നമ്മുടെ നാട്ടിലും വേണം പ്രൊബേഷൻ ലൈസൻസ്

ഡ്രൈവിങ് പഠിച്ച് ലൈസൻസ് നേടുന്നതോടെ വാഹനം ഓടിക്കാൻ നിയമപരമായ അവകാശം ലഭിക്കുമെങ്കിലും, ലൈസൻസ് കിട്ടി ആദ്യത്തെ മൂന്നുവർഷത്തിനുള്ളിലാണ് ഒരാളുടെ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള റോഡ് ഇടിയും (‘റോഡപകടം’ എന്ന വാക്ക് പൂർണമായി ഒഴിവാക്കുന്നു) തലനാരിഴ വ്യത്യാസത്തിൽ ഒഴിവാകുന്ന അപകടങ്ങളും കൂടുതൽ നടക്കുന്നത് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ, ലൈസൻസ് ലഭിച്ച് ആദ്യവർഷങ്ങളിൽ പ്രധാനപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് വികസിത രാജ്യങ്ങൾ സ്ഥിരം ലൈസൻസ് നൽകുന്നത്.

ആസ്ട്രേലിയയിലെ പ്രൊബേഷൻ (P) ലൈസൻസ് നിയമങ്ങൾ

  • മദ്യം അരുത്: വാഹനം ഓടിക്കുമ്പോൾ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഒട്ടുംതന്നെ ഉണ്ടാകരുത്.
  • P ബോർഡ് നിർബന്ധം: വാഹനത്തിന്റെ മുന്നിലും പിന്നിലും വ്യക്തമായി കാണാവുന്ന രീതിയിൽ ‘P’ ബോർഡ് (P Plate) വെക്കണം.
  • മൊബൈൽ ഫോൺ ഉപയോഗിക്കരുത്: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്, ഹാൻഡ്‌സ് ഫ്രീ അടക്കം യാതൊരുവിധത്തിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.
  • ശേഷികൂടിയ കാറുകൾക്ക് വിലക്ക്: വലിയ ശേഷിയുള്ള (High-performance) കാറുകൾ ഓടിക്കാൻ അനുവാദമില്ല.
  • വേഗപരിധി: ചില സംസ്ഥാനങ്ങളിൽ P ലൈസൻസുകാരുടെ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്.
  • രാത്രി ഡ്രൈവിങ് നിയന്ത്രണം: സാധാരണയായി അർധരാത്രി 12 മുതൽ പുലർച്ചെ 5 മണിവരെ വാഹനം ഓടിക്കാൻ അനുവാദമില്ല.
  • സഹയാത്രികർക്ക് നിയന്ത്രണം: പ്രൊബേഷൻ ലൈസൻസുള്ള ഡ്രൈവർക്ക് തങ്ങളുടെ വാഹനത്തിൽ 16-നും 22-നും ഇടയിൽ പ്രായമുള്ള ഒരൊറ്റ സുഹൃത്തിനെ മാത്രമേ ഒപ്പം കയറ്റാൻ അനുമതിയുള്ളൂ.

പിഴയും സസ്പെൻഷനും

  • ചെറിയ നിയമലംഘനങ്ങൾക്കുപോലും ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യപ്പെടും.
  • നിശ്ചിത പരിധിയിലും കൂടുതൽ വേഗത്തിൽ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കപ്പെടാം.
  • ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ പ്രൊബേഷൻ കാലാവധി വീണ്ടും നീളും.

25 വയസ്സിനു ശേഷമാണ് ലൈസൻസ് എടുക്കുന്നതെങ്കിൽ ഈ നിയന്ത്രണങ്ങൾ ബാധകമല്ല. സംസ്ഥാനങ്ങൾക്കനുസരിച്ച് നിയമങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.

നമ്മുടെ രാജ്യത്ത് സർക്കാർ ഇത്തരം നിയമങ്ങൾ നടപ്പാക്കിയാലും ഇല്ലെങ്കിലും, പൗരബോധവും ഉത്തരവാദിത്വവുമുള്ള മാതാപിതാക്കൾക്ക് സ്വന്തം മക്കളിൽ സ്വയം നടപ്പാക്കാവുന്ന നിയന്ത്രണങ്ങളാണിത്.

കേരളത്തിൽ P ബോർഡ് വെച്ചാൽ ആളുകൾക്ക് മനസ്സിലായില്ലെങ്കിൽ L ബോർഡ് തന്നെ വെക്കാവുന്നതാണ്. വിൻഡോ ഗ്ലാസിൽ ചുവന്ന ടേപ്പ് ഒട്ടിച്ചാൽ പോരാ, കൃത്യമായ ബോർഡ് തന്നെ സ്ഥാപിക്കണം.

രണ്ടുതരം P ലൈസൻസുകൾ

  • റെഡ് P (P1): ആദ്യത്തെ ഒരുവർഷം. ഇതിൽ നിയമങ്ങൾ വളരെ കർശനമായിരിക്കും.
  • ഗ്രീൻ P (P2): അടുത്ത രണ്ടുവർഷം. ഇതിൽ ചില ഇളവുകൾ അനുവദിക്കാറുണ്ട്.

Tags:    
News Summary - Probationary Driving Licenses in India: A Need of the Hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.