നിങ്ങളെ ബഹുമാനപ്പെട്ടവരെന്നു വിളിക്കുമ്പോള്‍ എ‍​െൻറ കൈവിറക്കുന്നു

ഹാദിയാകേസിൽ ഉത്തരവു പുറപ്പെടുവിച്ച ബഹുമാനപ്പെട്ട ന്യായാധിപരെ,

നിങ്ങളെ ബഹുമാനപ്പെട്ട എന്ന് അഭിസംബോധന ചെയ്യുംപോൾ എൻെറ കൈ വിറയ്ക്കുന്നു. ഹിംസ്രജന്തുവിനെ പേടിച്ച് സ്വന്തം വീട്ടിൽ അഭയം തേടിയ കുട്ടി സ്വന്തം കാവൽനായ്ക്കൾ വേട്ടപ്പട്ടികളെ പോലെ ഇരച്ചടുക്കുന്നതുകണ്ട് ഞെട്ടുന്നതുപോലെ ഞാൻ ഞടുങ്ങുന്നു. കാരണം നിങ്ങളുടെ വിവേകശൂന്യതയും കാരുണ്യം തൊട്ടുതീണ്ടാത്ത മനസ്സും ഇന്ന് ഈ നാട്ടിൽ ബാക്കിനിൽക്കുന്ന പൊതുപുണ്യത്തെക്കൂടി വറ്റിച്ചുകളയുന്ന ലക്ഷണമാണ് കാണുന്നത്.

നിങ്ങൾ പെൺകുട്ടികളുടെ സുരക്ഷയെപ്പറ്റി വേവലാതിപ്പെടുന്നവരാണെന്ന് വ്യക്തം. അവരെ എങ്ങനെ സംരക്ഷിക്കണമെന്നതിനെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഇന്ത്യൻ ഭരണഘടനയിൽ നിന്നല്ല, ബ്രാഹ്മണദണ്ഡനീതിയിൽ നിന്നാണെന്നും വ്യക്തം. എന്നാൽ, ബഹുമാനപ്പെട്ടവരെ, ആ വ്യവസ്ഥ പണ്ടേ കഴിഞ്ഞുപോയല്ലോ. അതിനെ പുനരുദ്ധരിക്കാൻ ശ്രമിക്കുന്നവരുടെ നല്ലകാലമാണിതെന്നു കരുതി അവരെ സന്തോഷിപ്പിക്കാനാണ് നിങ്ങൾ ഈ ദ്രോഹം - എല്ലാ ഇന്ത്യൻ സ്ത്രീകളോടുമുള്ള ഈ മഹാപാതകം -- ചെയ്തതെന്ന് വിശ്വസിക്കുന്നവരുണ്ട്. ഞാൻ പക്ഷേ ആ കൂട്ടത്തിലല്ല. നിയമം പഠിച്ചിട്ടും, ഭരണഘടനയനുസരിച്ച് രാജ്യത്തെ പരിപാലിക്കാൻ മാസാമാസം കാശുവാങ്ങിയിട്ടും ബ്രാഹ്മണപിതൃമേധാവിത്വത്തിൻെറ തീട്ടം തലയിൽ നിറച്ചവരുടെ എണ്ണം ഈ നാട്ടിൽ കുറവല്ല. തീവ്രഹിന്ദുത്വം വളരുന്ന ആന്തരീക്ഷത്തിൽ അത് രൂക്ഷമായേക്കാമെന്നേയുള്ളൂ.

