മേതിൽ രാധാകൃഷ്ണൻ


മലയാളത്തിൽ ഇന്നോളം ഒറ്റ മേതിലേ ഉണ്ടായിട്ടുള്ളൂ...

വാറ്റുചാരായത്തിൽ മുക്കിയ ചൂണ്ടുവിരൽ തീപ്പെട്ടി ഉരച്ചു കത്തിക്കുന്നതുപോലെ എരിയുന്ന ഏതോ നിമിഷത്തിൽനിന്നാകണം മലയാള സാഹിത്യത്തിലേക്ക് മേതിൽ രാധാകൃഷ്ണൻ എന്ന പേര് ആദ്യമായി വിരുന്നെത്തുന്നത്. കാഫ്കയെയും ബോർഹെസിനെയും പ്രൂസ്റ്റിനെയും പോലെ, ഏകാന്തതയുടെ ഒരു സമാന്തര പ്രപഞ്ചം സാഹിത്യത്തിൽ സൃഷ്ടിച്ചവനാണ് മേതിൽ. ഒരുകാലത്ത് മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാർ മുഴുവൻ തങ്ങളുടെ സാഹിത്യ വഴികാട്ടിയായി, 'എഴുത്തുകാരുടെ എഴുത്തുകാരനായി' വാഴ്ത്തിയ അപൂർവ്വ പ്രതിഭ. മണിക്കൂറുകൾ നീണ്ടുനിന്നൊരു ഉൽക്കാമഴ നനഞ്ഞ അനുഭവമാണ് മേതിലിനെ ആദ്യമായി വായിക്കുമ്പോൾ നമുക്കുണ്ടാകുന്നത്. വിശാലമായ, ഇരുണ്ട ഭൂമികയിൽ സൗന്ദര്യമുള്ളതെന്തോ തലങ്ങും വിലങ്ങും പായുന്നു.

പൊൻകുന്നം വർക്കിയുടെ 'എന്റെ വഴിത്തിരിവ്' എന്ന ആത്മകഥയെ വിമർശിച്ചുകൊണ്ട് പത്താം ക്ലാസ്സുകാരനായ ഒരു വിദ്യാർത്ഥി നവയുഗം വാരികയിലേക്ക് ലേഖനമയക്കുമ്പോൾ, ആ ചെറിയ പ്രായത്തിൽ തന്നെ ലോകത്തെ തലകീഴായി കാണാൻ ശേഷിയുള്ള ഒരു വലിയ വവ്വാലിന്റെ ജന്മം മലയാള ഭാഷയിൽ അനാവരണം ചെയ്യപ്പെടുകയായിരുന്നു. 'ഖസാക്കിന്റെ ഇതിഹാസ'മുണ്ടാക്കിയ വലിയ തിരയേറ്റത്തിൽ അനേകം യുവ എഴുത്തുകാർ ഒ.വി. വിജയന്റെ ഭാഷാഛായയിൽ കുരുങ്ങിക്കിടന്നപ്പോൾ, ആ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നും പൂർണ്ണമായും കുതറിമാറിയാണ് മേതിൽ തന്റെ വഴി വെട്ടിയത്. 1974-ൽ ഡിഗ്രി കാലത്ത് പുറത്തുവന്ന 'ഒക്ടോപസിന്റെ ശവം' മുതൽ 'സൂര്യവംശം', 'ബ്രാ', 'വിദൂഷകന്റെ അഞ്ചാംപത്തി' തുടങ്ങിയ കൃതികളിൽ ആ അതുല്യമായ മേതിലിയൻ മുദ്ര പതിഞ്ഞുകിടക്കുന്നു.

