പട്യാല: ഇന്ത്യൻ അത്ലറ്റിക്സ് കോച്ച് നികോളായ് സ്നെസറേവിനെ പട്യാല എൻ.ഐ.എസിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 72 വയസ്സായിരുന്നു. ഇന്ത്യൻ ടീമിെൻറ മധ്യ-ദീർഘ ദൂര ഒാട്ടക്കാരുടെ പരിശീലകനായ നികോളായ് രണ്ടുവർഷത്തെ ഇടവേളക്കു ശേഷം അടുത്തിടെയാണ് ടീമിനൊപ്പം ചേർന്നത്. വെള്ളിയാഴ്ച ആരംഭിച്ച ഇന്ത്യൻ ഗ്രാൻഡ്പ്രി മൂന്നാം പാദത്തിനായി കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്നും പട്യാലയിലെത്തിയ പരിശീലകനെ വൈകീട്ട് താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മീറ്റ് കഴിഞ്ഞ് സഹപരിശീലകർ ഹോസ്റ്റലിലെത്തിയപ്പോൾ കോച്ചിെൻറ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന്, കതക് പൊളിച്ച് അകത്തുകടന്നപ്പോൾ നികോളായെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. സായ് ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം വ്യക്തമാവുമെന്നും എ.എഫ്.ഐ പ്രസിഡൻറ് സുമരിവാല അറിയിച്ചു.
ബെലറൂസുകാരനായ നികോളായ് 2005ലാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. പ്രീജ ശ്രീധരൻ, കവിത റാവത്ത്, സുധ സിങ് തുടങ്ങിയ താരങ്ങളെ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിലേക്ക് നയിച്ചു. ദീർഘകാലം ഇന്ത്യൻ ടീമിെൻറ ഭാഗമായിരുന്ന നികോളായ് ദീർഘ-മധ്യ ദൂര ഇനങ്ങളിൽ ഇന്ത്യൻ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. 2019 ഫെബ്രുവരിയിൽ രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയ നികോളായെ ടോക്യോ ഒളിമ്പിക്സ് ഒരുക്കങ്ങളുടെ ഭാഗമായാണ് വീണ്ടും നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.