പ്രശാന്ത് കിഷോർ
പത്തുവർഷം മുമ്പ് വെയിൽ കത്തിനിൽക്കുന്ന ഒരു പകലിൽ എഴുത്തുകാരനും നയതന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പവൻ കെ. വർമയെക്കാണാൻ പട്നാ സ്ട്രാന്റ് റോഡിലെ അദ്ദേഹത്തിന്റെ സർക്കാർ ബംഗ്ലാവിൽ ചെന്നു. മിർസാ ഗാലിബിന്റെ ജീവചരിത്രമുൾപ്പെടെ മികച്ച രചനകൾ നടത്തിയ അദ്ദേഹത്തിൽ നിന്ന് എന്റെ ആദ്യ പുസ്തകമായ ബിഹാറിലെ നാടോടിക്കഥകളുടെ സമാഹാരം തയാറാക്കുന്നതിന് മുന്നോടിയായി ഉപദേശം തേടുകയായിരുന്നു ഉദ്ദേശ്യം.
ചായയും ബിസ്കറ്റും കഴിച്ച് മാധ്യമ പ്രവർത്തകൻ പരൻജോയ് ഗുഹ താകുർത്തയും സാമ്പത്തിക ശാസ്ത്രജ്ഞൻ ശൈബാൽ ഗുപ്തയും അദ്ദേഹവുമായി ചൂടൻ രാഷ്ട്രീയം നടത്തുന്നുണ്ടായിരുന്നു അവിടെയപ്പോൾ. ഈ ചർച്ചക്കിടെ, പ്രഭാത് ഖബർ എഡിറ്റർ ഹരിവംശും എത്തി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ബിഹാറിലടക്കം തകർപ്പൻ മുന്നേറ്റം നടത്തിയത് ആഘാതമായിക്കണ്ട മുഖ്യമന്ത്രി നിതീഷ് കുമാർ രണ്ട് പതിറ്റാണ്ടിന്റെ വൈരാഗ്യം മാറ്റിവെച്ച് മുൻശത്രുവായ ലാലു പ്രസാദ് യാദവുമായി അനുരഞ്ജനത്തിലെത്തിയിരുന്നു. മഹാഗഡ്ബന്ധൻ എന്ന പേരിൽ അവർ രൂപവത്കരിച്ച വിശാല സഖ്യം 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാറിന്റെ ‘സോഷ്യലിസ്റ്റ്, മതേതര’ പാരമ്പര്യം സംരക്ഷിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. ചർച്ച ലാലുവിലും നിതീഷിലും ചുറ്റിത്തിരിയുന്നതിനിടെ, ആകർഷണീയതയുള്ള ഒരു ചെറുപ്പക്കാരൻ സ്വീകരണമുറിയിലേക്ക് വന്നു. “ഇത് പ്രശാന്ത് കിഷോർ,” -വർമ അദ്ദേഹത്തെ പരിചയപ്പെടുത്തി.