കവിതയെയും സാഹിത്യത്തെയും ശാസ്ത്രവുമായി ഇത്രമേൽ അഗാധമായി വിളക്കിച്ചേർത്ത മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല. പെണ്ണിന്റെ മുഖത്തെ വർണ്ണിക്കാൻ ചന്ദ്രബിംബത്തെയും താമരയെയും കൂട്ടുപിടിച്ച പരമ്പരാഗത കാവ്യഭാവനകൾക്ക് കിട്ടിയ ഏറ്റവും വലിയ ഷോക്കായിരുന്നു മേതിലിന്റെ അക്ഷരങ്ങൾ. ഫിസിക്സ് ലാബിന്റെ ഒരു മൂലയിൽ പൊടിപിടിച്ചിരുന്ന ഗാൽവനോമീറ്റർ മേതിൽ തൊട്ടപ്പോൾ സൗന്ദര്യത്തെ അളക്കുന്ന മാന്ത്രികയന്ത്രമായി മാറി. മനസ്സിന്റെ അദൃശ്യപ്രവാഹങ്ങളെ വൈദ്യുതിപ്രവാഹത്തോട് ഉപമിച്ച മേതിൽ എന്ന എൻജിനീയറോട്, ശാസ്ത്രജ്ഞനോട് മലയാള സാഹിത്യം എത്രയോ കടപ്പെട്ടിരിക്കുന്നു. സാമാന്യയുക്തികളെ നിലംപരിശാക്കിക്കൊണ്ട് താനൊരു 'ഇക്കോളജിസ്റ്റാണെന്ന്' അദ്ദേഹം പ്രഖ്യാപിച്ചു.

കംപ്യൂട്ടർ സയൻസും അൽഗോരിതങ്ങളും പാസ്കൽ ഭാഷയിലെ കോഡുകളും സാഹിത്യത്തിന്റെ ഘടനയായി മാറിയത് ആ വിരൽത്തുമ്പുകളിലൂടെയാണ്. വാക്കുകളുടെ കൂട്ടിച്ചേർക്കലിൽ അസാമാന്യ സാമർഥ്യമുള്ള പാലക്കാടൻ കരുവാന്റെ തഴമ്പായിരുന്നു മേതിലിന്റെ കൈകൾക്ക്. സ്വന്തം കൃതികളുടെ പുറംചട്ടകൾ പോലും അദ്ദേഹം ഡിസൈൻ ചെയ്തു; 'വിദൂഷകരുടെ അഞ്ചാംപത്തി'യുടെ കവറിന് ബോബ് ഡിലന്റെ സംഗീത റെക്കോർഡായിരുന്നു അദ്ദേഹത്തിന് പ്രചോദനമായത്. വിശ്വമോഹൻ ഭട്ട് ഹവായിൻ ഗിറ്റാറിനെ മോഹനവീണയാക്കി മാറ്റിയെടുത്തതുപോലെ, ഭാഷയുടെ തന്ത്രികളെ മേതിൽ തിരുത്തിയെഴുതി. വാമൊഴിയല്ല, പൂർണ്ണമായും വരമൊഴിയാണ് തന്റെ തട്ടകം എന്ന് അദ്ദേഹം വാശിപിടിച്ചു. ഒരു സംഗീതജ്ഞന് അയാളുടെ ശബ്ദം എത്രത്തോളം പ്രധാനമാണോ, അത്രത്തോളം പ്രധാനമാണ് എഴുത്തുകാരന് ഭാഷ എന്നദ്ദേഹം വിശ്വസിച്ചു.

