്കും പിടിക്കാനായത് 31053 വോട്ടുകൾ. എന്നാൽ, 11 വാർഡുകൾ ഇടതുപക്ഷത്തേക്ക് ചായ്ച്ച് സി.പി.എം സ്ഥാനാർഥികൾ നേടിയത് 43879 വോട്ടാണ്. ഇവിടെ കോൺഗ്രസിന് ആകെ നേടാനായത് 29420 വോട്ടും. ചന്തവിള, പള്ളിത്തുറ,ചെറുവയ്ക്കൽ, ആക്കുളം, ഉള്ളൂർ, നാലാഞ്ചിറ വാർഡുകളാണ് യു.ഡി.എഫ് പിടിച്ചത്.
മന്ത്രി വി.എസ്. ശിവകുമാറിെൻറ തിരുവനന്തപുരം സിറ്റി മണ്ഡലത്തിലെ 27 വാർഡുകളിൽ യു.ഡി.എഫ് ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, പൂന്തുറ, വലിയതുറ, വെട്ടുകാട്, പേട്ട എന്നിങ്ങനെ ആറ് സീറ്റിലൊതുങ്ങി. ഇവിടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാനമത്സരം. സി.പി.എം 11 വാർഡുകളിൽ ആധിപത്യമുറപ്പിച്ചപ്പോൾ 10 വാർഡിലാണ്ആദ്യമായി ബി.ജെ.പി ജയിച്ചത്. പക്ഷേ, വോട്ടുവിഹിതത്തിൽ ഇരുമുന്നണികൾക്കും താഴെയാണ് ബി.ജെ.പിയുടെ സ്ഥാനം (31863). ബീമാപള്ളി, വള്ളക്കടവ് ഭാഗങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് നേടാനായത് യഥാക്രമം 3742 വോട്ട് മാത്രമാണ്. ആറ് വാർഡുകളിലൊതുങ്ങിയെങ്കിലും യു.ഡി.എഫ് സ്ഥാനാർഥികൾ മൊത്തം 33075 വോട്ട് നേടിയപ്പോൾ ഇരുമുന്നണികളെയും ഞെട്ടിച്ച് 42780 വോട്ടാണ് 27 വാർഡുകളിൽനിന്ന് എൽ.ഡി.എഫ് നേടിയത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 24 വാർഡുകളിൽ ബി.ജെ.പി 32864 വോട്ട് നേടിയെങ്കിൽ എൽ.ഡി.എഫിന് 38595 വോട്ടും യു.ഡി.എഫിന് 29380 വോട്ടുമാണ് ലഭിച്ചത്. കോവളം നിയോജകമണ്ഡലത്തിൽനിന്ന് വിഴിഞ്ഞം, കോട്ടപ്പുറം എൽ.ഡി.എഫ് നേടിയപ്പോൾ ഹാർബറും മുല്ലൂറും യു.ഡി.എഫ് നിലനിർത്തി. ഇവിടെ വെങ്ങാനൂർ, വെള്ളാർ വാർഡുകൾ മാത്രമാണ് ബി.ജെ.പിക്ക് ഒപ്പം നിറുത്താനായത്. പക്ഷേ, വോട്ടിങ് വിഹിതത്തിൽ ഇരുമുന്നണികളെക്കാളും താഴെയാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.