ഇന്ത്യയിൽ സാമൂഹിക നവോത്ഥാനത്തിനും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും നിർണായക പങ്ക് വഹിക്കുന്ന എൻ.ജി.ഒകൾക്ക് നേരെ നിയന്ത്രണങ്ങളുടേയും പിടിച്ചടക്കലുകളുടെയും പുതിയ ഘട്ടം സമാരംഭിക്കുകയായി എന്ന് കരുതാം. എൻ.ജി.ഒകളുടെ സുഗമപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നമ്മുടെ നിയമമാണ് Foreign Contribution (Regulation) Act (FCRA). ഈ നിയമത്തിൽ അടുത്തിടെയായി നിരന്തരം ഭേദഗതികൾ വന്നു കൊണ്ടേയിരിക്കുകയാണ്. 2020ൽ നിയമ ഭേദഗതിയിലൂടെ തീക്ഷ്ണമായൊരു നിയന്ത്രണം വരുത്തിക്കഴിഞ്ഞതാണ്. അതിന് പുറമേയാണ് പുതിയ നിയമ പരിഷ്കാരവുമായി, അതും അടുത്തിടെ നിർദേശിക്കപ്പെട്ട 2026 ഭേദഗതി ബില്ലും ചേർന്നുനോക്കുമ്പോൾ രാജ്യത്തിന്റെ നയപരമായ തീരുമാനങ്ങളിൽ വ്യക്തമായൊരു വ്യതിയാനം നമുക്ക് കാണാൻ കഴിയുന്നു. ആ മാറ്റം കേവലനിയന്ത്രണങ്ങളിൽനിന്ന് സമ്പൂർണ നിയന്ത്രണാധികാരത്തിലേക്ക് തന്നെയുള്ള ഏകപക്ഷീയമായ മാറ്റമാണ്.
സർക്കാരിന്റെ തീർപ്പും വാദവും വ്യക്തമാണ്. വിദേശ ധനനിധി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ സ്വാധീനം ചെലുത്തരുത്. അത്തരം ധനപ്രവാഹത്തിന് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണം. ദേശീയ സുരക്ഷയും സാർവഭൗമത്വവും സംരക്ഷിക്കേണ്ടതുണ്ട്. ഈ ആശങ്കകൾ പ്രസക്തം തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്വീകരിക്കുന്ന ഇടുങ്ങിയ മാർഗങ്ങൾ എൻ.ജി.ഒ കളുടെ പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങളും പരിമിതികളും തീർക്കുന്നതാണെന്ന് പറയാതെ വയ്യ.
2020ൽ നടത്തിയ നിയമ ഭേദഗതിയിലൂടെ എൻ.ജി.ഒകൾ തമ്മിലുള്ള പരസ്പര സഹകരണം തകർക്കുന്ന വിധത്തിൽ sub-granting പൂർണമായി നിരോധിച്ചു. ഇതോടെ വലിയ സംഘടനകൾ വഴിയായി ചെറിയ ചെറിയ ഗ്രാമീണ മേഖലാ സംവിധാനങ്ങൾക്ക് എത്തിച്ചേർന്നിരുന്ന ഫണ്ടിങ് ശൃംഖല അപ്പാടെ തരിപ്പണമായി. എൻ.ജി.ഒകളുടെ ഭരണച്ചെലവിന്റെ പരമാവധി പരിധി 20 ശതമാനം മാത്രമായി ചുരുക്കിയതിലൂടെ സേവന വേതന രീതികൾ, പരിശീലന പരിപാടികൾ, ഗവേഷണ മണ്ഡലം എന്നിവക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും നിലനിർത്തിയെടുക്കാൻ ഏജൻസികൾക്ക് ബുദ്ധിമുട്ടായി. എല്ലാ വിദേശ ഫണ്ടുകളും ഒരു ഏക കേന്ദ്ര ബാങ്ക് അക്കൗണ്ടിലൂടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണെന്ന കടുത്ത നിർബന്ധം പ്രായോഗികമായ നിരവധി പ്രതിസന്ധികൾക്കും വൈകിപ്പുകൾക്കും മറ്റു പ്രവർത്തന തടസ്സങ്ങൾക്കും കാരണമായി.