പ്രശാന്ത് എനിക്കൊരു ഊഷ്മളമായ പുഞ്ചിരി നൽകി. “എനിക്ക് നിങ്ങളെയൊന്ന് കാണാനുണ്ടായിരുന്നു’’- ശൈബാൽ പറഞ്ഞു. “സർ, ഞാൻ വീട്ടിൽ വന്ന് കാണാം, എനിക്ക് അങ്ങയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്,” പ്രശാന്ത് സൗമ്യമായി മറുപടി നൽകി. പ്രശാന്ത് മാധ്യമങ്ങൾക്ക് ഒരു പ്രഹേളികയായിരുന്നു. 2014ൽ മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ സൂത്രധാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോൾ മോദിയുടെ എതിർ ചേരിയിലുള്ള മഹാസഖ്യത്തിനുവേണ്ടി തന്ത്രങ്ങൾ മെനയുന്നു. വിശ്വാസം വരാതെ മാധ്യമ പ്രവർത്തകർ അടക്കം പറഞ്ഞു: “അയാൾക്ക് ചെറിയ പ്രായമല്ലേ ഉള്ളൂ. അടുത്തകാലം വരെ മോദിക്കൊപ്പം നിന്ന അദ്ദേഹത്തെ നിതീഷ് എങ്ങനെ ഇത്ര ഉറച്ച് വിശ്വസിക്കുന്നു? അയാൾക്ക് മോദിയെ മറികടക്കാൻ കഴിയുമോ?” പ്രശാന്തും മറ്റ് അതിഥികളും പോയ ശേഷം പവൻ വർമ പറഞ്ഞു: ‘‘യു.എൻ പിന്തുണയുള്ള ആരോഗ്യ ദൗത്യത്തിൽ വർഷങ്ങളോളം പ്രവർത്തിച്ച ശേഷമാണ് പ്രശാന്ത് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പുതുപുത്തൻ ആശയങ്ങളുള്ള മിടുമിടുക്കൻ, നല്ല രാഷ്ട്രീയ ഗ്രാഹ്യവും, സദുദ്ദേശ്യങ്ങളും കാത്തുസൂക്ഷിക്കുന്ന പ്രഫഷനലാണ്’’. അതായിരുന്നു പ്രശാന്തുമായുള്ള എന്റെ ഒരേയൊരു കൂടിക്കാഴ്ച.
ദ ടെലഗ്രാഫിന്റെ പട്‌ന പതിപ്പിന്റെ എഡിറ്ററെന്ന നിലയിലും നാടോടിക്കഥകളിൽ തീവ്രമായി അനുരക്തനായ ഗവേഷകനെന്ന നിലയിലും ബിഹാറിലെ തെരുവുകളിലൂടെയും പാടങ്ങളിലൂടെയുമുള്ള സഞ്ചാരങ്ങളിൽ നിന്ന് ഉരുവംകൊണ്ട, ജനങ്ങളുടെ കാഴ്ചപ്പാടിൽ നിന്നുള്ള വാർത്തകൾ മെനയുന്നതിലാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. എന്നാൽ, എന്റെ മാധ്യമപ്രവർത്തക സുഹൃത്തുക്കൾ ഉറ്റുനോക്കിയിരുന്നത് നിതീഷിന്റെ 7 സർക്കുലർ റോഡ് വസതിയിൽ താമസിക്കുകയും മുഖ്യമന്ത്രിയുമായി അസാധാരണമാംവിധം അടുപ്പംവെക്കുകയും ചെയ്യുന്ന പ്രശാന്തിനെയായിരുന്നു. കൂട്ടുകൂടുന്നതിൽ തൽപരനായ ലാലുവിൽ നിന്ന് തീർത്തും വ്യത്യസ്തനായി, ഒതുങ്ങിക്കൂടുന്നതിൽ പേരുകേട്ടയാളായിരുന്ന നിതീഷ് കുമാർ പ്രശാന്തുമൊത്ത് ഭക്ഷണവും താമസ ഇടവും പങ്കിടുന്നെന്നത് തീർത്തും അത്ഭുതമായിരുന്നു. പിടികൊടുക്കാത്ത പ്രശാന്തിനെ പിടിക്കുന്നതിലും എളുപ്പമായിരുന്നു റിപ്പോർട്ടർമാർക്ക് നിതീഷിനെ കാണുന്നത്. കാലം പിന്നെയും കടന്നുപോയി. പ്രശാന്ത് ഇന്ത്യയിലുടനീളമുള്ള നിരവധി പ്രമുഖ നേതാക്കൾക്കുവേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുകയും, നിതീഷ് ഭരണകൂടത്തിൽ അദ്ദേഹത്തിന്റെ അരികിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമം (C.A.A), ദേശീയ പൗരത്വ രജിസ്റ്റർ (N.R.C) വിഷയങ്ങളിൽ മോദിയെ നിതീഷ് പിന്തുണച്ചതിന് പിന്നാലെ പ്രശാന്ത് അദ്ദേഹത്തെ വിട്ട് പോവുകയായിരുന്നു. സ്വയം പ്രഖ്യാപിത അഭിമന്യു ഇപ്പോൾ ജൻ സുരാജ് പാർട്ടി രൂപവത്കരിച്ച് നിതീഷിനെതിരെ പ്രചാരണം നടത്തുന്ന പ്രശാന്ത് കിഷോർ ആത്മവിശ്വാസത്തോടെ പ്രവചിക്കുന്നു: ‘‘നിതീഷ് കുമാറിന്റെ പാർട്ടിക്ക് 25 സീറ്റുകൾ പോലും കിട്ടില്ല. നവംബറിനുശേഷം അദ്ദേഹം മുഖ്യമന്ത്രിയല്ല." അഴിമതിയും ഗുരുതരമായ ക്രമക്കേടുകളും സംബന്ധിച്ച് ഖണ്ഡിക്കാനാവാത്ത തെളിവുകൾ സഹിതം അദ്ദേഹം പുറത്തുവിട്ട മൂർച്ചയേറിയ ആരോപണങ്ങൾ നിതീഷിനെയും ചങ്ങാതിമാരെയും ഞെട്ടിച്ചിരിക്കുകയാണ്. മൻമോഹൻ സിങ്ങിനെപ്പോലെ നിതീഷ് വ്യക്തിപരമായി അഴിമതിക്കാരനല്ലെങ്കിലും, അദ്ദേഹം നയിക്കുന്നത് ബിഹാറിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറിനെയാണെന്ന് പ്രശാന്ത് ഉറപ്പിച്ചുപറയുന്നു. സുരക്ഷയില്ലാതെ സഞ്ചരിക്കുന്ന പ്രശാന്ത്, തനിക്കെതിരെ ഉണ്ടായേക്കാവുന്ന തിരിച്ചടിയെക്കുറിച്ചുള്ള ആശങ്കകളെയും വകവെക്കാതെ പ്രഖ്യാപിക്കുന്നു. ‘‘ഞാൻ ആരെയും ഭയപ്പെടുന്നില്ല. അഴിമതിരാഷ്ട്രീയക്കാരനായി എണ്ണപ്പെടുന്നതിനെക്കാൾ നല്ലത് മഹാഭാരതത്തിലെ അഭിമന്യുവിനെപ്പോലെ പോരാടി മരിക്കുന്നതാണ്’’.
നിരന്തരം അദ്ദേഹം തൊടുക്കുന്ന ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടി അംഗങ്ങൾ നേതാക്കളെ വിമർശിക്കാൻ തുടങ്ങിയത് ജെ.ഡി(യു), ബി.ജെ.പി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്, ആധുനിക അഭിമന്യുവായി സ്വയം അവതരിപ്പിക്കുന്ന പ്രശാന്തും മഹാഭാരതത്തിലെ അഭിമന്യുവും തമ്മിൽ ഒരു സൂക്ഷ്മമായ വ്യത്യാസം ഒരു ഫോക്ക്‌ലോറിസ്റ്റ് എന്ന നിലയിൽ ഞാൻ കാണുന്നു. അർജുനന്റെയും സുഭദ്രയുടെയും 16 വയസ്സുള്ള മകൻ ധീരമായി ചക്രവ്യൂഹം, എന്ന സങ്കീർണമായ സൈനിക വിന്യാസത്തെ ഭേദിക്കുകയും അതിന്റെ ഏഴ് പാളികളിൽ ആറെണ്ണം തകർക്കുകയും ചെയ്തു. കൗരവ ജനറൽമാരായ ദ്രോണാചാര്യർ, കർണൻ, ജയദ്രഥൻ എന്നിവർ യുദ്ധനിയമങ്ങളെല്ലാം ലംഘിച്ച്, അദ്ദേഹത്തിന്റെ ചെറുപ്പവും അനുഭവക്കുറവും മുതലെടുത്ത് അവസാന പാളിയിൽ വെച്ച് അഭിമന്യുവിനെ വധിക്കുകയായിരുന്നു. അതേസമയം, പ്രശാന്ത് ഒരു തുടക്കക്കാരനല്ല. ഇന്ത്യയിലെ ഏറ്റവും ശക്തനായ നേതാവായ നരേന്ദ്ര മോദിക്കുവേണ്ടി തന്ത്രങ്ങൾ ആവിഷ്കരിച്ച അദ്ദേഹം മോദിയുടെ എതിരാളികളായ മമത ബാനർജി (പശ്ചിമ ബംഗാൾ), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), അമരീന്ദർ സിങ് (പഞ്ചാബ്), ജഗൻ മോഹൻ റെഡ്ഡി (ആന്ധ്ര), അരവിന്ദ് കെജ്രിവാൾ (ഡൽഹി), എം.കെ. സ്റ്റാലിൻ (തമിഴ്‌നാട്) എന്നിവർക്കുവേണ്ടിയും പ്രചാരണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ആ ശ്രമം വിജയിച്ചില്ല.
പദയാത്രയിലെ തിരിച്ചറിവ് മറ്റുള്ളവർക്കായി തന്ത്രം മെനഞ്ഞിരുന്ന പ്രശാന്ത് ഇപ്പോൾ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ആവേശം വിതറുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് ബിഹാറി ഗ്രാമങ്ങളിലൂടെ നടത്തിയ രണ്ടു വർഷത്തിലധികം നീണ്ട പദയാത്രയാണ്. 2024ലെ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിയെ ഉയർത്തിക്കാട്ടി തുടക്കമിട്ട പാർട്ടി പിന്നീട് ബി.ആർ. അംബേദ്കറെക്കുറിച്ചും വാചാലമാകുന്നു. ഇതിന്റെ കാരണം പ്രശാന്ത് വിശദീകരിക്കുന്നു.‘‘ഗാന്ധിയാണ് ഞങ്ങളുടെ പ്രസ്ഥാനത്തിന് പ്രചോദനമായത്, പിന്നീട് നടത്തിയ പദയാത്രക്കിടെ സംഘ്പരിവാറിൽ നിരാശരായ ഒട്ടനവധി ദലിതരുമായി കണ്ടുമുട്ടി. ഗാന്ധിയുടെയും അംബേദ്കറുടെയും അനുയായികളെയും, കമ്യൂണിസ്റ്റുകാരെയും, സോഷ്യലിസ്റ്റുകളെയും മുസ്‍ലിംകളുമായി ഒന്നിപ്പിക്കുകയാണ് എന്റെ ലക്ഷ്യം’’ കുടിയേറ്റം, തൊഴിലില്ലായ്മ, തകർന്നുപോയ വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിങ്ങനെ ബിഹാറിലെ നിർണായക പ്രശ്നങ്ങളിലാണ് പ്രശാന്തിന്റെ പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അസദുദ്ദീൻ ഉവൈസിയുടെ സ്വത്വരാഷ്ട്രീയത്തെ അദ്ദേഹം തള്ളിക്കളയുന്നു. ബി.ജെ.പിയെ തടയാൻ ലാലുവിന്റെ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിന് പകരം, സംഘ്പരിവാറിന്റെയും ഹിന്ദുത്വയുടെയും പിടിയില്ലാതാക്കാൻ തന്റെ പാർട്ടിക്ക് കീഴിൽ ഹിന്ദുക്കളും മുസ്‍ലിംകളും കൈകോർക്കണമെന്ന് പ്രശാന്ത് ആഹ്വാനം ചെയ്യുന്നു.
