ഹനീഫ വധം: കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് ബന്ധുക്കള്‍; ഹൈകോടതിയെ സമീപിക്കും

ചാവക്കാട്: തിരുവത്ര എ.സി. ഹനീഫ വധക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ടീയ പ്രേരിതമാണെന്നും നീതി തേടി ഹൈകോടതിയെ സമീപിക്കുമെന്നും മാതാവ് അണ്ടത്തോട് വീട്ടില്‍ ഐഷാബിയും ബന്ധുക്കളും. യഥാര്‍ഥ കുറ്റവാളികളെ പിടിക്കുമെന്ന് വീട്ടിലത്തെി നേതാക്കള്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ളെന്നും അവര്‍ പറഞ്ഞു.
ഹനീഫ കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് ഗ്രൂപ് വഴക്കിനെ തുടര്‍ന്നാണെന്ന പൊലീസ് കണ്ടത്തെല്‍ സ്വാഗതം ചെയ്ത ഹനീഫയുടെ മാതാവും ബന്ധുക്കളും കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രൂപ് നേതാക്കള്‍ ആരെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് ചൂണ്ടിക്കാട്ടി.  
ഹനീഫ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളും നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചവരുമാണ്. ഇവരാരും അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ഏതെങ്കിലും കമ്മിറ്റികളുടെ ഭാരവാഹികളോ അല്ളെന്നിരിക്കെ ഹനീഫയെ വധിക്കാന്‍ ഗ്രൂപ് പ്രവര്‍ത്തനത്തിന്‍െറ പേരില്‍ ഇവരെ പ്രേരിപ്പിച്ചതാരെന്ന് വ്യക്തമാക്കാതെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഹനീഫ എ ഗ്രൂപ് പ്രവര്‍ത്തകനാണ്. കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത് പ്രകാരം പ്രതികള്‍ ഐ ഗ്രൂപ്പിനുവേണ്ടിയാണ് വധിച്ചതെന്നുവേണം മനസ്സിലാക്കാന്‍.
ഈ സാഹചര്യത്തില്‍ ഹനീഫയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കാന്‍ ഐ ഗ്രൂപ് നേതാക്കള്‍ ശ്രമിച്ചുവെന്നും അവരുടെ സ്വധീനം മൂലം യഥാര്‍ഥ പ്രതികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിട്ടില്ളെന്നും ഹനീഫയുടെ മാതാവ് ഐഷാബിയും സഹേദര പുത്രനും കെ.എസ്.യു ഗുരുവായൂര്‍ ബ്ളോക് പ്രസിഡന്‍റുമായ എ.എസ്. സെറൂകും ആരോപിച്ചു. ഇക്കാര്യം യു.എ.ഇയിലുള്ള ഹനീഫയുടെ സഹോദരന്‍ എ.സി. ഉമറും ‘മാധ്യമ’ത്തോടു പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.ഡി. മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ തയാറാക്കി ചാവക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണെന്നും ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഉമര്‍ അറിയിച്ചു.  
വധിക്കപ്പെടുന്നതിന് മുമ്പ് ഹനീഫയെ തേടി കോണ്‍ഗ്രസ് നേതാവ് സി.എ. ഗോപപ്രതാപന്‍ വന്നുവെന്നും ഭീഷണി മുഴക്കിയാണ് പോയതെന്നും പ്രധാന സാക്ഷിയായ താന്‍ പൊലീസിന് നല്‍കിയ മൊഴി അവഗണിച്ചാണ് കുറ്റപത്രം തയാറാക്കിയത്. ഒരു പ്രതിയുടെ പേര് ചൂണ്ടിക്കാട്ടി കൊലപാതകത്തിനു സാക്ഷിയായ കൊല്ലപ്പെട്ടയാളുടെ പെറ്റതള്ള മൊഴി നല്‍കിയാല്‍ പൊലീസ് ഇങ്ങനെയാണോ ചെയ്യേണ്ടതെന്ന് ഐഷാബി ചോദിച്ചു. ‘ഹനീഫാക്ക് പറക്കമുറ്റാത്ത നാല് പെണ്‍മക്കളാണ്. അവരുടെ ഉപ്പയെ കൊന്നവരെ പിടികൂടാതെ കോടികള്‍ നല്‍കിയിട്ടെന്തുകാര്യം’? - ഐഷാബി ചോദിച്ചു. ‘എത്രകോടി രൂപ നല്‍കിയാലും അവര്‍ക്ക് ഉപ്പയെന്നു വിളിക്കാന്‍ ഹനീഫയെ തിരിച്ചു നല്‍കാന്‍ നേതാക്കള്‍ക്ക് കഴിയുമോ...? അവരുടെ ഉപ്പയെ കൊന്നവരെ പിടികൂടാതെ ഒത്തുതീര്‍പ്പുണ്ടാക്കി നാടകം കളിക്കുന്നത് ഈ കൊച്ചു പൈതങ്ങളോടും എന്നോടും ചെയ്ത ക്രൂരതയല്ലാതെ മറ്റെന്താണ്? അവര്‍ ചോദിച്ചു.
ഹനീഫയുടെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവരാന്‍ ഏതറ്റവും വരെ പോകുമെന്ന് അവര്‍ പറഞ്ഞു. ‘എല്ലാം കാണുന്നവന്‍ ഒരാളുണ്ട്. അവന്‍ ഞങ്ങളുടെ കൂടെയുണ്ട്- അവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.