‘ഭാരത് ധർമ ജന സേന’ എസ്​.എൻ.ഡി.പിയുടെ രാഷ്ട്രീയ പാർട്ടി

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിെൻറ രാഷ്ട്രീയ പാർട്ടി ശംഖുംമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ ജാഥയുടെ സമാപനച്ചടങ്ങിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. ‘ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) എന്നാണ് പേര്. പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ, വെള്ളയും മെറൂണും നിറത്തിലുള്ള പാർട്ടി പതാകയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. കൂപ്പുകൈ ആണ് ചിഹ്നം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കലല്ല പാർട്ടി ലക്ഷ്യമെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, ഇരുമുന്നണിയെയും കടന്നാക്രമിച്ചും നിലപാടുകൾ ആവർത്തിച്ചുമാണ് പാർട്ടി പ്രഖ്യാപനം നിർവഹിച്ചത്. അതേസമയം, സമ്മേളനത്തിൽ സമത്വ മുന്നേറ്റ യാത്ര രക്ഷാധികാരി ഡോ. ജി. മാധവൻ നായർ പങ്കെടുത്തില്ല.

ഒരു മതത്തിനും വിധേയമായല്ല, മതേതര സ്വഭാവത്തിൽ എല്ലാ വിഭാഗങ്ങളെയും സഹോദരതുല്യമായി ഉൾക്കൊണ്ടാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തിക്കുകയെന്ന് പ്രഖ്യാപന പ്രസംഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇസ്ലാമിനെ നശിപ്പിക്കാനോ ക്രിസ്ത്യാനികളെ ഓടിക്കാനോ അല്ല പുതിയ പാർട്ടി. മുഖ്യധാരാ പാർട്ടികളുടെ മതേതരവാദം കള്ളനാണയമാണ്. അകത്ത് ആദർശം പ്രസംഗിക്കുകയും പുറത്തിറങ്ങി അവസരവാദം കളിക്കുകയും ചെയ്യുന്ന ഇവർക്ക് എന്ത് നിലപാടാണുള്ളത്. നീതിയും ധർമവും തുല്യമായി ലഭ്യമാകണമെന്ന് വാദിച്ച തന്നെ വർഗീയവാദിയാക്കാനാണ് ഇരുമുന്നണിയിലെയും രാഷ്ട്രീയദ്രോഹികൾ ശ്രമിക്കുന്നത്. പാർട്ടി രൂപവത്കരണം പ്രഖ്യാപിച്ചതോടെയാണ് താൻ എല്ലാവരുടെയും കണ്ണിലെ കരടായത്. അതുവരെ ‘പൊന്നുമോനെ’ എന്നുപറഞ്ഞ് ഇരുകൂട്ടരും തന്നെ സ്നേഹത്തോടെയാണ് കൊണ്ടുനടന്നത്. പാവപ്പെട്ടവെൻറ സ്വകാര്യ ദു$ഖമാണ് താൻ പറയുന്നത്.  

ദിവസങ്ങൾ നീണ്ട ജാഥക്കിടയിൽ മിച്ചം കിട്ടിയത് രണ്ട് കേസാണ്. ഇവ രണ്ടും ശിരസ്സിലെ പൊൻതൂവലായി കരുതുന്നു. കേരളത്തിൽ മറ്റ് സമുദായങ്ങൾ പാർട്ടി രൂപവത്കരിച്ചപ്പോഴൊന്നും ആർക്കും എതിർപ്പുണ്ടായില്ല. ഇടതും വലതും ഐക്യത്തോടെ എതിർക്കുന്ന ഏക കാര്യം എസ്.എൻ.ഡി.പിയുടെ പാർട്ടി രൂപവത്കരണമാണ്. ന്യൂനപക്ഷവും ഭൂരിപക്ഷവും എന്ന വേർതിരിവുണ്ടാക്കി രണ്ടുകൂട്ടർക്കും രണ്ടുതരം നീതിയാണ് ഇവിടെ നടപ്പാക്കുന്നത്.  എല്ലാക്കാലത്തും ചെറുപ്പക്കാരെ കളിപ്പിച്ച് കൂടെ കൂട്ടാമെന്ന് ഇരുമുന്നണിയും ഇനി കരുതേണ്ട. നിരാശരായ ചെറുപ്പക്കാർ നക്സലിസത്തിലേക്കും മാവോയിസത്തിലേക്കും തിരിയാതിരിക്കാണ് തുല്യനീതിക്ക് പാർട്ടി പ്രഖ്യാപിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ.പി.എം.എസ് ജനറൽ സെക്രട്ടറി ടി.വി. ബാബു അധ്യക്ഷത വഹിച്ചു. തുഷാർ വെള്ളാപ്പള്ളി, യോഗക്ഷേമസഭാ പ്രസിഡൻറ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, വിവിധ സംഘടനാ ഭാരവാഹികളായ എം.കെ. നീലകണ്ഠൻ മാസ്റ്റർ, തുറവൂർ സുരേഷ്, വെള്ളിക്കുളം മാധവൻ, താമരക്കുളം വാസുദേവൻ നമ്പൂതിരി, സി.എസ്. നായർ, അഡ്വ.സുഭാഷ് നായരമ്പലം, പി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.