ശോഭ സുരേന്ദ്രന് അറിയാമോ കണ്ണൂരിന്‍റെ ആർ.എസ്​.എസ്​ രാഷ്ട്രീയം? 

കഴിഞ്ഞവർഷം മേയ് 25ന് ബുധനാഴ്ച ഉച്ചക്ക് ശേഷം പിണറായി സർക്കാരി​െൻറ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയായപ്പോൾ അധികാരാരോഹണത്തിന്‍റെ ആരവങ്ങൾക്കിടയിൽ കണ്ണിലുടക്കിയ കാഴ്ച സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ ബാൻഡേജിട്ട ഇടതുകൈയുമായി വേദിയിലേക്ക്​ കയറിവന്നതാണ്. തൊട്ടടുത്തിരിക്കുന്ന മധ്യവയസ്​ക മന്ത്രിയെ തുറിച്ചനോക്കി ആത്മഗതമെന്നോണം,  ‘ഈശ്വരാ ഈ മനുഷ്യൻ എവിടെയാണ് വീണത്?’

വീണതല്ല, ആർ.എസ്​.എസുകാർ കൈ തല്ലി ഒടിച്ചതാണെന്ന് പറയണമെന്നുണ്ടായിരുന്നുവെങ്കിലും മൗനം ഭൂഷണമായി കരുതി തിരുത്താൻ പോയില്ല. കാഞ്ഞങ്ങാട് മണ്ഡലത്തിൽനിന്ന് 26,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ നേതാവിന്‍റെ വിജയ ഘോഷയാത്ര സംഘ്പരിവാറിന് മേൽക്കോയ്മയുള്ള മാവുങ്കൽ എന്ന പ്രദേശത്തൂടെ കടന്നുപോയപ്പോൾ പട്ടാപ്പകലായിട്ടും എം.എൽ.എയും ഇടതുസംഘവും ആക്രമിക്കപ്പെടുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജയിച്ചുകയറിയ ധർമടം മണ്ഡലത്തിൽ, സാക്ഷാൽ പിണറായിയിലും ആർ.എസ്​.എസ്​ -ബി.ജെ.പി പ്രവർത്തകർ അക്രമങ്ങൾ അഴിച്ചുവിടുകയും സി.പി.എം പ്രവർത്തക​െൻറ കഥ കഴിക്കുകയുമുണ്ടായി. നരിമടയിൽ കയറിയുള്ള ഈ ആക്രമണം മുഖ്യമന്ത്രിക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. കേന്ദ്രത്തിൽ ഭരണം കൈയാളുന്ന നരേന്ദ്രമോദിയുടെ അനുയായികളായ ഞങ്ങൾ ഇനി ആരേയും പേടിക്കാൻ പോകുന്നില്ലെന്ന്. 

ഗണവേഷമണിഞ്ഞ് സദാ സായുധപരിശീലനം നേടുന്ന ആർ.എസ്​.എസിന്, 1925ൽ ഡോ. ഹെഡ്ഗേവാർ സംഘടന രൂപീകരിച്ചത്  മുതൽ ശത്രുക്കളെ തേടിപ്പോകുന്ന സ്വഭാവമായിരുന്നത് കൊണ്ട് അക്രമവാസന കൂടുതലാണെന്ന് എല്ലാവർക്കുമറിയാം. അതിന്‍റെ ലക്ഷണമാണ് ശോഭാ സുരേന്ദ്രൻ ഡൽഹിയിൽ ചെന്ന് തുറന്നുകാട്ടിയത്. സി.പി.എമ്മുകാരെ ഡൽഹിയിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന്. കേട്ടാൽ തോന്നും ഇന്ദ്രപ്രസ്​ഥം ശോഭാസുരേന്ദ്ര​ന്‍റെ പാർട്ടിക്ക് തീറാധാരമായി കിട്ടിയതാണെന്ന്​. പിണറായി വിജയ​െൻറ തല കൊയ്യുന്നവർക്ക് സ്വത്ത് വിറ്റെങ്കിലും ഒരു കോടി ഇനാം തരാമെന്ന് ഉജ്ജയിനിയിലെ ആർ.എസ്​.എസ്​ പ്രചാർ പ്രമുഖ് കുന്ദൻ ചന്ദ്രാവത് നടത്തിയ ആ​ക്രോശത്തോളം എത്തിയ ശോഭയുടെ വായ്ത്താരി അവിടെ കൊണ്ടും അവസാനിച്ചില്ല. പിണറായി സർക്കാരിനെ നിലക്കുനിറുത്താൻ മുന്നോട്ടുവരാൻ തയാറാവാത്ത ഗവർണർ പി. സദാശിവത്തിനു നേരെ വിരട്ടൽ ഭാഷ പ്രയോഗിക്കാനും അവർ ഉദ്യുക്തയായി. പരമോന്നത നീതിപീഠത്തി​െൻറ അധിപനായിരുന്ന ഒരു നിയമജ്ഞനെയാണ് ശോഭ സുരേന്ദ്രന്മാർ കാവിരാഷ്ട്രീയത്തിന്‍റെ തിണ്ണബലത്തിൽ ചട്ടം പഠിപ്പിക്കാൻ മുതിർന്നത്.  