മനുഷ്യത്വമോ പെൺകുഞ്ഞുങ്ങളോടുള്ള അലിവോ നിങ്ങൾക്കില്ല, തീർച്ച. നിങ്ങൾക്കെന്നല്ല, ഈ നശിച്ച സമൂഹത്തിനു തന്നെയില്ല. നിങ്ങൾക്ക് ലൌ ജിഹാദ് എന്ന പ്രതിഭാസം യാഥാർത്ഥ്യമാണെന്ന വിശ്വാസമാണുള്ളത്. അത് സ്വാഭാവികമാണ്. കാരണം മനോരമ പോലുള്ള പത്രങ്ങളുടെ കുടിലബുദ്ധിയാണ് ഇവിടെ സത്യത്തെയും അസത്യത്തെയും നിർവ്വചിക്കുന്നത്. നിങ്ങളുടെ പാണ്ഡിത്യമൊന്നും വസ്തുതകളെ സൂക്ഷ്മമായി പരിശോധിക്കാനോ മാറിവരുന്ന സാമൂഹ്യസാഹചര്യങ്ങളെ പഠിക്കാനോ പ്രേരിപ്പിക്കുംവിധമല്ല. അതുകൊണ്ട് ഇത് ലൌ ജിഹാദ് കെണിയാണെന്നും ഹാദിയയെ അവരുടെ ഭർത്താവിൽ നിന്ന് മാറ്റിത്താമസിപ്പിക്കണമെന്നും നിങ്ങൾക്കു തോന്നിയതിൽ ഞാൻ അതിശയിക്കുന്നില്ല.

പക്ഷേ ഈ സംരക്ഷണത്തിന് പറ്റിയ ഇടം ശ്രീ അശോകൻെറ ഭവനമാണെന്ന് നിങ്ങൾ തീരുമാനിച്ചതിലാണ് നിങ്ങളുടെ മഹാ അന്ധതയും കരുതലില്ലായ്മയും വ്യക്തമാകുന്നത്. നിങ്ങളുടെ മാത്രമല്ല, ഈ കേരളത്തിലെ മുഖ്യധാരയുടെ മുഴുവൻ പൊള്ളത്തരവും വ്യക്തമാക്കുന്നൂ അത്. ഹാദിയയെ കാര്യമായ ബലപ്രയോഗത്തിലൂടെയാണ് പോലീസ് അവരുടെ പിതാവിൻെറ വീട്ടിലെത്തിച്ചതെന്ന് ടി വിയിൽ കണ്ടവരാണ് നാം.ഒരു സ്ത്രീയ്ക്ക് സ്വന്തം വീട്ടിൽ പോകാൻ ഇത്ര മടിയോ എന്ന് പലരും വിചാരിച്ചിട്ടുണ്ടാകണം. ഇസ്ലാമിൽ ചേർന്നില്ലായിരുന്നുവെങ്കിൽ ഹാദിയയുടെ ചെറുത്തുനിൽപ്പിനെ മറ്റൊരുവുധത്തിൽ നിങ്ങൾ വ്യാഖ്യാനിക്കില്ലായിരുന്നോ?

ബഹുമാനപ്പെട്ടവരെ, നിങ്ങൾ കേരളത്തിലുടനീളം നടന്ന ബാലപീഡനചർച്ച ഇത്ര പെട്ടെന്നു മറന്നല്ലോ!!
കേരളത്തിൽ പെൺകുഞ്ഞുങ്ങൾ സ്വന്തം വീടുകളിൽ ലൈംഗികവും അല്ലാത്തതുമായ ഹിംസ അനുഭവിക്കുന്നതിനെപ്പറ്റിയുള്ള ചർച്ച ഇവിടെ ചുരുളഴിഞ്ഞിട്ട് അധികമായിട്ടില്ല. ഈ വിഷയത്തെപ്പറ്റി, പക്ഷേ, തുറന്നുസംസാരിക്കാൻ മിക്ക ഇരകൾക്കും ഇന്നും ധൈര്യം ഇല്ലെന്നതാണ് വാസ്തവം. തങ്ങളനുഭവിച്ച നരകയാതനയിൽ നിന്ന് രക്ഷപ്പെടാൻ പല സ്ത്രീകളും പല വഴികളും തേടുന്നുവെന്ന് നമുക്കറിയാം - ചിലർ നാടുവിട്ടുപോകുന്നു, ചിലർ സ്വന്തം കുടുംബങ്ങളിൽ നിന്ന് കഴിവതും അകലുന്നു, അങ്ങനെയങ്ങനെ. ഇവരിൽ ചിലർ മതം മാറിയെന്നുമിരിക്കും.

