?????? ????????? ???????? ???????? ??? ????? ?????????? ????????????? ???? ????????????????????????????? ???? ????????? ???????? ????????????????????...

ആരാണ്​ കർത്താവി​െൻറ മണവാട്ടികളെ തെരുവിലിറക്കിയത്...?

സ്കൂളുകളുകളിലും ആതുരാലയങ്ങളിലും പള്ളികളിലുമായി ജീവിതം കഴിച്ചിരുന്ന കന്യാസ്ത്രീകളാണ്​ ഇപ്പോൾ നീതി തേടി തെരുവിൽ നിൽക്കുന്നത്​. വഴിവക്കിലിരുന്ന്​ അവർ നീതിവേണമെന്ന്​ നിലവിളിക്കു​ന്നുവെങ്കിൽ പൊതു സമൂഹത്തിന്​ മുഴുവൻ അതിൽ ഉത്തരവാദിത്തമുണ്ട്​. സഭാചരിത്രത്തിൽ ആന്യമായാണ് കന്യാസ്ത്രീകൾ ഒരു ബിഷപ്പിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങ​ുന്നത്​. സഭയുടെ വിശ്വാസ സംരക്ഷണ റാലികളിലോ, ഭിന്നശേഷിക്കാരായ കുട്ടികൾ നടത്തുന്ന സമരങ്ങളിലോ ആയിരിക്കാം ഇതിന് മുമ്പ് കന്യാസ്ത്രീകളെ കണ്ടിരിക്കുക. എന്നാൽ, ശനിയാഴ്ച കൊച്ചി ഹൈക്കോർട്ട് ജംങ്ഷനിൽ മിഷനറീസ് ഓഫ് ജീസസ് കോൺവ​​​​െൻറിലെ അഞ്ച് കന്യാസ്ത്രീകൾ മാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത് പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുന്നു.

സഭയിൽ നിന്നും സർക്കാറിൽ നിന്നും നീതി കിട്ടുന്നില്ല എന്നാണ് അവർ പറയുന്നത്. നീതിമാനായ ദൈവത്തി​​​​െൻറ പ്രതിപുരുഷൻമാരുടെ അപരാധങ്ങളിൽ നിന്നും നീതി തേടിയാണ് ഇവർ സമരം ആരംഭിച്ചതെന്നത്​ മറ്റൊരു വിരോധാഭാസം. ഇതുവരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ അവർ പറയുന്നതിൽ കഴമ്പുെണ്ടന്നത് വ്യക്തം. തന്നെ പീഡിപ്പിച്ചുെവന്ന് ഒരു സ്ത്രീ പരാതി നൽകിയാൽ ആ ദിവസം തന്നെ പ്രതിയെ കസ്്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യാൻ ആർജവം കാണിക്കുന്ന കേരള പൊലീസാണ് 75 ദിവസം കഴിഞ്ഞിട്ടും ചെറുവിരൽ അനക്കാൻ പോലും കഴിയാതെ തെരുവ് നായ നടക്കുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും അലയുന്നത്​. തെളിവെടുപ്പും മൊഴിയെടുപ്പും അന്വേഷണവും അവസാനഘട്ടത്തിലെത്തിയെന്ന് ഡി.ജി.പി തന്നെ പറ‍യുമ്പോഴും അന്വേഷണം എവിടെ എത്തിയെന്ന് ആർക്കും വലിയ നിശ്ചയമില്ല.

