രാജീവ് ഗാന്ധിയും ഗോർബച്ചേവും 1985ൽ മോസ്കോയിൽ ചർച്ച നടത്തിയപ്പോൾ. പ്രധാനമ​ന്ത്രി പദമേറ്റ ശേഷം രാജീവ് നടത്തിയ ആദ്യ വിദേശയാത്ര സോവിയറ്റ് യൂനിയനിലേക്കായിരുന്നു. 

ഗോ​ർ​ബ​ച്ചേ​വു​മാ​യി ന​ട​ത്തി​യ ര​ണ്ട​ര അ​ഭി​മു​ഖ​ങ്ങ​ൾ!

അധികാരത്തിലിരുന്ന കാലത്ത് പലതും വാഗ്ദാനംചെയ്ത പാശ്ചാത്യ മധ്യസ്ഥർ നടത്തിയ ചതി തന്റെ പതനത്തിനുശേഷമുള്ള നീണ്ട 31 വർഷക്കാലം നിശ്ശബ്ദമായി ഗോർബച്ചേവിനെ നീറിച്ചിട്ടുണ്ടാവും. ''ഇപ്പോൾ ഞാൻ എല്ലാം തെളിഞ്ഞുകാണുന്നുണ്ട്. അവർ കൃത്യമായ പദ്ധതി നടപ്പാക്കുകയായിരുന്നു'' -അദ്ദേഹം എന്നോട് പറഞ്ഞു. കിഴക്കൻ യൂറോപ്പിലേക്ക് നാറ്റോ വ്യാപനത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകിയപ്പോഴായിരുന്നു പടിഞ്ഞാറിന്റെ പദ്ധതികൾ അദ്ദേഹം തിരിച്ചറിഞ്ഞത്. അധികാരഭ്രഷ്ടനായ ശേഷം അദ്ദേഹവുമായി ഞാൻ നടത്തിയ അഭിമുഖം യൂട്യൂബിലുണ്ട്.

മിഖായേൽ ഗോർബച്ചേവ് (1985-91), രാജീവ് ഗാന്ധി (1984-85 മുതൽ 91 വരെ) എന്നീ രാഷ്ട്രനേതാക്കളുടെ രാഷ്ട്രീയ കരിയറുകളിൽ സമാനതകളേറെയുണ്ടായിരുന്നു. ഇന്ത്യൻ മാധ്യമപ്രവർത്തകർ സ്വന്തം കണ്ണുകളാൽ ലോകം കാണണമെന്ന പതിറ്റാണ്ടായി മനസ്സിൽ താലോലിച്ച 'ലോക റിപ്പോർട്ട്' പദ്ധതിയുമായി 1984ലാണ് ഞാൻ ഇന്ത്യൻ എക്സ്പ്രസ് വിടുന്നത്. 1985 മേയിൽ രാജീവ് ഗാന്ധി നടത്തിയ കന്നി വിദേശയാത്രാ സംഘത്തിനൊപ്പം മോസ്കോയിലെത്തിയത് പ്രിന്റ് മാധ്യമലോകം വിട്ട് ദൃശ്യമാധ്യമ രംഗത്തേക്കുള്ള എന്റെ മാറ്റത്തിൽ വലിയ ചുവടായി. 1994 വരെ ഇവിടെ സംപ്രേഷണംചെയ്തിരുന്ന ഏക ദൃശ്യമാധ്യമം ദൂരദർശനായിരുന്നു. പിൽക്കാലത്ത് മൻമോഹൻ സിങ്ങിന്റെ പരിഷ്കരണങ്ങളുടെ ചുവടുപിടിച്ച് സജീവമായ പരസ്യങ്ങളുടെ പങ്കുപറ്റി സ്വകാര്യ ചാനലുകളുടെ വൻ തള്ളിച്ചയുണ്ടായി.

ജീവിതത്തിലെ ഏറ്റവും മികച്ച അസൈൻമെന്റുകളിലൊന്ന് എനിക്ക് ലഭിച്ചത് ആ യാത്രയിലായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം 50ലേറെ മാധ്യമപ്രവർത്തകരുണ്ടായിട്ട് എനിക്കു മാത്രം എന്തേ അഭിമുഖം നടത്താനായി പ്രത്യേക പരിഗണന എന്നതായിരുന്നു മറ്റുള്ളവരുടെ ചൊടി. ''ഒരാൾക്കു മാത്രം എന്തുകൊണ്ടാണ് സ്കൂപ് ലഭിക്കുന്നത്'' -അവർ മുറുമുറുത്തു. വായിൽ നിറയെ പാൻപരാഗുമായി നടക്കുന്ന വിദേശകാര്യ സെക്രട്ടറി റൊമേഷ് ഭണ്ഡാരിക്ക് വിഷയം എങ്ങനെ പറഞ്ഞുതീർക്കാമെന്ന് അറിയില്ലായിരുന്നു. ഗോർബച്ചേവ് നടപ്പാക്കിയ ഗ്ലാസ്നോസ്റ്റ് എല്ലാം തുറന്നുനൽകിയെന്നു പറഞ്ഞപ്പോഴും നിലവിലുണ്ടായിരുന്ന സോവിയറ്റ് സംവിധാനപ്രകാരം വാർത്താസമ്മേളനത്തിന് അവിടെ ഇടമില്ലായിരുന്നു.

എങ്കിൽ പിന്നെ അഭിമുഖം ഉപേക്ഷിക്കണം. അതിൽ പങ്കെടുക്കാനും തടസ്സങ്ങളേറെ കിടക്കുന്നു.പ്രധാനമന്ത്രിയുടെ ഓഫിസ്, സന്ദർശനത്തിന്റെ മുഖ്യപരികർമിയായിരുന്ന ജി. പാർഥസാരഥി, വിദേശകാര്യ മന്ത്രാലയ ഓഫിസ്, ദൂരദർശൻ, റോ, മോസ്കോയിലെ അംബാസഡർ നൂറുൽ ഹസൻ, മറ്റു പ്രതിനിധികൾ എന്നിവരെല്ലാം എന്നെ കണ്ട് വിശദമായ ചോദ്യാവലി ആവശ്യപ്പെട്ടു.

അവസാനം ഭണ്ഡാരി വന്ന് ഒരു മധ്യസ്ഥ ഫോർമുല മുന്നിൽവെച്ചു. അഭിമുഖം എനിക്കുതന്നെ നടത്താം. മറ്റു മാധ്യമപ്രവർത്തകർക്ക് ഒരു പ്രതിനിധിയെ എന്റെ അഭിമുഖ വേദിയിൽ അയക്കാം. അഭിമുഖത്തിന് െക്രംലിനും അംഗീകാരം നൽകി. മാധ്യമപ്രവർത്തകർ പല വിഭാഗങ്ങളായി തിരിഞ്ഞ് അവരുടെ പ്രതിനിധിക്കായി ചർച്ചതുടങ്ങി. ഹിന്ദുവിലെ എൻ. റാമാണ് തീർപ്പുനൽകിയത്. ബ്ലിറ്റ്സിലെ ആർ.സി കരഞ്ജിയയെ പ്രതിനിധിയാക്കാം. അതുവഴി എന്റെ മാത്രമായ ഒറ്റയാൻപ്രകടനം ഒഴിവാക്കാം. അതും െക്രംലിനിൽ നടക്കുന്ന ആദ്യ അഭിമുഖത്തിൽ.