പയ്യന്നുരിനടുത്ത് ആർ.എസ്​.എസ്​ മണ്ഡൽ കാര്യവാഹ് ചൂരക്കാട് ബിജു കൊല്ലപ്പെട്ടുവെന്ന് കേട്ടപ്പോൾ കേന്ദ്രസർക്കാർ ഇടപെടണമെന്നും കണ്ണൂരിൽ കരിനിയമമായ ‘അഫ്സ്​പ’ നടപ്പാക്കണമെന്നുമെന്നുമൊക്കെ വിളിച്ചുകൂവാൻ ശോഭയെ പോലുള്ളവർക്ക് ധൈര്യം പകരുന്നത് ഡൽഹിയിലെ അധികാരവും ആർ.എസ്​.എസിന്‍റെ ജന്മനാലുള്ള ധിക്കാരമനോഭാവവും മീഡിയയുടെ അതിർകവിഞ്ഞ പിന്തുണയുമായിരിക്കണം. വിഷധൂളികൾ പരത്തുന്ന വായ്ത്താരി കൊണ്ട് മാത്രം ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ രഥമുരുട്ടുന്ന ശോഭക്കറിയുമോ കണ്ണൂരിലെ സംഘരാഷ്ട്രീയത്തിന്‍റെ അന്ത:സ്​ഥലികളെ? 

Full View

സംഘ രാഷ്ട്രീയം കണ്ണൂരിന്‍റെ സ്വാസ്​ഥ്യം കെടുത്താൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞൂ. അതിനിടയിൽ എത്ര സംഘടനാ പ്രവർത്തകർ ‘ബലിദാനികളായി’ എന്ന ചോദ്യത്തോടൊപ്പം എത്ര നിരപരാധികളെ അറുകൊല ചെയ്തു എന്ന മറുചോദ്യവും ഉത്തരം തേടുന്നുണ്ട്. 1983മുതൽ 2009 വരെയുള്ള കാലയളവിൽ മാത്രം 91ജീവനുകൾ കണ്ണൂരിൽ കൊലക്കത്തിക്ക് അല്ലെങ്കിൽ കൊടുവാളിന് ഇരയായപ്പോൾ അതിൽ 31 ആർ.എസ്​.എസ്​ -ബി.ജെ.പി പ്രവർത്തകരായിരുന്നുവ​ത്രെ. അതേകാലയളവിൽ സി.പി.എമ്മിന് നഷ്​ടപ്പെട്ടത് 33സഖാക്കളെയാണ്. പ്രതികളാവട്ടെ ആർ.എസ്​.എസ്​ -ബി.ജെ.പിക്കാരും. 1978-81കാലഘട്ടത്തിൽ നാൽപതോളം പേരുടെ ജീവൻ പെരുവഴിയിൽ പൊലിഞ്ഞപ്പോഴും ഏതാണ്ട്  പപ്പാതിയാണെത്ര പാർട്ടി തിരിച്ചുള്ള പൊലീസ്​  കണക്ക്. 

ഗ്രാമാന്തരങ്ങളിൽ ആധിപത്യം സ്​ഥാപിക്കാനുള്ള കൊല്ലും കൊലയും പ്രവർത്തനശൈലിയായി വളർത്തിയെടുത്തപ്പോൾ ബി.ജെ.പിക്ക് പാർലമ​െൻറിൽ രണ്ടംഗങ്ങൾ മാത്രമുള്ള ഒരു കാലസന്ധിയിൽ പോലും കണ്ണൂരിൽ കമ്യൂണിസ്​റ്റുകാരുടെയോ കോൺഗ്രസ്​കാരുടെയോ പിന്നാലെ സംഘ്പരിവാരം ഓടിനടക്കുന്നുണ്ടായിരുന്നു കൊലക്കത്തിയുമായി. സ്​നേഹസൗഭ്രാത്രത്തിന്‍റെ മലബാർ പാരമ്പര്യത്തിനു കളങ്കം ചാർത്തി അതിനിടയിൽ തലശ്ശേരിയിൽ വർഗീയ കലാപവും കൊണ്ടാടി. അതിനു പിന്നിൽ ആർ.എസ.​്എസാണെന്ന്​ കലാപം അന്വേഷിച്ച വിതയത്തിൽ കമീഷൻ അസന്ദിഗ്ധമായി പറയുന്നുണ്ട്.

