representational image

എന്തിന് ഇനി വിഭജനത്തിന്റെ വിഭാഗീയ സ്മരണകള്‍?

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും വർധിച്ചുവരുന്ന ദാരിദ്ര്യാസമത്വങ്ങളെക്കുറിച്ചും സാംസ്കാരിക-സാമൂഹിക സംയമനശീലങ്ങളെ തകർക്കുന്ന മതസങ്കുചിത ഭൂരിപക്ഷവാദത്തെക്കുറിച്ചുമുള്ള വലിയ വേവലാതികളും ആശങ്കകളും രോഷവും പ്രതിഷേധവും നിറഞ്ഞുനിൽക്കുന്ന കാലത്താണ് രാഷ്ട്രം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്നത് എന്നത് നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ട വസ്തുതയാണ്.

ഭരണകൂടം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകൾ മുമ്പ് ആരംഭിച്ച വലതുപക്ഷ പ്രത്യയശാസ്ത്ര യുദ്ധങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ ലക്ഷ്യംനേടുകയും ഇപ്പോഴത്‌ കൂടുതല്‍ ശക്തമായി ചുവടുറപ്പിക്കുകയും ചെയ്തിരിക്കുന്നു. ചരിത്രത്തിലൊരു കാലത്തും രാഷ്ട്രത്തെ കേവലമായ സാംസ്കാരിക മതദേശീയതയുടെ ചട്ടക്കൂടുപയോഗിച്ചല്ലാതെ കാണാന്‍ ശ്രമിച്ചിട്ടില്ലാത്ത രാഷ്ട്രീയശക്തികള്‍ അധികാരത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന സങ്കീർണതകള്‍ ഒന്നൊന്നായി നമ്മുടെ മുന്നില്‍ ചുരുളഴിയുകയാണ്‌.

അതിലൊന്നാണ് ഇപ്പോള്‍ ഇന്ത്യ-പാക് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ ഏഴു മിനിറ്റ് ദൈർഘ്യമുള്ള ലഘുചിത്രം. അതിന്റെ തുടക്കംതന്നെ 1947 ജൂണ്‍ രണ്ടിന് ഒപ്പുവെച്ച വിഭജന ഉടമ്പടിയുടെ ഫലമായി ഭഗവാന്‍ രാമന്റെ മകന്‍ ലവന്റെ ആസ്ഥാനമായ ലാഹോറും ഡാകേശ്വരി മാതയുടെ തീർഥസ്ഥലിയായ ഡാക്കയും ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നൻഖാനയുമെയെല്ലാം ഇന്ത്യക്ക് വിഭജനത്തിലൂടെ നഷ്ടപ്പെട്ടു എന്ന മതവൈകാരിക പ്രസ്താവന ഉയർത്തിക്കൊണ്ടാണ്.

തുടർന്ന് ഈ ലഘുചിത്രത്തില്‍ പ്രധാനമായും ബി.ജെ.പി കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസ്, മുസ്ലിം ലീഗ്, കമ്യൂണിസ്റ്റ് പാർട്ടി എന്നിവരെയാണ്. അവരുടെ ദേശീയത സങ്കൽപങ്ങളാണ് വിഭജനം എന്ന മഹാദുരന്തം നീതിമത്കരിക്കപ്പെടുന്നതിനുള്ള കാരണം എന്ന രീതിയില്‍, വിശേഷിച്ച് ജിന്നയെയും നെഹ്റുവിനെയും ഇക്കാര്യത്തില്‍ രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം എന്ന ലെനിനിസ്റ്റ് സൈദ്ധാന്തിക സങ്കൽപനം ഉയർത്തിയതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജി. അധികാരിയെയും അന്നത്തെ കമ്യൂണിസ്റ്റ് നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വിഭജന സമയത്തുണ്ടായ അക്രമങ്ങളുടെയും ദുരന്തങ്ങളുടെയും ഉത്തരവാദിത്തം ഇവർക്കാണ് എന്നുപറയാനാണ് വിഡിയോ ശ്രമിക്കുന്നത്. ആഗസ്റ്റ്‌ 14ന് ഈ വിഡിയോ പുറത്തിറക്കുന്നതിനുള്ള സന്ദർഭം കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ചതാണ്. എല്ലാ വർഷവും ആഗസ്റ്റ്‌ 14 'വിഭജന ബീഭത്സത സ്മൃതിദിന'മായി (Partition Horrors Remembrance Day) ആചരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. എന്നാല്‍, ഈ വിഭജനത്തിന്റെയും പാകിസ്താന് നൽകേണ്ട തുക നൽകാനുണ്ടായ വൈമനസ്യത്തിനെതിരെ നടത്തിയ ഉപവാസത്തിന്റെയും പേരില്‍ കൂടിയാണ് താന്‍ ഗാന്ധിയെ വധിച്ചതെന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തിയ ഗോദ്സെയെ തള്ളിപ്പറയാന്‍ ഈ ലഘുചിത്രം മിനക്കെടുന്നില്ല. വിഭജനത്തിന്റെ ബീഭത്സമായ പ്രത്യാഘാതങ്ങളിലൊന്ന് ഒരു ഹിന്ദുമത സങ്കുചിതവാദി അതിന്റെ പേരില്‍ ഗാന്ധിയെ വധിച്ചു എന്നതാണല്ലോ.