അപ്പോൾ ഹാദിയയുടെ മതംമാറ്റത്തിൽ മതവിശ്വാസം മാത്രമേ കാണൂ എന്ന് നിങ്ങളങ്ങ് തീരുമാനിച്ചത് കരുതലില്ലായ്മ മാത്രമല്ലേ? അവർക്ക് മതംപഠനത്തിലൂടെ സ്വയം മാറാൻ ശേഷിയുള്ളതായി നിങ്ങൾക്കു തോന്നിയില്ലെന്ന് റിപ്പോർട്ടുകളുണ്ട്. മതം മാറാൻ കുടുംബപരമായ സാഹചര്യങ്ങൾ ഒരുപക്ഷേ ഉണ്ടായേക്കാമെന്നും അങ്ങനെയെങ്കിൽ അവരെ വീട്ടിലേക്കല്ല, സുരക്ഷിതമായ സർക്കാർമേൽനോട്ടത്തിലുള്ള (മഹിളാസമഖ്യ പോലുള്ള സർക്കാർപരിപാടികൾ സജീവമാണല്ലോ) സ്ഥലത്തേയ്ക്കല്ലേ വിടേണ്ടിയിരുന്നത്. നിങ്ങളുടെ സംരക്ഷണകൌതുകത്തിൻെറ പൊള്ളത്തരമാണ് ഇപ്പോൾ പുറത്തായത്. കള്ളുകുടിയൻ തന്തയുടെ ഉപദ്രവം സഹിക്കവയ്യാതെ വീട്ടിൽ നിന്ന് ഓടിപ്പോയ മക്കളെപ്പറ്റി നിങ്ങൾ കേട്ടിട്ടേയില്ലേ? ഹാദിയയുടെ അച്ഛൻെറ വീട്ടിലെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ അതു മോശമല്ലായിരിക്കാം. പക്ഷേ ഞാൻ ചോദിക്കുന്നു, നമുക്കെങ്ങനെ അറിയാം? മക്കളെ കഠിനമായി ശിക്ഷിക്കുന്ന പല പ്രസന്നവദനന്മാരെയും ഞാൻ കണ്ടിട്ടുണ്ട്.

അവിടേയ്ക്കു മടക്കരുതെന്ന് ഹാദിയ കരഞ്ഞുപറഞ്ഞപ്പോൾ അവൾ ഒരുപക്ഷേ പറയാതിരുന്ന എന്തെങ്കിലും ഉണ്ടാകുമെന്ന് ഊഹിക്കാനുള്ള അനുകംപ നിങ്ങൾക്കില്ലാതെ പോയല്ലോ.

ഹാദിയ ഇന്ന് കടുത്ത അപകടത്തിലാണെന്ന് വാർത്തകൾ ഇന്ന് സർവ്വത്ര പരക്കുന്നു. അവളുടെ അവസ്ഥയെക്കുറിച്ച് ആരായാൻ ഉത്തരവാദപ്പെട്ട അധികാരികൾ ഇപ്പോളും മടിക്കുന്നു. ഈ വാർത്തകളുടെ സത്യസ്ഥിതി എന്തെന്ന് അറിയാൻ പോലും നിവൃത്തിയില്ലാതായിരിക്കുന്നു. ഒരു പ്രദേശത്തെ സാമുദായികസ്നേഹം തന്നെ അപകടത്തിലായിരിക്കുന്നു, ഗംഗാനദീതട സംസ്കാരവിഹീനരുടെ അട്ടഹാസങ്ങൾ ശ്രീനാരായണൻെറ അരുളിനെ കേൾക്കാതെയാക്കുന്നു.

നിങ്ങളുടെ പൊള്ളത്തരത്തിൻറെ വില ഈ സമൂഹം മുഴുവൻ കൊടുക്കേണ്ടിവരുന്നു. നിങ്ങളെ വിശ്വസിച്ചവരെ നിങ്ങൾ വഞ്ചിച്ചിരിക്കുന്നു. അതു ഞങ്ങൾ തിരിച്ചറിഞ്ഞില്ല എന്ന് ഒരു നിമിഷം പോലും ധരിച്ചുപോകരുത്. വിഡ്ഢിസ്വർഗം അധികനാൾ നീളാറില്ല.

ജെ. ദേവിക
 


 

Tags:    
News Summary - hadiya case-kerala-open forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.