സുരഭിക്കും മഹേഷിന്‍റെ പ്രതികാരത്തിനും അർഹിച്ച അംഗീകാരം

ദേശീയ, സംസ്ഥാന  ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇടം പിടിച്ചതിനാൽ ദിലീഷ് പോത്തൻ ചിത്രം മഹേഷിന്‍റെ പ്രതികാരം തന്നെയാണ്  2017ലെ അവാർഡ് നേട്ടത്തിൽ ഒന്നാമതെത്തിയത്. അതിലുപരി ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ച സ്വീകാര്യതയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയും ഏറെ വലുതായിരുന്നു. സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സിനിമയായി തെരഞ്ഞെടുക്കേണ്ടത് മഹേഷിന്‍റെ പ്രതികാരമായിരുന്നുവെന്ന് പരക്കെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സംസ്ഥാന പുരസ്കാരത്തെ കടത്തിവെട്ടിയ ദേശീയ ജൂറിയുടെ തെരഞ്ഞെടുപ്പ് ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഏറെ പേരും മഹേഷിന്‍റെ പ്രതികാരത്തിന് ലഭിച്ച അംഗീകാരത്തിൽ സന്തുഷ്ടരെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

എന്നാൽ, സുരഭിക്ക് ഈ നേട്ടം നൽകുന്നത് വലിയ ഉത്തരാവാദിത്തം തന്നെയാണ്. മുൻ വർഷം കങ്കണ റണാവത്തായിരുന്നു മികച്ച നടി. ഈ പ്രാവശ്യം ബോളിവുഡിൽ നിന്നുള്ള അഭിനേത്രികളെ പിന്തള്ളിയാണ് സുരഭി അവാർഡ് നേട്ടത്തിനർഹയായത്. ഒരാൾ ഒറ്റക്ക് ഒരു സിനിമ ചുമലിലേറ്റിയ കാഴ്ചയാണ് 'മിന്നാമിനുങ്ങി'ലെ അഭിനയത്തിൽ സുരഭി കാഴ്ചവെച്ചതെന്നായിരുന്നു ദേശീയ അവാർഡ് ജൂറിയുടെ ചെയർമാൻ പ്രിയദർശന്‍റെ അഭിപ്രായം. സംസ്ഥാന അവാർഡ് നിർണയത്തിൽ സുരഭിക്ക് അവാർഡ് നൽകാത്തതിൽ പ്രതിഷേധവുമായി പലരും പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈ അഭിപ്രായം പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമർശത്തിനായിരുന്നു സുരഭി അർഹയായത്. 

അമൃത ടി.വിയിലെ ബെസ്റ്റ് ആക്റ്റർ എന്ന റിയാലിറ്റി ഷോയിൽ നേടിയ വിജയത്തിലൂടെയാണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള അവർ ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായത് 'മീഡിയാവൺ' ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന 'എം80 മൂസ' എന്ന ഹാസ്യപരമ്പരയിലൂടെയാണ്. ഇതിലെ 'പാത്തുമ്മ' എന്ന കഥാപാത്രം പ്രേക്ഷകമനസിൽ എപ്പോഴും തങ്ങിനിൽക്കുന്നതാണ്. മലയാളത്തിൽ നിന്ന് ശാരദ, ശോഭന, മീര ജാസ്മിൻ എന്നിവരാണ് മുമ്പ് ദേശീയ പുരസ്കാര നേട്ടത്തിനർഹരായ നടിമാർ. 