കൊച്ചി ഹൈക്കോടതി ജംഗ്​ഷനിലെ സമരപ്പന്തലിൽ വിതുമ്പുന്ന കന്യാസ്​ത്രീകൾ

ദാരിദ്ര്യം, അനുസരണം, കന്യാവ്രതം എന്നീ മൂന്നു കാര്യങ്ങളിൽ അധിഷ്ഠിതമാണ് ഒരു കന്യാസ്ത്രീയുടെ ജീവിതം. പത്താം ക്ലാസ് കഴിയുന്നതോടെ തിരിച്ചറിവി​​​​െൻറ പ്രായത്തിനും മുമ്പേ പലരും മഠത്തിൽ എത്തിപ്പെടുന്നുണ്ട്. കന്യാസ്ത്രീ ആകുന്നതിന് മുമ്പേ ചിലർ മഠത്തിൽ നിന്നും പിരിയാറുമുണ്ട്. എന്നാൽ, തിരുവസ്​ത്രമിട്ടു കഴിഞ്ഞാൽ സന്യാസ സമൂഹത്തിൽ നിന്നും പിരിഞ്ഞു പോരുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ തന്നെ ഇഷ്ടമില്ലെങ്കിൽ കൂടിയും അവർക്ക് ആജീവനാന്തകാലം മഠത്തിൽ തുടരേണ്ടി വരുന്നു. മിക്കവാറും മഠങ്ങൾക്കും സ്കൂളോ ആശുപത്രിയോ വൃദ്ധസദനങ്ങളോ കാണും. അതുകൊണ്ട് ഭൂരിഭാഗം കന്യാസ്ത്രീകളും നഴ്സുമാരും അധ്യാപകരുമായിരിക്കും. ഡോക്ടർമാരും അഭിഭാഷകരും വരെ ഇക്കൂട്ടത്തിലുണ്ട്. വർഷത്തിൽ 10 ദിവസം മാത്രമാണ് ഒരു കന്യാസ്ത്രീക്ക് സ്വന്തം വീട്ടിൽ അവധിക്ക് വരാൻ സാധിക്കുക. സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു മാസം 300 മുതൽ 500 രൂപ വരെ മഠത്തിൽ നിന്ന് നൽകിയേക്കാം. മൂന്ന് ജോഡി വസ്ത്രം മാത്രമെ ഇവർക്ക് ഒരു വർഷം ഉപയോഗിക്കാൻ അനുവാദമുള്ളു. ഒരു ചെരുപ്പ് പൊട്ടിയാൽ പോലും മദറിനെയോ മദർ സുപ്പീരിയറിനെയോ കണ്ട് കാരണം ബോധിപ്പിച്ചാലാണ് പുതിയത് വാങ്ങാനാവുക.

ജോലി െചയ്ത് കിട്ടുന്ന ശമ്പളമത്രയും മഠത്തിലേക്ക് സ്വരുക്കൂട്ടും. മിക്കവാറും സ്വന്തം സ്ഥാപനങ്ങളായതിനാൽ ശമ്പളത്തി​​​​െൻറ കാര്യമൊക്കെ ഓരോ മഠങ്ങളും നിശ്ചയിക്കുന്നപോലെ ആയിരിക്കും. മിക്കയിടത്തും വൈദികർക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്നതും പള്ളി അലങ്കരിക്കുന്നതും ഇവർ തന്നെ. വൈദികരോടോ വൈദിക മേലധ്യക്ഷൻമാരോടോ മറുത്തൊന്നും പറയാൻ ഒരു കന്യാസ്ത്രീയും മുതിരാറുമില്ല. ഏതെങ്കിലും ഒരു വൈദികനെതിരെയോ മതമേലധ്യക്ഷനെതിരെയോ മഠത്തിലെ സുപ്പീരിയേഴ്സിനെതിരെയോ പറയുന്നത് ആത്മഹത്യാപരവുമാണ്. അങ്ങനെ ചെയ്താൽ മഠത്തിനുള്ളിൽ അന്യയായി ആജീവനാന്തകാലം തള്ളി നീക്കേണ്ടി വരും. അല്ലെങ്കിൽ മഠത്തിൽ നിന്നും പുറത്തുപോകേണ്ടി വരും. ഇങ്ങനെയുള്ള കന്യാസ്ത്രീകളാണ് സമൂഹത്തിന് മുമ്പിൽ നീതിക്കായി സമരത്തിനിറങ്ങിയത്.

കുറച്ചു കാലമായി കത്തോലിക്കാ സഭക്ക് മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കർദിനാൾ രാജാവാണെന്ന് കോടതിയിൽ മാർ ജോർജ് ആലഞ്ചേരിയുടെ അഭിഭാഷകൻ പറഞ്ഞതു മുതൽക്കെ വിശ്വാസികൾ രണ്ട് തട്ടിലായിക്കഴിഞ്ഞിരുന്നു. പോരാത്തതിന് സഭയുടെ സ്വത്തി​​​​െൻറ പരമാധികാരി കൂടി താനാണെന്ന് പറഞ്ഞതോടെ വിശ്വാസികൾക്കിടയിലെ ചേരിതിരിവ് വർധിച്ചു. കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കി, അതി​​​​െൻറ ഉത്തരവാദിത്വം പെൺകുട്ടിയുടെ പിതാവി​​​​െൻറ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതി​​​​െൻറയൊക്കെ തകർച്ചയിൽ നിന്നും സഭ മുക്തി നേടുന്നതിന് മുമ്പേയാണ് പുതിയ സംഭവ വികാസങ്ങൾ. ഇതിനിടെയാണ് വൈദികർ കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ മാറി മാറി പീഡിപ്പിച്ചത്. ആ ഞെട്ടൽ മാറുന്നതിനും മുമ്പേ മെത്രാൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതി വന്നു. പരാതി വ്യാജമായിരിക്കട്ടെയെന്ന് ഒരോ വിശ്വാസിയും പ്രാർഥിച്ചു കാണും. കാരണം കന്യാസ്ത്രീയെന്നത് ഒരിക്കലും രംഗത്ത് വരാത്ത, അവർ ചെയ്യുന്ന സേവനം എന്തെന്ന് നാലാൾ അറിയാത്ത വിഭാഗമാണ്. അതിനാൽ കന്യാസ്ത്രീയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ നഷ്ടം ആ കന്യാസ്ത്രീക്ക് മാത്രമായിരിക്കും. പിതാവിനെതിരെ വ്യാജ പരാതി നൽകിയെന്ന് ആരോപിച്ച് മഠത്തിൽ നിന്നും പുറത്താക്കുക കൂടി ചെയ്താൻ സഭക്ക് അഗ്നിശുദ്ധി വരുത്താം. ഇടയൻമാർക്ക് പഴയപോലെ നിർബാധം കുഞ്ഞാടുകളെ മേക്കാം.

