സി.പി.എമ്മിന്‍റെ സംസ്​ഥാനതല യാത്ര: നായകൻ പിണറായി തന്നെ

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ തയാറാക്കുന്നതിെൻറ ഭാഗമായി സി.പി.എം സംഘടിപ്പിക്കുന്ന സംസ്ഥാനതല യാത്ര ജനുവരി 15ന് ആരംഭിക്കും. എൽ.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കിൽ മുഖ്യമന്ത്രിയായി സി.പി.എം സംസ്ഥാന നേതൃത്വം ഉയർത്തിക്കാട്ടുന്ന പിണറായി വിജയൻ തന്നെയാണ് യാത്രയുടെ നായകൻ. ഫെബ്രുവരി 14ന് സമാപിക്കുന്ന യാത്രയിൽ പങ്കെടുക്കുന്ന ആറംഗങ്ങളെയും ചൊവ്വാഴ്ച സമാപിച്ച സംസ്ഥാനസമിതി തിരുമാനിച്ചു. അതേസമയം പ്ലീനം കരടുരേഖയുടെ ചർച്ചയിൽ സംസ്ഥാനത്തെ വിഭാഗീയത പരിഹരിക്കുന്നതിൽ നടപടി സ്വീകരിക്കാത്തതിന് കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശം ഉയർന്നു.

എം.വി. ഗോവിന്ദൻ, കെ.ജെ. തോമസ്, പി.കെ. സൈനബ, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത് എന്നിവർ സ്ഥിരാംഗങ്ങളായിരിക്കും. പ്രചാരണജാഥയുടെ പേര് ഡിസംബർ 13ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിക്കാനാണ് ധാരണ. കേരളത്തിെൻറ വികസനം, അഴിമതി, വർഗീയത എന്നീ വിഷയങ്ങൾ ഉയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്. ആക്രമണോത്സുകമായ വർഗീയതയാണ് പ്രചാരണത്തിെൻറ പ്രധാന വിഷയമായി നിശ്ചയിച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന സാഹചര്യത്തിൽ വർഗീയത ശക്തമാകുന്നതിെൻറ വെളിച്ചത്തിലാണിത്. എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിെൻറ ബി.ജെ.പി–സംഘ്പരിവാർ ചായ് വ്, പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരണം, വെള്ളാപ്പള്ളി നടേശെൻറ വർഗീയ പ്രസംഗങ്ങളും കണക്കിലെടുത്ത് കൂടുതൽ ശക്തമായ നിലപാട് കൈക്കൊള്ളാനാണ് തീരുമാനം. കേന്ദ്ര– സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങളും അഴിമതിയും ജാഥയുടെ അജണ്ടയാണ്.

സംസ്ഥാനത്ത് സോളാർ, ബാർ കോഴ കുംഭകോണം, കെ.എം. മാണിയുടെ രാജി തുടങ്ങിയ വിഷയങ്ങൾ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും അഴിമതി ആരോപണവിധേയരായ സാഹചര്യം എന്നിവ ഉയർത്തിക്കാട്ടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കും. കേന്ദ്ര സർക്കാറിെൻറ കോർപറേറ്റ്, വർഗീയ നിലപാടുകളാവും മറ്റൊരു വിഷയം. കേരള വികസനവും മുഖ്യ പ്രചാരണ ആയുധമാക്കാൻ തീരുമാനിച്ചു. ജാഥാ ക്യാപ്റ്റൻ പിണറായി ഇതിനകംതന്നെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയും ഇതിെൻറ ഭാഗമാണ്. അതേസമയം ഡിസംബറിൽ നടക്കുന്ന പ്ലീനത്തിൽ അവതരിപ്പിക്കുന്ന കരട് സംഘടനാരേഖയെ സംബന്ധിച്ച ചർച്ചയിൽ സംസ്ഥാനനേതൃത്വം തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്തെ സംഘടനാ വിഷയങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രനേതൃത്വം വേണ്ടത്ര നടപടിയെടുക്കാത്തതിലെ അതൃപ്തി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള എന്നിവരുടെ സാന്നിധ്യത്തിൽ അറിയിച്ചു.

കേരളത്തിലെ വിഷയങ്ങൾ പഠിക്കാനും പരിഹാരം നിർദേശിക്കാനും നിയോഗിച്ച പി.ബി കമീഷൻ ഒന്നും ചെയ്തില്ലെന്ന് സെക്രട്ടേറിയറ്റിെൻറ ഭാഗമായി സംസാരിച്ച അംഗം തുറന്നടിച്ചു. വി.എസ്. അച്യുതാനന്ദനെ നേതൃത്വം ഉൾക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹത്തെ ഒപ്പം കൂട്ടുന്നതിൽ ആരാണ് തടസ്സമെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാനസമിതി അംഗങ്ങളിൽ ഒറ്റപ്പെട്ട ചിലരും വിയോജിപ്പ് രേഖപ്പെടുത്തി. വി.എസിെൻറ പേര് പറയാതെ ആയിരുന്നു അത്. പാർട്ടി പിന്തുടരുന്ന സംഘടനാ തത്ത്വമായ ജനാധിപത്യ കേന്ദ്രീകൃത തത്ത്വത്തിൽ വ്യക്തി അച്ചടക്കലംഘനം നടത്തിയാൽ അത് പറയാതെ പോകുന്നത് ശരിയല്ലെന്നായിരുന്നു അഭിപ്രായം.

അതേസമയം ഭൂരിഭാഗം പേരും പാർട്ടിയുടെ അടിത്തറ വികസിപ്പിക്കാനുള്ള കർമപരിപാടികൾക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ടു. അതിന് വ്യക്തമായ പരിപാടികൾ ആസൂത്രണം ചെയ്യണം. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും നിർദേശിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.