ഇതിനെക്കാളൊക്കെ എൻ.ജി.ഒകളെ ആശങ്കയിലകപ്പെടുത്തിയത് 2026 ഭേദഗതി ബില്ലിലെ കടുത്ത നിർദ്ദേശങ്ങളാണ്. ഏതെങ്കിലും കാരണങ്ങളാൽ എൻ.ജി.ഒകളുടെ ലൈസൻസ് റദ്ദാക്കിയാൽ സംഘടനയുടെ ആസ്തികൾ കേന്ദ്ര സർക്കാറിന് ഉപാധിരഹിതമായി കൈവശപ്പെടുത്താമെന്ന വ്യവസ്ഥ, സത്യത്തിൽ നമ്മെ ഭയപ്പെടുത്തുന്ന നിയമമാണ്. ഇങ്ങനെയൊരു നിയമം നിലനിൽക്കുമ്പോൾ ഏത് കാരണം പറഞ്ഞും സർക്കാറിന് എൻ.ജി.ഒകളുടെ ആസ്തിവകകൾ കൈവശപ്പെടുത്താം. ഭരണകൂട വിമർശനവും ഭരണ കൂടങ്ങളുടെ നേർത്ത നീരസങ്ങൾ പോലും എൻ.ജി.ഒകളുടെ സ്വത്തുക്കൾ കവരാൻ ഭരണാധികാരികൾക്ക് സാധിക്കും. ഇത് സംഘടനകളുടെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്ന കടുത്ത നിയന്ത്രണ നിയമമാണ്. ദേശസുരക്ഷ ഭീതി സത്യത്തിൽ ഭരണകൂട വിമർശന ഭീതിയായി ഇവിടെയൊക്കെ മാറി വരാൻ വളരെ എളുപ്പമാണ്. അധികാര വിമർശനത്തെ നിശബ്ദമാക്കാനുള്ള സർക്കാർ വിലാസം ജീനിയും കടിഞ്ഞാണുമാണിത്. വിമർശനങ്ങളെ സ്വയം നിശ്ശബ്ദമാക്കാൻ ഇതിൽ പരം സുഗമമായ മാർഗം മറ്റെന്തുണ്ട്?.
സുപ്രീംകോടതി Noel Harper v/s Union of India കേസിൽ ഈ തരം നിയമഭേദഗതികളെ സാധൂകരിച്ചിട്ടുണ്ടെന്നത് അധികാര സോപാനങ്ങളുടെ വൈരനിര്യാതനങ്ങൾക്ക് താങ്ങും ബലവുമാണ്. സർക്കാർ അധികാരം സ്വേച്ഛാധിപത്യമായി ഉപയോഗിക്കരുത് എന്ന അടിസ്ഥാന തത്വമപ്പോൾ ഏട്ടിൽ സുഖമായുറങ്ങും. നിയമത്തിന്റെ സാധുതയും അതിന്റെ പ്രയോഗത്തിലെ ന്യായതയും രണ്ട് വ്യത്യസ്ത വിഷയങ്ങളാണങ്കിലും പ്രയോഗത്തിലതിന് ഭരണകൂടങ്ങൾക്ക് മാത്രം കുളിരാകുന്ന നിയമ സന്നാഹമാണ്.
ഈ ഭേദഗതികളുടെ ഏറ്റവും ഗൗരവമായ പ്രത്യാഘാതം “Chilling effect” എന്നതാണ്. ലൈസൻസ് നഷ്ടപ്പെടുമെന്ന ഭയത്തിൽ എൻ.ജി.ഒകൾ സർക്കാർ നയങ്ങളെ വിമർശിക്കുന്നതിൽനിന്ന് തീർത്തും പിൻവാങ്ങുകയും പ്രവർത്ത മണ്ഡലങ്ങളിൽ അധികാര നീരസം വരാതെ ശ്രദ്ധിക്കുകയും ചെയ്യും. ഇതോടെ സാമൂഹിക ചർച്ചകളും സംവാദങ്ങളും നിലക്കും. മനുഷ്യാവകാശ പ്രവർത്തനങ്ങളും അതിനായുള്ള സംഘാടനങ്ങളും നിശ്ചലമാവും. ഇത് തന്നെയാണ് ഭരണാധികാര സർവസ്വം ലക്ഷ്യമിടുന്നതും. സർവത്ര വിമൂകമാവും. ആരോഗ്യകരമായ ജനാധിപത്യ പൗരസമൂഹങ്ങൾ അതോടെ ഇല്ലാതെയാവും. പൊതു സിവിൽ സമൂഹം ഏറ്റെടുക്കുന്ന വിമർശനങ്ങളാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യവും പ്രസന്നതയും. വിമർശനങ്ങളേയില്ലാത്ത സമൂഹം ഭീതിയുടെ കമ്പളത്തിനകത്ത് സ്വപ്നം പോലും തടയപ്പെട്ടവരാതായി കഴിയേണ്ടി വരും.