ഫാദർ പോൾ തേലേക്കാട്​ കന്യാസ്​ത്രീകളുടെ സമരപ്പന്തലിൽ

എന്നാൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ലകന്യാസ്ത്രീയുടെ പരാതിയിൽ കൃത്യമായ തെളിവുണ്ടെന്ന് മതമേലധ്യക്ഷൻമാർക്കും മതേതര - ബൂർഷ്വവിരുദ്ധ ഭരണകർത്താക്കൾക്കും ഇതിനകം തന്നെ മനസ്സിലായ കാര്യമാണ്. എന്നാൽ, തെളിവുകൾ പോരെന്ന് പറഞ്ഞ് കേസ് തള്ളി നീക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിലധികമായി. ഒരു തവണ ജലന്ധറിൽ പോയി തെളിവെടുപ്പ് നാടകം നടത്തിയ കേരള പോലീസ് പരാതിക്കാരിയായ കന്യാസ്ത്രീയെ ചോദ്യം ചെയ്തത് ആറ് തവണയാണ്. ഇര പീഡിപ്പിക്കപ്പെട്ട കാര്യം വീണ്ടും വീണ്ടും ആവർത്തിച്ച് പറയേണ്ടി വരിക എന്നത് മ്ലേച്ഛമായ കാര്യമാണ്. അതും പൊതുസമൂഹത്തിൽ നിന്നും തീർത്തും മാറി നിൽക്കുന്ന ഒരു വ്യക്തിയിൽ നിന്നും. ഇങ്ങനെ കന്യാസ്ത്രീകൾ പൊതുഇടങ്ങളിൽ വലിയ ഇടം പിടിക്കാത്തതിനാലോ, എന്തെങ്കിലും പറഞ്ഞാൽ അത് മതവിശ്വാസത്തിനെതിരാകുമോ എന്നുള്ള ഭയത്താലോ പ്രബുദ്ധ കേരളത്തിലെ പ്രതികരണശബ്ദങ്ങളൊന്നും തന്നെ ഇക്കാര്യത്തിൽ ഉയർന്നു കേട്ടതുമില്ല.

