മാര്‍ച്ച് 9 ലോക വൃക്ക ദിനമായി ആചരിക്കുകയാണ്. വൃക്ക രോഗങ്ങളെ കുറിച്ചും അവ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും അവബോധം വളര്‍ത്തുകയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വൃക്ക രോഗങ്ങളും അമിത വണ്ണവുമാണ് ഈ വര്‍ഷത്തെ ലോക വൃക്ക ദിനത്തിന്‍റെന്റെ ആശയം. അമിതവണ്ണവും പ്രമേഹവും വൃക്കരോഗം എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തും.
അമിതവണ്ണമുളള ഒരാളുടെ വൃക്കക്ക് കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. ഇത്തരക്കാരുടെ ശുദ്ധീകരിക്കേണ്ട രക്തത്തിന്‍റെ അളവും കൂടുതലായിരിക്കുന്നതു കൊണ്ടാണിത്. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയും ക്രോണിക് കിഡ്നി ഡീസിസ് വരാനുളള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. അമിതവണ്ണം, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ നിയന്ത്രിച്ച് 'വൃക്കരോഗ സാധ്യത കുറക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്ക ദിനത്തിന്‍റെ ലക്ഷ്യം.
വൃക്ക രോഗങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കുകയും വൃക്കരോഗങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ മനസിലാക്കി കൊടുക്കുകയുമാണ് വൃക്ക ദിനാചരണത്തിന്‍റെ മുഖ്യലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും ഇന്ത്യ 'പ്രമേഹത്തിന്‍റെ തലസ്ഥാനം' ആകും. ഇത് സ്വാഭാവികമായും വൃക്കരോഗികളുടെ എണ്ണം വർധിക്കാനിടയാക്കും. സംസ്ഥാനത്ത് മൂന്നിരൊലാള്‍ക്ക് പ്രമേഹ സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. പ്രമേഹ സാധ്യതയുളളവരും ബാധിച്ചവരും വൃക്കയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
|
തുടക്കത്തില്‍ത്തന്നെ കണ്ടുപിടിക്കാനായാല്‍ പല വൃക്കരോഗങ്ങളും ദേദമാക്കാനും നിയന്ത്രിക്കാനും കഴിയും. വൃക്കരോഗ വിദഗ്ധന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി മരുന്നുകള്‍ കഴിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ആദ്യ കാലങ്ങളില്‍ മരുന്നുകളും ഭക്ഷണ ക്രമീകരണങ്ങളും കൊണ്ടുള്ള ചികിത്സ മതിയാകും.
ഡയാലിസിസ് എപ്പോള്‍
വൃക്കകളുടെ പ്രവര്‍ത്തനം 15 ശതമാനത്തില്‍ താഴെ വന്നാല്‍ മരുന്നുകള്‍ കൂടാതെ 'ഡയാലിസിസ്' എന്ന ചികിത്സാ രീതി ആവശ്യമായി വരുന്നു. രണ്ടു രീതിയില്‍ ഡയാലിസിസ് ലഭ്യമാണ്. 'പെരിട്ടോണിയല്‍ ഡയാലിസിസ്' നമ്മുടെ ഉദരത്തിനകത്ത് കുടലുകളെ ആവരണം ചെയ്യുന്ന നേര്‍ത്ത ചര്‍മമായ പെരിട്ടോണിയത്തെ ഉപയോഗിച്ച് ചെയ്യുന്ന ചികിത്സാ രീതിയാണ്. 'ഹീമോ ഡയാലിസിസ്' എന്നത് ഒരു കൃത്രിമ വൃക്ക ഉപയോഗിച്ച് ഒരു ഉപകരണത്തിന്‍റെ സഹായത്തോടെ രോഗിയുടെ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ്. ചെറിയ കുട്ടികളില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ആണ് അഭികാമ്യം. സ്ഥായിയായ വൃക്കസ്തംഭനമുള്ള രോഗികള്‍ക്കുള്ള ഒരു ചികിത്സയായാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക. വളരെ ചെറിയ കുട്ടികളില്‍ ഈ ശസ്ത്രക്രിയ എളുപ്പമല്ല. ഇവരെ കുറച്ചുകാലം ഡയാലിസിസ് ചെയ്ത ശേഷമേ ശസ്ത്രക്രിയ നടത്താനാകൂ.
വൃക്കരോഗം കുട്ടികളില്‍
പ്രത്യേക പ്രായക്കാരില്‍ മാത്രം കണ്ടുവരുന്ന രോഗമല്ല വൃക്കരോഗം. കുട്ടികളിലും വളരെ കൂടുതലായാണ് വൃക്കരോഗങ്ങള്‍ സ്ഥിരീകരിച്ചു വരുന്നത്. നെഫ്രോട്ടിക് സിന്‍ഡ്രോം, അക്യൂട്ട് നെഫ്രൈറ്റിസ്, മൂത്രത്തില്‍ അണുബാധ, വൃക്കകളുടെയും മൂത്രനാളിയുടെയും ഘടനയില്‍ ഉണ്ടാകുന്ന ജന്മവൈകല്യങ്ങള്‍, വൃക്ക സ്തംഭനം എന്നിവയാണ് കുട്ടികളില്‍ കണ്ടുവരുന്ന വൃക്കരോഗങ്ങള്‍.