കൂടാതെ ഈ നിയമം സ്ഥാപനങ്ങൾക്കിടയിൽ വലിയ അസമത്വം സൃഷ്ടിക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട സംഘടനകൾക്ക് നേരിട്ട് വിദേശ ഫണ്ടിങ് ലഭ്യമാകുന്നത് ഈ ഭേദഗതി മൂലം പ്രതിസന്ധികളിലാവുന്നു. ഇതോടെ നമ്മുടെ വിദൂര ഗ്രാമീണ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലൊക്കെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കും അവർ ഏറ്റെടുത്ത വികസന പദ്ധതികൾക്കും തിരിച്ചടി ഉണ്ടാകുന്നു.
നിയമം കൊണ്ടു വരുന്ന ഒരു പ്രധാന ഭീതി, അധികാരത്തിന്റെ ഏകകേന്ദ്രീകരണം തന്നെയാണ്. എല്ലാ നിയന്ത്രണങ്ങളും അനുമതികളും നടപടികളും കേന്ദ്രസർക്കാരിന്റെ കൈകളിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ, പരിശോധനയും ഉത്തരവാദിത്വവും കുറയാനുള്ള സാധ്യതയും വർധിക്കുന്നു. ഇത് ഭരണഘടനയിലെ checks and balances സംവിധാനത്തെ ദുർബലപ്പെടുത്താൻ ഇടയാക്കും.
ഈ സാഹചര്യത്തിൽ ആവശ്യം, നിയമത്തെ പൂർണമായും തള്ളിക്കളയലല്ല. മറിച്ച് സന്തുലിതമായ ഒരു മൃദുസമീപനം നിർണയിക്കലാണ്. ദേശീയ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം, സിവിൽ സൊസൈറ്റിയുടെ സ്വാതന്ത്ര്യവും നിർഭയത്വവും സംരക്ഷിക്കപ്പെടണം. ചെറിയ വീഴ്ചകൾക്ക് പരമാധി ശിക്ഷ എന്നതിന് പകരം, മുന്നറിയിപ്പ്, പരിഹാരം, തിരുത്തലുകൾ മാർഗനിർദ്ദേശം തുടങ്ങിയ ഇടനില മാർഗങ്ങൾ പരിഗണിക്കണം.
അവസാനമായി, ഈ ഭേദഗതികൾ ഉയർത്തുന്ന പ്രധാന ചോദ്യം ഇതാണ്: “നാം ഒരു സുരക്ഷിത രാഷ്ട്രം സൃഷ്ടിക്കുകയാണോ, അതോ നിയന്ത്രണങ്ങളാൽ ബന്ധിതരായ ഒരു ഭീതി പൂക്കുന്ന ജനസഞ്ചയത്തെ സൃഷ്ടിക്കുകയോ. ജനാധിപത്യത്തിൽ അധികാര ഭീതി അനാവശ്യം തന്നെയാണ്.
ജനാധിപത്യത്തിന്റെ ശക്തി സർക്കാരിന്റെ ശക്തി മാത്രമല്ല. മറിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സമൂഹ സംഘടനകളുടെ ആരോഗ്യകരമായ പങ്കാളിത്തം കൂടിയാണ്. ആ സ്വരം നിശ്ശബ്ദമാകുമ്പോൾ നഷ്ടപ്പെടുന്നത് കേവലമൊരു സേവന സംഘാടനം മാത്രമല്ല, ജനാധിപത്യത്തിന്റെ ആത്മാവാണ്. വിയോജിക്കുവാനും നിർഭയമായി വിമർശിക്കുവാനും സന്ദർഭമില്ലെങ്കിൽ പിന്നെയത് ഏകശിലാത്മമായൊരു വിരസ സമൂഹത്തെയാവും നാം കാണുക. അത് ആരോഗ്യമാർന്ന രാഷ്ട്രമാവില്ല. പകരം, വിഹ്വലത മേഞ്ഞു നടക്കുന്ന ജനാധിപത്യ തുറസ്സുകളില്ലാത്ത കുടുക്ക് രാജ്യമാവും. നാം ശീഘ്രം സഞ്ചരിക്കുന്നത് എങ്ങോട്ടാണ്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.