ഉച്ചകോടി നടക്കുന്ന ഹാളിന് സമീപത്തായി കുറഞ്ഞഭാഗം കയറുകെട്ടി വേർതിരിച്ചിട്ടുണ്ട്. ബോക്സിങ് റിങ് പോലെ തോന്നിച്ച സ്ഥലം. പക്ഷേ, ഉയർന്നുനിൽക്കുന്നില്ലെന്ന് മാത്രം. അകത്ത് നാലു കസേരകൾ. ഒന്ന് ഗോർബച്ചേവിന്. മറ്റൊന്ന് സഹായിക്ക്. അവശേഷിച്ചവ എനിക്കും റൂസിക്കും. മറ്റു മാധ്യമപ്രവർത്തകർ ബോക്സിങ് റിങ്ങിനു പുറത്തെ കാഴ്ചക്കാരെ പോലെയും.അഭിമുഖത്തിനായി ഗോർബച്ചേവ് വരുന്ന വഴിയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് മാധ്യമപ്രവർത്തകർ. ലേഖകരിൽനിന്ന് ചോദ്യപേപ്പറുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് അവരുടെ പ്രതിനിധിയായ കരഞ്ജിയ. അവർ ചോദിക്കാൻ ഉദ്ദേശിച്ചവ എഴുതിയ കുറിപ്പുകളായിരുന്നു കടലാസുകളിൽ.അപ്പോഴതാ, കതക് തുറക്കുന്നു. ക്രൂഷ്ചേവ് കാലം മുതൽ വിദേശകാര്യ മന്ത്രിയായ ആന്ദ്രേ ഗ്രോമികോ വാതിലിനരികെ നിന്ന് ഒരുക്കങ്ങൾ നിരീക്ഷിക്കുന്നു.

തൊട്ടുപിറകെ ഭണ്ഡാരിയും എത്തി കൈകൾ വീശിപ്പറഞ്ഞു -''സുഹൃത്തുക്കളേ, അഭിമുഖം ഉണ്ടാകില്ല. ഒരു കൊച്ചു പത്രസമ്മേളനം തെറ്റായ സന്ദേശം നൽകും.''എന്തു സംഭവിച്ചുവെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. മാധ്യമപ്രതിനിധികളുടെ തിക്കുംതിരക്കും കണ്ട് ഗോർബച്ചേവിനെയും ഭണ്ഡാരിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും മാറ്റിനിർത്തി ഗ്രോമികോ രംഗമേറ്റെടുത്തതാണ്. കുറെ പേർ റിങ്ങിന് പുറത്തുനിന്ന് ചോദ്യങ്ങളെറിഞ്ഞെന്നു വന്നാൽ കുഴഞ്ഞുമറിയാവുന്ന സാഹചര്യത്തിലേക്ക് പുതിയ നേതാവിനെ തൽക്കാലം ഇട്ടുകൊടുക്കുന്നില്ല.

''ഈ അവസരം നഷ്ടമായെങ്കിലും എല്ലാം കൈവിട്ടില്ല'' -ഞാൻ സ്വയം ആശ്വസിപ്പിച്ചു. ഗോർബച്ചേവിന്റെ ഇന്ത്യൻ സന്ദർശനം 1986 ഡിസംബറിൽ നടക്കുമെന്ന് പ്രഖ്യാപനം വന്നയുടൻ ഞാൻ വീണ്ടും മോസ്കോയിലെത്തി.ഇത്തവണ കൗളിനായിരുന്നു അഭിമുഖ ചുമതല. ഒരാളല്ല, ഔദ്യോഗിക മാധ്യമങ്ങളിലെ നാലു പ്രതിനിധികൾ എനിക്കൊപ്പം ഇരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അതത്ര തൃപ്തികരമായിരുന്നില്ല. വ്ലാഡിർമിൻസ്കി ഹാളിലേക്ക് ചെല്ലുമ്പോൾ എന്റെ മാനസികാവസ്ഥ അതിനനുസരിച്ചായിരുന്നു.

ഓരോ ചോദ്യത്തിലെയും അക്ഷരങ്ങൾ വരെ കൗളും സംഘവും പരിശോധിച്ച് അനുമതി നൽകിയവ മാത്രം. മേശയുടെ അങ്ങേയറ്റത്ത് ഗോർബച്ചേവ് ഇരിക്കുന്നു. അദ്ദേഹത്തിന് ഏറ്റവും അടുത്തായാണ് എനിക്ക് ഇരിപ്പിടം. എന്റെ ഇടതുവശത്തായി ഔദ്യോഗിക മാധ്യമപ്രതിനിധികൾ. മേശക്ക് എതിർവശത്ത് ഗൗരവത്തോടെ നോക്കുന്ന മൂന്ന് റഷ്യൻ ഉദ്യോഗസ്ഥർ. സംശയം വിടാത്ത പരിശോധകരായായിരുന്നു അവരുടെ ഇരിപ്പ്. എനിക്ക് എതിർവശത്തായി ഇന്ത്യൻ പ്രസ് സെക്രട്ടറി വീണ സിക്രിയുമുണ്ട്.

''സെർഗീവിച്, ലൈബ്രറിയിൽവെച്ചാകും അഭിമുഖമെന്നായിരുന്നു പറഞ്ഞത്, ഇവിടെ പുസ്തകങ്ങളില്ലല്ലോ'' -ഞാൻ ചോദിച്ചു.''പുസ്തകങ്ങൾ അടുത്ത മുറിയിലുണ്ട് -ധാരാളം പുസ്തകങ്ങൾ'' -മറുപടി. ''വായനക്ക് സമയം കണ്ടെത്താറുണ്ടോ?''''അതേ, തീർച്ചയായും, വായന എനിക്ക് ശീലമാണ്.''''താങ്കൾ നിർദേശിക്കുന്ന ഒരു ഗ്രന്ഥകാരനെ പറയാമോ?''''ചിങ്കിസ് ഐറ്റ്മറ്റോവ്''...അടുത്തതായി എന്റെ ചോദ്യങ്ങളുടെ പെട്ടി ഞാൻ തുറന്നു. ''എന്റെ നാട്ടിലെയും അങ്ങയുടെയും ഉദ്യോഗസ്ഥർ ഒരുകൂട്ടം ചോദ്യങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അവ മാത്രമായി ഞാൻ ചോദ്യങ്ങൾ പരിമിതപ്പെടുത്തിയാൽ ഇന്ത്യയിലെ ടി.വികൾക്ക് മുന്നിലിരിക്കുന്നവർ അവ ഓഫ് ചെയ്ത് പോകും. പ്രധാനമെന്ന് തോന്നുന്ന മറ്റു ചിലത് കൂടി ചോദിച്ചോട്ടെ?''''ശരി, ശരി, ശരി'' -അദ്ദേഹത്തിന് മൂന്നുവട്ടം സമ്മതം.

ഏവരെയും അത്ഭുതപ്പെടുത്തി, 30 മിനിറ്റിന് നിശ്ചയിച്ച അഭിമുഖം 90 മിനിറ്റിലേക്ക് നീണ്ടു. അതും ഇരുവശത്തെയും ഉദ്യോഗസ്ഥവൃന്ദം അളന്നുറപ്പിച്ച മാനദണ്ഡങ്ങൾ ഒട്ടും പാലിക്കാത്തവ. ഗോർബച്ചേവ് പഴയ കടുംവേഷങ്ങൾ മാറ്റിവെച്ച, ഗ്ലാസ്നോസ്റ്റ് കാലത്തുള്ളവനെ പോലെ തോന്നിച്ചു. പക്ഷേ, പിന്നീടുള്ള വർഷങ്ങൾ ഒരു കാര്യം തെളിയിച്ചു. മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടിറങ്ങിയ രാജ്യവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ലെന്ന്. അമേരിക്കക്കാരെ കൈകാര്യംചെയ്യുന്നിടത്ത് വെറുമൊരു കഥയില്ലാ പാവത്താനായിരുന്നു ഗോർബി.

Tags:    
News Summary - Two and half interview Conducted with Gorbachev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.