നിശ്ചിത അളവിലും വളരെ കൂടുതല്‍ പ്രോട്ടീന്‍ (ആല്‍ബുമിന്‍) മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണ് 'നെഫ്രോട്ടിക് സിന്‍ഡ്രം'. മുഖത്തും കാലിലും നീര്, മൂത്രത്തില്‍ പത എന്നിവയാണ് കുട്ടികളിലുണ്ടാകുന്ന ലക്ഷണങ്ങള്‍. ഒരു വൃക്കരോഗ വിദഗ്ധന്‍റെ (നെഫ്രോളജിസ്റ്റ്) നിര്‍ദേശ പ്രകാരം ചികിത്സിച്ചാല്‍ ഭൂരിഭാഗം കുട്ടികളിലും രോഗം നിയന്ത്രിക്കാനാവും.
വൃക്കകളുടെ ഘടനയില്‍ ജന്മനാ ഉള്ള വൈകല്യങ്ങളാണ് മറ്റുചിലത്. പൂര്‍ണ വളര്‍ച്ച എത്താത്ത വൃക്കകള്‍, മൂത്രനാളിയിലുണ്ടാകുന്ന തടസങ്ങള്‍, മൂത്രനാളിയും മൂത്രസഞ്ചിയും യോജിക്കുന്ന ഇടത്തുള്ള വാല്‍വുകളുടെ പ്രവര്‍ത്തന മാന്ദ്യം, വൃക്കളിലുണ്ടാകുന്ന കുമിളകള്‍ (സിസ്റ്റുകള്‍) എന്നീ വൈകല്യങ്ങള്‍ മൂത്രത്തില്‍ അണുബാധ ഉണ്ടാക്കുകയും കാലക്രമേണ വൃക്കസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
വൃക്ക സ്തംഭനം രണ്ടുതരം
വൃക്കസ്തംഭനം രണ്ട് തരമുണ്ട്. താൽകാലികമായ വൃക്കസ്തംഭനവും (അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍), സ്ഥായിയായ വൃക്ക സ്തംഭനവും (ക്രോണിക് റീനല്‍ ഫെയ്‌ലിയര്‍). പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ മൂലമാണ് താൽകാലികമായ വൃക്ക സ്തംഭനമുണ്ടാകുന്നത്. ഛര്‍ദി, അതിസാരം, ചില പ്രത്യേകതരം മരുന്നുകള്‍, അണുബാധ, മലേറിയ, പാമ്പിന്‍റെ വിഷം ഏല്‍ക്കുക, ചില ലോഹങ്ങള്‍, ജൈവിക വിഷം, നെഫ്രൈറ്റിസ്, ചില വൃക്കരോഗങ്ങള്‍ മുതലായവ വൃക്ക സ്തംഭനമുണ്ടാക്കുന്നു. സ്ഥായിയായ വൃക്ക സ്തംഭനമുണ്ടാകുന്നത് പഴകിയ രോഗങ്ങള്‍ മൂലമാണ്. ജനിതക രോഗങ്ങള്‍, വൃക്കകളില്‍ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, ഗ്ലോമറൂളോ നെഫ്രൈറ്റിസ് എന്ന രോഗസമുച്ചയം, വൃക്കകളിലെ കല്ലുകള്‍, മൂത്രത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന അണുബാധ, അമിത രക്തസമ്മര്‍ദം എന്നീ രോഗങ്ങള്‍ സ്ഥായിയായ വൃക്ക സ്തംഭനമുണ്ടാക്കാം.
മടിയില്ലാതെ നാടന്‍ പഴങ്ങള്‍ കഴിക്കാം
വീട്ടുപരിസരത്ത് നിന്ന് കിട്ടാവുന്ന ചക്കപ്പഴം, പേരക്ക, പപ്പായ, വാഴപ്പഴം, ജാതിക്ക, മങ്കോസ്റ്റിന്‍, ഫാഷന്‍ ഫ്രൂട്ട്, ആത്തപ്പഴം തുടങ്ങിയവ കുട്ടികള്‍ കഴിക്കാറില്ല. കൂടാതെ വ്യായാമമില്ലായ്മയും കുട്ടികളെ രോഗികളാക്കും. ചെറിയ വേദനയുണ്ടായാല്‍ ബ്രൂഫിനും പനിക്ക് പാരസിറ്റമോളും പോലുള്ള മരുന്നുകള്‍ പതിവാക്കുന്നത് വൃക്കരോഗത്തിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.