കഴിഞ്ഞ ജൂലൈയിൽ രാമന്തളിയിലെ സി.പി.എമ്മുകാരൻ ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളിലൊരാളാണ​െ​ത്ര ഇപ്പോൾ കൊല്ലപ്പെട്ട ചൂരക്കാട് ബിജു. വയലിലും വരമ്പിലും കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന അക്രമരാഷ്ട്രീയത്തിന്‍റെ ഭീതിജനകവും ലജ്ജാവഹവുമായ പാത പിന്തുടരുന്നവർക്ക് നിയമവാഴ്ചയെ കുറിച്ചോ ജനാധിപത്യകീഴ്വഴക്കങ്ങളെ കുറിച്ചോ ഉരിയാടാൻ എന്തവകാശം എന്ന് കുമ്മനം രാജശേഖരനും ശോഭ സുരേന്ദ്രനുമൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

ഓർമക്കുറവും വിവരക്കേടും ഒരുമിക്കുമ്പോഴാണോ ശോഭമാർ കൂടുതൽ ‘തിളങ്ങുന്നത്’ എന്ന് സംശയിച്ചുപോകാറുണ്ട്. ഒരു പ്രവർത്തകൻ കൊല്ലപ്പെടുമ്പോഴേക്കും രാജ്ഭവൻ വരെ ഓടിച്ചെന്ന് ഗവർണർക്ക് നിവേദനം നൽകാൻ മാത്രം രാഷ്ട്രീയ ആന്ധ്യം പിടിപെട്ടവരാണോ കേരളത്തിലെ ബി.ജെ.പിക്കാർ? ചൂരക്കാട് ബിജു ‘ബലിദാനി’ ആയത് രാഷ്ട്രീയപകപോക്കലിന്‍റെ ഇരയാകാൻ വിധിക്കപ്പെട്ടത് കൊണ്ടാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും ഒരാളെയും തൊട്ട് നോവിക്കാത്ത മൂന്ന് നിരപരാധരെ നിഷ്ഠൂരമായി കൊന്ന് തള്ളിയ ആർ.എസ്​.എസ്​ കാപാലികതക്കെതിരെ രാഷ്ട്രപതിഭവനിൽ കയറിച്ചെന്ന് അലമുറ ഇടേണ്ടിയിരുന്നില്ലേ? 

സ്വന്തം മനസ്സാക്ഷിയുടെ തേട്ടം കേട്ടതിനല്ലേ മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലിനെ ആർ.എസ്​.എസുകാർ വെട്ടിക്കൊന്നത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്ടെ അനന്തു എന്ന പ്ലസ്​ ടു വിദ്യാർഥിയെ ശ്വാസം മുട്ടിച്ചു മർദിച്ചുകൊന്ന മൃഗീതയുടെ കാളിമക്ക് ശിക്ഷ ചോദിച്ച് ഏത് ജനാധിപത്യസ്​ഥാപനത്തിലേക്കാണ്​ ആ കൗമാരക്കാര​െൻറ ഹതാശരായ മാതാപിതാക്കൾ കയറിച്ചെല്ലേണ്ടത്? അതുപോലെ, കാസർകോട്ടെ മധൂർ പഞ്ചായത്തിലെ ചൂരിയിൽ പള്ളിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന റിയാസ്​ മൗലവിയെ അതിക്രൂരമായി വെട്ടിക്കൊന്ന ആർ.എസ്​.എസ്​ കാട്ടാളത്തത്തെക്കുറിച്ച് ശോഭാ സുരേന്ദ്രന് എന്താണ് പറയാനുള്ളത്? സാമൂഹികവിഷയങ്ങളിൽ ഇടപെടുകയോ രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെടുകയോ ചെയ്യാത്ത ആ യുവാവിനെ വെട്ടിക്കൊല്ലാൻ ഇറങ്ങിപ്പുറപ്പെട്ട മൂന്ന് യുവാക്കളുടെ മനസ്സുകളിൽ ഇത്രമാത്രം വിഷം കുത്തിവെച്ച പ്രത്യയശാസ്​ത്രത്തിൽ വിശ്വസിക്കുന്നവർക്ക് അക്രമത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും മിണ്ടാൻ എന്തവകാശം? 