അക്ഷയ് കുമാറിന് ആദ്യമായാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. അമിതാഭ് ബച്ചൻ, നവാസുദ്ദീൻ സിദ്ദീഖി എന്നിവരെ പിന്തള്ളിയാണ് അക്ഷയ് കുമാർ മികച്ച നടനായത്. അതേസമയം, നവാസുദ്ദീൻ സിദ്ദീഖിയെയാണ് മികച്ച നടനായി തെരഞ്ഞെടുക്കേണ്ടത് എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അതിലുപരി ജൂറി ചെയർമാനായ പ്രിയദർശന്‍റെ സുഹൃത്ത് എന്ന നിലയിലാണ് അക്ഷയ് കുമാറിന് നറുക്കുവീണതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതേ ആരോപണം മോഹൻലാലിന് ലഭിച്ച അവാർഡ് നേട്ടത്തിലും കല്ലുകടിയായി ഉയരുന്നു. ഇതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും വരുന്നുണ്ട്. 

അതേസമയം, അവാർഡുകളിൽ ഏറെ നേട്ടങ്ങൾ കൊയ്തത് മലയാളം തന്നെയാണ്. പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹനായ മോഹൻലാൽ, മഹേഷിന്‍റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം നേടിയ ശ്യാം പുഷ്ക്കർ, കുഞ്ഞുദൈവത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായ ആദിഷ് പ്രവീൺ, കാടു പൂക്കുന്ന നേരത്തിന്‍റെ ശബ്ദമിശ്രണത്തിനുള്ള പുരസ്ക്കാരം നേടിയ ജയദേവൻ, മികച്ച ഡോക്യുമെന്‍ററിയായി തെരഞ്ഞെടുത്ത ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡിന്‍റെ സംവിധായക സൗമ്യ സദാനന്ദന്‍ എന്നിവയടക്കം ഏഴ് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച ആക്ഷൻ കൊറിയോഗ്രഫിക്കുള്ള അവാർഡ് പുലിമുരുകനിലൂടെ പീറ്റർ ഹെയ്ൻ സ്വന്തമാക്കി. ജനത ഗാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മോഹൻലാൽ പ്രത്യേക പരാമർശത്തിന് അർഹമായതെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. 

എന്നാൽ, 'കമ്മട്ടിപ്പാട'ത്തിലൂടെ പ്രേക്ഷകരുടെ മനം കവരുകയും സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്ത 'വിനായക'നെ ദേശീയ ജൂറി പരിഗണിച്ചില്ലെന്ന വേദനയിലാണ് ആരാധകർ. വിനായകന്‍റെ അവാർഡ് നേട്ടം സാമൂഹ്യ മാധ്യമങ്ങൾ ഏറെ ആഘോഷിക്കുകയും മുഖ്യധാര നിർമ്മിച്ച നടൻ സങ്കൽപ്പത്തെ തിരുത്തിക്കുറിക്കുന്നതുമായിരുന്നു. 'മിന്നാമിനുങ്ങ്' പോലെ വാണിജ്യ ചേരുവകൾ ചേർക്കാത്ത ചിത്രത്തിൽ നിന്ന് മികച്ച നടിയെ തെരഞ്ഞെടുക്കുമ്പോൾ വാണിജ്യ ചിത്രമായ 'റുസ്ത'ത്തിൽ നിന്ന് നടനെ തെരഞ്ഞെടുത്തത് ബാലൻസ് നിലനിർത്താനുള്ള ശ്രമമായി ഇതിനെ ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാനാവില്ല. സമാനസ്ഥിതി സംസ്ഥാന പുരസ്കര അവാർഡ് ചടങ്ങിലും കണ്ടതാണ്. വിനായകന് അവാർഡ് കൊടുക്കുമ്പോൾ വാണിജ്യ ചേരുവകൾ ഉൾകൊള്ളിച്ച ചിത്രത്തിൽ നിന്നാണ് മികച്ച നടിയെ തെരഞ്ഞെടുത്തത്. എന്നാൽ, ഇത് വെറും വ്യാഖ്യാനമായി തള്ളിക്കളഞ്ഞാൽ വലിയ പരിക്കേൽക്കാത്ത അവാർഡ് നിർണയമാണ് ദേശീയ ജൂറി നടത്തിയത്. 

Tags:    
News Summary - surabhi and maheshinte prathikaram analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.