നരേന്ദ്ര മോദി തന്നെ ആഗസ്റ്റ്‌ 14ന് രാവിലെ സ്മൃതിദിനത്തെക്കുറിച്ച് സൂചിപ്പിച്ചും വിഭജനകാലത്ത് ജീവന്‍ പൊലിഞ്ഞവർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചും ട്വീറ്റ് ചെയ്തിരുന്നു. ഓർമകളെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്നതിന്റെ, വൈകാരികമായി പുനരവതരിപ്പിക്കാം എന്നതിന്റെ നല്ലൊരു ഉദാഹരണംകൂടിയായി ഇത് മാറുന്നുണ്ട്. ദക്ഷിണേഷ്യയുടെ ചരിത്രത്തില്‍ നാം സന്തോഷപൂർവം ആഘോഷിക്കേണ്ട ഓർമകളും ആത്മനിയന്ത്രണത്തോടെ, സംയമനത്തോടെ വൈകാരികവത്കരിക്കാതിരിക്കാന്‍ ശ്രമിക്കേണ്ട ഓർമകളുമുണ്ട്.

വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ നടന്നിട്ടുള്ള വേദനാജനകമായ കലാപങ്ങളെ 'ദേശീയസ്മൃതി'കളുടെ ഭാഗമാക്കുന്നത് അത്ര സ്വീകാര്യമായ സമീപനമായി എനിക്ക് ബോധ്യപ്പെടുന്നില്ല. വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ ദാരുണ സംഘർഷങ്ങളും ഹിംസകളും അങ്ങേയറ്റം ദൗർഭാഗ്യകരമായിരുന്നു. എന്നാല്‍, വിഭജനതീരുമാനം അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായി ദേശീയനേതൃത്വം സ്വീകരിച്ച നിലപാടായിരുന്നു. ഇന്ത്യയുടെ കൊളോണിയല്‍ വിരുദ്ധ സമരപാരമ്പര്യത്തിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ സുവ്യക്തമാവുന്ന ഒരു വസ്തുതയാണത്. അതിന്റെ ഭാഗമായി നിന്നിട്ടില്ലാത്തവരുടെ യുക്തികള്‍ വ്യത്യസ്തമാണ് എന്നത് ആ തീരുമാനത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ സാംഗത്യം ഇല്ലാതാക്കുന്നില്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത ധാരകള്‍ ഉണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ സമരരംഗത്ത്‌ ഇല്ലാതിരുന്ന ഹൈന്ദവവാദികള്‍, ബ്രിട്ടീഷ് ഭരണത്തെ നേരിട്ടെതിർക്കാതെ എന്നാല്‍, ക്രൈസ്തവ മിഷനറിമാർക്ക് എതിരായുള്ളതും അതിന്റെ കൂട്ടത്തില്‍ ഇന്ത്യയിലെ ഇസ്ലാമിക രാജവംശങ്ങളെ വിദേശികളായി ചിത്രീകരിക്കുന്നതുമായ ഒരു മതദേശീയത അക്കാലത്തും കൊണ്ടുനടന്നിരുന്നു. അതിന്റെകൂടി ഉൽപന്നമാണ്‌ സ്വാതന്ത്ര്യം ഇന്ത്യയെന്നും പാകിസ്താന്‍ എന്നുമുള്ള രണ്ടു നവരാഷ്ട്രങ്ങൾക്കായി വിഭജിച്ചു ലഭിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ അഖണ്ഡത, സായുധമായിത്തന്നെ സംരക്ഷിക്കാന്‍ തയാറായ സർദാർ വല്ലഭഭായ് പട്ടേല്‍, വിഭജനത്തെക്കുറിച്ചു പറഞ്ഞത് യു. ഭാസ്കര്‍ റാവു 1967ല്‍ എഴുതിയ 'ദ സ്റ്റോറി ഓഫ് റീഹാബിലിറ്റേഷൻ' എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട് (പേജ് 6): ''വിഭജനത്തിനുള്ള നിർദേശം നമ്മള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇന്ത്യ പിന്നീട് പല കഷണങ്ങളായി വിഭജിക്കപ്പെടുന്ന സാഹചര്യം സംജാതമാകും, ഇന്ത്യ സമ്പൂർണ നാശത്തിലേക്ക് നീങ്ങും". ഇതിനെക്കാള്‍ വ്യക്തമായി ആ തീരുമാനത്തിന് പിറകിലുള്ള വേദനകളെയും അനിവാര്യതകളെയും കുറിച്ച് പറയാനാവില്ല.