'നിങ്ങളെപ്പോലെയൊരാൾക്ക് ചാർമിനാർ തന്നെ വേണം' എന്ന പഴയൊരു പരസ്യവാചകമുണ്ട്. വ്യതിരിക്തനായ, കടുപ്പമുള്ള ഒരാൾക്ക് വേണ്ടിയുള്ള പരസ്യം. എം.ഡി. രാമനാഥൻ ഫാൻ ആണെന്ന് പറയുന്നതിലൂടെ ഒരു കർണ്ണാടക സംഗീത രസികൻ തന്റെ സംഗീതജ്ഞാനത്തിന്റെ ഔന്നത്യം വെളിപ്പെടുത്തുന്നതുപോലെയാണ്, താനൊരു 'മേതിൽ വായനക്കാരൻ' ആണെന്ന് പറയുന്നത്. കൽപ്പറ്റ നാരായണൻ നിരീക്ഷിച്ചതുപോലെ, അത് വായനക്കാരന്റെ ഉന്നതമായ ഒരു പദവിയാണ്; അഭിരുചിയുടെ കൊടിയടയാളമാണ്. അലസരായ വായനക്കാരെ മേതിലിന് ആവശ്യമില്ലായിരുന്നു. ഭാവനയുടെയും ബുദ്ധിയുടെയും നിരീക്ഷണത്തിന്റെയും ഉന്നതമായ ഒരു കോഡിനേഷൻ ആവശ്യപ്പെടുന്ന രചനകളായിരുന്നു അദ്ദേഹത്തിന്റേത്. മാർട്ടിൻ ബ്യൂബർ പറയുന്നതുപോലൊരു 'ഐ-ദൗ' (I-Thou) സംവാദമാണ് അദ്ദേഹം വായനക്കാരനുമായി സ്ഥാപിച്ചത്. വാൻ ഗോഗ് മഞ്ഞ നിറത്തെ മെരുക്കിയെടുത്തതുപോലെ ഭാഷയെ മെരുക്കിയ മേതിലിനെ വായിക്കുമ്പോൾ, ആസ്വാദനത്തിന്റെ ഒരു ഉയർന്ന അടയാളമായി മേതിലിന്റെ വായനക്കാർ സ്വയം അടയാളപ്പെടുത്തി. തന്നെ മനസ്സിലാക്കുന്ന, തനിക്ക് പങ്കാളിയാകാൻ കഴിയുന്ന വായനക്കാരെ മാത്രമാണ് അദ്ദേഹം എക്കാലവും കൂടെക്കൂട്ടിയത്.

കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുമ്പോഴും അവാർഡുകൾ തേടി മേതിൽ ഒരിക്കലും പോയിരുന്നില്ല. സംഘടനകളും സർക്കാരും വച്ചുനീട്ടിയ പുരസ്കാരങ്ങൾ നിരസിച്ചപ്പോൾ മേതിൽ പറഞ്ഞത്, സാഹിത്യം എന്നത് ഒരു മത്സരമല്ല എന്നാണ്. ക്രിക്കറ്റ് കളിക്കുന്നവനും ഫുട്ബോൾ കളിക്കുന്നവനും ഹോക്കി കളിക്കുന്നവനും എങ്ങനെ ഒരേ വേദിയിൽ മത്സരിക്കാനാകും? ഉറുമ്പും ഉറുമ്പും തമ്മിൽ താരതമ്യം ചെയ്യാം, എന്നാൽ ഉറുമ്പും മുയലും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യും? സർഗ്ഗാത്മകതയിൽ കമ്പാരിസൺ എന്നൊന്ന് ഇല്ല എന്ന് അദ്ദേഹം ആവർത്തിച്ചു. എക്കാലവും താൻ ന്യൂനപക്ഷമാണെന്നും, ഭൂരിപക്ഷത്തിന്റെ ജനാധിപത്യ സത്യങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. ജനപ്രിയതയുടെ ആഘോഷങ്ങളിൽനിന്ന് എന്നും മുഖംതിരിച്ചു നിന്ന ഈ മനുഷ്യൻ, സ്വന്തം ഏകാന്തതയുടെ ദ്വീപിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടു.

