സംസ്ഥാന സി.പി.എമ്മില്‍ ഇനിയും ഐക്യം ഉണ്ടാകേണ്ടതുണ്ടെന്ന് പ്ളീനം കരട് രേഖ

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടിയില്‍ ഇനിയും ഐക്യം ഉണ്ടാകാനുണ്ടെന്ന് സി.പി.എം സംഘടനാ പ്ളീനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന കരട് രേഖ. ഐക്യത്തിന്‍െറയും യോജിപ്പിന്‍െറയും മാര്‍ഗത്തിലൂടെവേണം സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് രേഖ ആഹ്വാനം ചെയ്യുന്നു.  അതേസമയം പിണറായി വിജയന്‍െറ നേതൃത്വത്തില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്ന സംസ്ഥാനതല യാത്രയുടെ വിശദാംശം ഇന്ന് പരിഗണിക്കും.
തിങ്കളാഴ്ച ആരംഭിച്ച സി.പി.എം സംസ്ഥാന സമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രേഖ അവതരിപ്പിച്ചത്. സംസ്ഥാന ഘടകത്തില്‍ വിഭാഗീയ പ്രശ്നങ്ങള്‍ ഇനിയും അവശേഷിക്കുന്നെന്ന് രേഖ വ്യക്തമാക്കുന്നു. ഇതിനെ ക്ഷമയോടെവേണം പരിഗണിക്കാനും കൈകാര്യം ചെയ്യാനും. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ജനാധിപത്യ കേന്ദ്രീകരണം സമന്വയത്തിന്‍േറതും യോജിപ്പിന്‍േറതും കൂടിയാണെന്ന് പ്ളീനം രേഖ അടിവരയിടുന്നു. കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചൊന്നും രേഖ പരാമര്‍ശിക്കുന്നില്ളെന്നതാണ് ശ്രദ്ധേയം.
കേരളത്തിലെ വിഭാഗീയത മിക്കവാറും പരിഹരിക്കപ്പെട്ടെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. ശേഷിക്കുന്ന വിഭാഗീയതയുടെ മൂലകേന്ദ്രം വി.എസാണെന്ന ആക്ഷേപമാണ് നേതൃത്വത്തിലുള്ളത്. പാര്‍ട്ടിയില്‍ ന്യൂനപക്ഷം ഭൂരിപക്ഷ തീരുമാനം നടപ്പില്‍ വരുത്തണം, വ്യക്തികള്‍ കൂട്ടായ തീരുമാനങ്ങള്‍ക്കും ഇച്ഛക്കും കീഴപ്പെടണം എന്നീ ജനാധിപത്യ കേന്ദ്രീകൃത തത്ത്വം എല്ലാവര്‍ക്കും ബാധകമാണെന്ന സംസ്ഥാന നേതൃത്വത്തിന്‍െറ വാദം വി.എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. എന്നാല്‍  ജനാധിപത്യ കേന്ദ്രീകരണമെന്നാല്‍ സമന്വയവും യോജിപ്പിന്‍േറതും കൂടിയാണെന്ന്  കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നതോടെ സംസ്ഥാന ഘടകത്തിലുണ്ടാകേണ്ടത് ഐക്യമാണെന്ന സന്ദേശമാണ് രേഖ നല്‍കുന്നത്.
 സംസ്ഥാനത്ത് പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ഉണ്ടായ തുടര്‍ച്ചയായ തിരിച്ചടിക്കുശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്‍തൂക്കം നിലനില്‍ക്കണമെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. ബി.ജെ.പിയുടെ വളര്‍ച്ച, വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ഹിന്ദുത്വ ചായ്വ്, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം എന്നിവക്കെതിരെ വി.എസ്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐക്യത്തോടെയുള്ള കടന്നാക്രമണം ഫലവത്താണെന്നും അണികള്‍ക്കടക്കം അഭിപ്രായമുണ്ട്. ഇതാണ് സംസ്ഥാനത്തെ വിഭാഗീയതയുടെ നൂലിഴ കീറിയുള്ള പരിശോധനയില്‍നിന്ന് കേന്ദ്രനേതൃത്വത്തെ പിറകോട്ട് വലിപ്പിച്ചതെന്നാണ് സൂചന. സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് ചോദ്യാവലി നല്‍കിയാണ് കരട് സംഘടനാ രേഖ തയാറാക്കിയത്. കേന്ദ്രീകൃത ജനാധിപത്യം, തെറ്റുതിരുത്തല്‍ പ്രക്രിയ, ഫണ്ട് പിരിവ്, പാര്‍ലമെന്‍ററിസം, സി.സിയുടെയും പി.ബിയുടെയും പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചോദ്യാവലി.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.