കന്യാസ്​ത്രീകളുടെ സമരപ്പന്തലിൽ നിന്ന്​

ഒരു രൂപതയിലെ അവസാന വാക്കാണ് മെത്രാൻ. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഒരോ രൂപതക്കും കീഴിലുള്ളത്. വിവിധ സന്യസ്ത സമൂഹങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം സ്വാധീനം ചെലുത്താൻ മെത്രാന് കഴിയും. ഓരോ സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ കൃത്യമായി ഇടപെടുകയും ചെയ്യും. ആശുപത്രി, സ്കൂൾ, ഷോപ്പിങ് കോംപ്ലക്സ് തുടങ്ങി കോടിക്കണക്കിന് രൂപയുടെ ആസ്തി ഓരോ രൂപതക്കുമുണ്ട്. ഇതൊക്കെ കൈകാര്യം ചെയ്യുന്നതിൽ നേതൃത്വം മെത്രാനായിരിക്കും. പള്ളികളിൽ വായിക്കുന്ന ഇടയലേഖനങ്ങളിലൂടെയാണ് മെത്രാൻ വിശ്വാസികളുമായി സംവദിക്കുന്നത്. മറ്റു മതങ്ങളെ അപേക്ഷിച്ച് വളരെ ബലിഷ്ഠമായ ഹയറാർക്കിയും ഭരണ രീതിയും കത്തോലിക്ക സഭക്കുണ്ട്. വിശ്വാസികളെ ഒന്നിപ്പിച്ചു നിർത്തുന്നതിനും കൃത്യമായി നിർദേശങ്ങൾ നൽകുന്നതിനും വിശ്വാസികളിൽ ആശയരൂപവത്കരണം നടത്തുന്നതിനും ഉന്നതവിദ്യാഭ്യാസം നേടിയ വൈദികർക്ക് കഴിയുന്നു. അതുകൊണ്ടാണ് മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെയും മദ്യത്തിനെതിരെയുമെല്ലാം സംഘടിതമായി സമരം ആവിഷ്കരിക്കാൻ മെത്രാൻമാർക്ക് സാധിച്ചത്. ചില വൈദികരുടെ നിസ്വാർഥ ജീവിതം വിശ്വാസികളെ കൂട്ടിയോജിപ്പിക്കുന്നതിന് പ്രധാന ഘടകവുമായിരുന്നു. എന്നാൽ, ഈയിടെ വിശ്വാസികൾക്കിടയിലുള്ള സ്വാധീനം കൈമോശം വന്നുവെന്നതിന് വ്യക്തമായ തെളിവാണ് സംസ്ഥാന സർക്കാർ നാടുനീളെ ബാർ തുറന്നപ്പോൾ പണ്ട് മദ്യത്തിനെതിരെ വാളെടുത്ത് തുള്ളിയ മെത്രാൻമാരുടെ പ്രസ്താവനകൾപോലും കാണാതിരുന്നത്​. എന്നാൽ, അധികാര കേന്ദ്രങ്ങളിൽ മെത്രാൻമാർക്ക് സ്വാധീനം തെല്ലും നഷ്ടപ്പെട്ടില്ല എന്നതിന് തെളിവാണ് മെത്രാനെതിരായ പീഡനക്കേസ് വലിച്ചു നീട്ടുന്നത്.

കന്യാസ്​ത്രീകളുടെ സമരത്തിന്​ ​െഎക്യദാർഡ്യവുമായി റിട്ട. ജസ്​റ്റിസ്​ കെമാൽ പാഷ സമരപ്പന്തലിൽ

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നിടമാണ് പള്ളികളെന്നാണ് ഒരോ ക്രിസ്ത്യാനിയെയും പഠിപ്പിക്കുന്നത്. പള്ളിയോട് ഏറ്റവും അടുത്ത് കഴിയുന്നവർ തങ്ങളുടെ പ്രശ്ന പരിഹാരത്തിനായി തെരുവിലിറങ്ങിയെങ്കിൽ അത് ഒരു വിശ്വാസ സമൂഹത്തി​​​​െൻറ തന്നെ പതനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അധികാരവും പണവും സംരക്ഷിക്കാൻ വേണ്ടി മതമേലധ്യക്ഷൻന്മാർ നടത്തുന്ന ശ്രമങ്ങളിൽ കുറവിലങ്ങാട് കോൺവ​​​​െൻറിലെ കന്യാസ്ത്രീയുടേതുപോലെ നിരവധി ജീവിതങ്ങൾ സഭക്കുള്ളിൽ ചവിട്ടി അരക്കപ്പെടുന്നു. സ്തുത്യർഹമായ സേവനം നടത്തുന്ന വൈദികർക്കുപോലും സഭാ നേതൃത്വത്തി​​​​െൻറ നെറികെട്ട പ്രവർത്തനത്തിൽ തല താഴ്ത്തേണ്ട സ്ഥിതി സംജാതമായി.

സഭാനേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് കന്യാസ്ത്രീ സർക്കാറിന് മുമ്പിൽ നീതിക്കായി എത്തിയത്. എന്നാൽ, സഭയിൽ നിന്നും ലഭിച്ചതിനപ്പുറമൊന്നും സർക്കാറിൽ നിന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പൊതുസമൂഹത്തിനും കോടതിക്കും മുമ്പിൽ എത്തിയിരിക്കുകയാണ്. ഇഹലോക ജീവിത്തിലെ എല്ലാ ആനന്ദങ്ങളും ത്യജിച്ച്, ആരിൽ നിന്നും ഒരു നന്ദി വാക്കുപോലം പ്രതീക്ഷിക്കാതെ വളരെ നിശബ്ദരായി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്നവരാണ് കന്യാസ്ത്രീകൾ. ദൈവത്തി​​​​െൻറ കോടതിയിൽ അവർക്ക് നീതി ലഭിച്ചേക്കാം. എന്നാൽ, ഈ ലോകത്തിലെ ഭരണകർത്താക്കളുടേയും നീതിപാലകരുടേയും മുന്നിൽ നീതിക്കായി അഭ്യർഥിക്കുമ്പോൾ മുഖം തിരിച്ചു നിൽക്കുന്നത് അങ്ങേയറ്റം നിരാശാജനകാണ്.

Tags:    
News Summary - who lead the nuns to street fight for justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.