മേതിലിന്റെ സ്വകാര്യജീവിതം പലപ്പോഴും കാഫ്കിയൻ സങ്കടങ്ങളുടെ ഒരു കടലായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോൾ 'ടോട്ടൽ വേസ്റ്റ്' എന്ന് യാതൊരു സങ്കോചവുമില്ലാതെ പറയാൻ അദ്ദേഹത്തിന് സാധിക്കുന്നു. അമേരിക്കയിൽ പോയി എം.എഫ്.എ പൂർത്തിയാക്കി ഒരു ഫിലിം മേക്കർ ആകണമെന്ന വലിയ സ്വപ്നം വിസ കിട്ടാത്തതിന്റെ പേരിൽ തകർന്നുപോയപ്പോൾ, പകരക്കാരനായി എഴുത്തിനെ സ്വീകരിച്ചതാണ് മേതിൽ. പ്രഭ എന്ന ഭാര്യ നൽകിയ പ്രഭാവലയത്തിൽ നിന്നും, ക്യാൻസർ കാർന്നുതിന്ന മകൾ ജൂണിന്റെ വേർപാടിൽ നിന്നും അദ്ദേഹം ഇന്നും മുക്തനായിട്ടില്ല. മകളുടെ കൊഴിഞ്ഞുപോയ മുടിയിഴകൾ ചേർത്ത് കെട്ടിവെച്ച ഒരു ഹെയർബാൻഡ് രണ്ടു മരണങ്ങൾക്കിടയിലെ മേതിലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നോവായി അവശേഷിക്കുന്നു. സാമ്പത്തികമായി സുരക്ഷിതമായ ഒരു കാലം ഉണ്ടായിരുന്നിട്ടും, സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്ക് ഒരു ജിപ്സിയെപ്പോലെ അലഞ്ഞ ജീവിതം. ജീവിതത്തിന് യാതൊരു ലക്ഷ്യമോ അർത്ഥമോ ഇല്ലെന്ന് ആൽബർട്ട് കാമുവിനെപ്പോലെ വിശ്വസിക്കുന്ന മേതിൽ, മനസ്സ് കൊണ്ട് താൻ എന്നേ മരിച്ചുകഴിഞ്ഞുവെന്നും ഔദ്യോഗിക മരണം മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും കരുതുന്നു.

അജയ് പി. മങ്ങാട്ട് ഓർത്തെടുക്കുന്ന ഒരു വിചിത്ര സംഭവമുണ്ട്. എൺപതുകളിൽ കക്കാട് കോയ എന്നൊരാൾ 'മേതിലിന്റെ കുട' എന്ന പേരിൽ മേതിലിനെ കഥാപാത്രമാക്കി ഒരു നോവലെഴുതി. മഴക്കാലത്ത് പുഴയിൽനിന്നുള്ള കാറ്റിനെതിരെ കുട നിവർത്തുമ്പോൾ ഉണ്ടാകുന്ന ഒച്ചപോലെയാണ് മേതിലിന്റെ സാഹിത്യം കാറ്റിനും കാലത്തിനുമെതിരെ കലഹിക്കുന്നത് എന്ന് ആ നോവൽ പറഞ്ഞുവച്ചു. പക്ഷേ, അച്ചടിക്കാൻ തയ്യാറാക്കിവെച്ച ആ കയ്യെഴുത്തുപ്രതി പെരിയാറിലെ പ്രളയത്തിൽ പൂർണ്ണമായും ഒലിച്ചുപോയി! ഒരു തുണ്ടു കടലാസുപോലും അവശേഷിപ്പിക്കാതെ ആ കഥ മാഞ്ഞുപോയത് മേതിലിന്റെ ജീവിതത്തിലെ ആകസ്മികതകൾ പോലെതന്നെയല്ലേ? ഭാഷയുടെ ഈ അപൂർവ്വ ഗണിതജ്ഞൻ മലയാള സാഹിത്യത്തിൽ അവശേഷിപ്പിച്ചുപോയ വിടവുകൾ മറ്റാർക്കും നികത്താനാവാത്തതാണ്. സാമ്യമകന്ന ആ നിർമിതികളുടെ സിംഹാസനം മറ്റാർക്കും അവകാശപ്പെട്ടതല്ല; കാരണം, മലയാളത്തിൽ ഇന്നോളം ഒറ്റ മേതിൽ രാധാകൃഷ്ണനേ ഉണ്ടായിട്ടുള്ളൂ.

Tags:    
News Summary - The Singular Universe of Methil Radhakrishnan: A Profile of Malayalam’s Avant-Garde Writer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.