മാത്രമല്ല, ഇന്ത്യയെ വിഭജിച്ചു എന്ന വ്യവഹാരംതന്നെ പൂർണമായും ശരിയാണെന്നു തോന്നുന്നില്ല. അങ്ങനെ വിഭജിക്കാന്‍ ഒരു ഇന്ത്യ മുന്‍‌കൂര്‍ ഉണ്ടായിരുന്നില്ല. ശ്രീലങ്കയും നേപ്പാളും ഭൂട്ടാനും ഇപ്പോള്‍ പാകിസ്താനും സ്വാതന്ത്ര്യത്തോടെ ഇന്ത്യയും പാകിസ്താനുമായി മാറിയ പ്രദേശങ്ങളും പിന്നീട് ഇന്ത്യന്‍ യൂനിയനില്‍ ലയിച്ച കശ്മീരും സിക്കിമും പാകിസ്താനിൽനിന്ന് വിട്ടുപോയ ബംഗ്ലാദേശും എല്ലാം ചേർന്ന ദക്ഷിണേഷ്യയാണ് ഉണ്ടായിരുന്നത്. ഇന്ത്യയും പാകിസ്താനും എന്ന രണ്ടു രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തോടെ സൃഷ്ടിക്കപ്പെടുകയായിരുന്നു. ഒരു വിഭജനവുമില്ലാത്ത ഏകീകൃത ദക്ഷിണേഷ്യ ഉണ്ടാവാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ ആരുമതിനെ എതിർക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

ഇന്ന് ഇന്ത്യയുടെ പ്രശ്നം 1947ല്‍ നടന്ന ഇന്ത്യ-പാക് വിഭജനമല്ല. ആ ചരിത്രത്തെ വിഭാഗീയമായി വൈകാരികവത്കരിക്കുക എന്നത് നമ്മുടെ അജണ്ടയാവാന്‍ പാടുള്ളതുമല്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യ എത്തിനിൽക്കുന്നത് അഭൂതപൂർവമായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളുടെ നടുവിലാണ്. അമേരിക്കയെയും യൂറോപ്പിനെയും ഗ്രസിക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതങ്ങള്‍ തടയാന്‍ കഴിയാതെ ഇന്ത്യ അതിന്റെ ആഴങ്ങളില്‍ നിപതിക്കുകയാണ്.

ഭരണഘടനതന്നെ പരമാധികാരത്തിന്റെ വിനാശഭീഷണി നേരിടുന്ന കാലംകൂടിയാണിത്. ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക് ലഭിച്ച പൊതുസ്വീകാര്യത ഞെട്ടിപ്പിക്കുന്നതായിരുന്നു. പൗരത്വ നിയമത്തിനെതിരെ, കാർഷിക-വ്യവസായിക മേഖലകളിലെ, ഭരണഘടനാവിരുദ്ധം എന്ന് വിലയിരുത്തപ്പെട്ട നിയമ ഭേദഗതികൾക്കെതിരെ, അഗ്നിപഥ് പദ്ധതിക്കെതിരെ എല്ലാം സമരംചെയ്ത കർഷക-തൊഴിലാളി-വിദ്യാർഥി-യുവജന വിഭാഗങ്ങൾക്കു നേരെയുണ്ടായ ഭരണകൂട മൃത്യുരാഷ്ട്രീയം അത്രയുംതന്നെ ഭീതിജനകമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സ്മരണയില്‍ അമൃതോത്സവം ആഘോഷിക്കുമ്പോള്‍, വിഭജനത്തെക്കുറിച്ചുള്ള വിഭാഗീയ സ്മരണകളല്ല, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന ചോദ്യമാണ് നമുക്കു മുന്നില്‍ പൂർവാധികം ശക്തിയോടെ ഉയർന്നുവരേണ്ടത്.

Tags:    
News Summary - Why communal memories of Partition?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.