കണ്ണൂരിൽ ഒരു ആർ.എസ്​.എസ്​ പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ അവിടെ സൈന്യത്തെ ഇറക്കണം പോലും! ഗുജറാത്തിൽ രണ്ടായിരം നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോൾ എന്തേ ക്രമസമാധാനം പാലിക്കണമെന്ന് പറയാൻ നരേന്ദ്ര മോദിയുടെ നാവ് അനങ്ങാതെ പോയത്? ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശം ഹനിച്ചുകൊണ്ട്​  ന്യുനപക്ഷവിരുദ്ധ വംശവിച്ഛേദനത്തിന് ഭരണയന്ത്രം മേൽനോട്ടം വഹിച്ചപ്പോൾ മോദി സർക്കാരിനെ പിരിച്ചുവിടാൻ എന്തുകൊണ്ട് അന്നത്തെ വാജ്പേയി സർക്കാർ ആർജവം കാണിച്ചില്ല. സഹൃദയനായ വാജ്പേയിക്ക് ‘രാജധർമം’ പാലിക്കണമെന്ന് ഉപദേശിക്കാനേ സാധിച്ചുള്ളൂ. പൂർണമായും പരാജയപ്പെട്ട ഗുജറാത്ത് സർക്കാരിനെ പിരിച്ചുവിടാനുള്ള വാജ്പേയിയുടെ നീക്കത്തെ നാഗ്പൂരിലെ ഹെഡ്ഗേവാർ ഭവനിൽനിന്ന് തടഞ്ഞുനിർത്തുകയായിരുന്നവത്രെ. അതേ സംഘ്പരിവാറിൽപ്പെട്ടവരാണ് ഇപ്പോൾ ഇല അനങ്ങിയാൽ പിണറായി സർക്കാരിനെ പിരിച്ചുവിടുമെന്ന് ഉമ്മാക്കി കാണിച്ച് ആത്മരതിയടയുന്നത്. അത്തരമൊരു നീക്കത്തെ കുറിച്ചുള്ള ഭയമാണ് ഡൽഹി ഭരണകൂടത്തിന്‍റെ അടുത്തയാൾക്കാരായ ബെഹ്റയെയും രമൺ ശ്രീവാസ്​തവയെയുമൊക്കെ പൊലിസിന്‍റെ തലപ്പത്തിരുത്താൻ പ്രേരിപ്പിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നതും ബി.ജെ.പി കേന്ദ്രങ്ങളാവണം. 

നിർഭാഗ്യമെന്ന് പറയട്ടെ, ഹിന്ദുത്വ രാഷ്ട്രീയത്തി​െൻറ വിനാശമുഖങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും കോൺഗ്രസും മുസ്​ലിം ലീഗും പലപ്പോഴും കമ്യൂണിസ്​റ്റുകാരെ പ്രതിക്കൂട്ടിൽ കയറ്റിനിർത്താനാണ് വ്യഗ്രത കാട്ടുന്നത്​. പശ്ചിമബംഗാളിലെ ഇപ്പോഴത്തെ അനുഭവത്തിൽനിന്ന് അവർ പാഠം പഠിച്ചെങ്കിൽ അവർക്ക് നന്ന്. ബംഗാളിന്‍റെ മണ്ണിൽ അടിവേരിറക്കാനുള്ള തത്രപ്പാടിൽ കൊല്ലും കൊലയും ആയുധമാക്കിയെടുത്തപ്പോൾ എല്ലാറ്റിനുമൊടുവിലിതാ, കോൺഗ്രസും സി.പി.എമ്മും തൃണമുൽ കോൺഗ്രസുമൊക്കെ ‘എസ്​.ഒ.എസ്​’ വിളിച്ച് പരസ്​പരം കെട്ടിപ്പിടിക്കുകയാണ്! 

അസമിൽ സ്​കൂൾ വിദ്യാർഥിനികളുടെ കൈകളിൽ  ഈരിപ്പിടിച്ച വാളുകളേൽപിച്ചാണ് ബി.ജെ.പി പാർട്ടി വളർത്താൻ അടവുകൾ പയറ്റുന്നത്. കമ്യൂണിസ്​റ്റുകളോടുള്ള കെറു തീർക്കാൻ ബി.ജെ.പിയെ മാടിവിളിക്കുന്നവർ ഒരു കാര്യം ഓർക്കുക. പുലിപ്പുറത്തേറിയുള്ള യാത്ര അപകടരമാണ്. യാത്രാന്ത്യം പുലിയുടെ മുഖത്ത് കാണുന്ന പുഞ്ചിരി കാണാൻ നിങ്ങൾ ജീവിച്ചിരിപ്പുണ്ടാവില്ല.  

Tags:    
News Summary - Do Shobha Surendran know Kannur's Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.