പ്രശാന്ത് കിഷോർ നരേന്ദ്ര മോദിക്കൊപ്പം. 2014 തെരഞ്ഞെടുപ്പ് വേളയിൽ
ദീപാങ്കറിന്റെ വിമർശനം ജെ.ഡി(യു)വിലെ അശോക് ചൗധരി 500 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും, ബി.ജെ.പിയിലെ ദിലീപ് ജയ്സ്വാൾ സിഖ് ന്യൂനപക്ഷ മെഡിക്കൽ കോളജ് കൈവശപ്പെടുത്തുകയും അവിഹിത നേട്ടങ്ങൾക്കായി സർക്കാർ സ്വാധീനം ഉപയോഗിക്കുകയും ചെയ്തെന്നും, ബി.ജെ.പിയിലെ സംരാട്ട് ചൗധരി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കൂട്ടക്കൊലക്കേസിൽനിന്ന് രക്ഷപ്പെട്ടെന്നുമടക്കം ബിഹാർ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രശാന്ത് കിഷോർ നടത്തിയത്. രാഷ്ട്രീയ പാർട്ടികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി കൺസൾട്ടൻസി നടത്തി താൻ മൂന്നുവർഷം കൊണ്ട് 241 കോടി രൂപയുടെ വരുമാനം നേടിയെന്നും ജി.എസ്.ടിയും ആദായനികുതിയും അടച്ച ശേഷം 99 കോടി രൂപ തന്റെ പാർട്ടിക്ക് സംഭാവന നൽകിയെന്നും ബിഹാറിനെ ‘ദാരിദ്ര്യത്തിൽ നിന്നും പിന്നാക്കാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ’ താൻ എല്ലാം പണയം വെച്ചെന്നുമാണ് പ്രശാന്ത് കിശോറിന്റെ അവകാശ വാദം. എന്നാൽ, ഇതിനെതിരെ സി.പി.ഐ (എം.എൽ)-ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ നടത്തിയ വിമർശനം അളന്നുമുറിച്ച ഒന്നായിരുന്നു: ‘‘പ്രശാന്തിന്റെ അഴിമതി ആരോപണങ്ങൾ നേരിടുന്ന ബി.ജെ.പി-ജെ.ഡി(യു) മന്ത്രിമാർ രാജിവെക്കണം. എന്നാൽ, സ്വകാര്യ കമ്പനികൾ അദ്ദേഹത്തിന് കൺസൾട്ടേഷനുകൾക്കായി ഇത്രയും വലിയ തുക എങ്ങനെ നൽകിയെന്ന് പ്രശാന്തും വ്യക്തമാക്കണം. രാഷ്ട്രീയ കൺസൾട്ടൻസി വിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും രണ്ടുവർഷത്തിലേറെയായി ബിഹാറിൽ പര്യടനം നടത്തുകയും ചെയ്തതിനിടെ 241 കോടി രൂപ സമ്പാദിക്കാൻ അദ്ദേഹത്തിന് എങ്ങനെ സമയം കിട്ടി?’’ എന്നാണ് ദീപാങ്കർ ചോദിച്ചത്.
സത്യസന്ധതക്ക് പേരുകേട്ട വിപ്ലവകാരിയാണ് ദീപാങ്കർ. കമ്യൂണിസ്റ്റ് പാർട്ടികളുമായി വളരെ കുറച്ച് മാത്രം ഇടപെട്ടിട്ടുള്ള പ്രശാന്തിന് അപരിചിതമായ ഒരു മേഖലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. മറുവശത്ത്, പ്രശാന്തിന്റെ വരുമാനത്തിന് പിന്നിലെന്ന് കരുതുന്ന കോർപറേറ്റ് താൽപര്യങ്ങളും അധികാര രാഷ്ട്രീയവും തമ്മിലെ സങ്കീർണ ബന്ധം ദീപാങ്കറിന് പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. ഈ കോർപറേറ്റ്-രാഷ്ട്രീയ പാരസ്പര്യം സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.