നിങ്ങളുടെ ഊഴം വന്നെത്തുന്നതിന് മുമ്പ് ധീരമായി കാര്യങ്ങൾ വിളിച്ചു പറയൂ...

ഡൽഹിയിലെ മുസ്​ലിം വംശഹത്യ എന്തിനുവേണ്ടിയായിരുന്നുവെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സംഘ് പരിവാറിൻെറ വളർച്ചക്കും അധികാരാരോഹണത്തിനും ആഭ്യന്തര ശത്രുക്കളായി ആർ.എസ്.എസ് പ്രഖ്യാപിച്ച എതിരാളികളെ അമർച്ച ചെയ്യുന്നതിനുമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ സ്വഭാവിക തുടർച്ചയായിരുന്നു ഡൽഹിയിൽ അരങ്ങേറിയത്. കലാപത്തിന് ആഹ്വാനം ചെയ്തതും നേതൃത്വം വഹിച്ചതും സംഘ് നേതാക്കളായിരുന്നു. കൊല്ലപ്പെട്ടവരും കിടപ്പാടവും കച്ചവടങ്ങൾ നഷ്​ടപ്പെട്ടവരും ഭൂരിപക്ഷം മുസ്​ലിം വിഭാഗത്തിൽ നിന്നായിരുന്നു. പക്ഷെ, അറസ്​റ്റുകളും പൊലീസ് വേട്ടകളും അനുസ്യൂതം നടക്കുന്നത് ഭരണകൂടം എതിരാളികളെന്ന്​ മുദ്രകുത്തിയവർക്കുനേരെയാണ്. ഒടുവിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയ പ്രമുഖ നേതാക്കാളിലേക്ക് അത് എത്തിയിരിക്കുന്നു. ഇനി ഇത് ആരിലേക്കും നീളാം.

കലാപം, ഭീകരാക്രമണം, കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ എന്നിവ ആസൂത്രിതമായി സംഘടിപ്പിച്ച് അതിൻെറ ഉത്തരവാദിത്വം ന്യൂനപക്ഷങ്ങളുടെ ചുമലിൽ കെട്ടിവെച്ച് അവരെ അപരവൽക്കരിക്കുക എന്ന പഴയ തന്ത്രം തന്നെയാണ് ഡൽഹിയിലും സംഘ്പരിവാർ പയറ്റിയത്. രാഷ്ട്രത്തിൻെറ ശത്രുപക്ഷത്ത് മുസ്​ലിംകളെ പ്രതിഷ്​ഠിക്കാനും പൗരന്മാർക്ക് മേൽ ഭരണകൂടത്തിൻെറ അമിതാധികാരം നടപ്പാക്കാനും അതുവഴി സാധിക്കും. കരിനിയമങ്ങളെയും ഭരണകൂടത്തിന് വിധേയമായിക്കഴിഞ്ഞ അന്വേഷണ ഏജൻസികളെയും ഉപയോഗപ്പെടുത്തി ഏത് നിരപരാധിയെയും ഒറ്റ നിമിഷം കൊണ്ട് കൊടും കുറ്റവാളിയാക്കി തുറങ്കലിലടക്കാൻ വഴി എളുപ്പമാകുകയും ചെയ്യും. ഡൽഹി വംശഹത്യക്ക് ശേഷം നടപ്പാകുന്നത് ഈ തിരക്കഥയാണ്.


യഥാർഥത്തിൽ, ദേശാഭിമാനം ഉത്തേജിപ്പിക്കുന്നതിന് കൃത്രിമ സംഭവങ്ങൾ സൃഷ്​ടിക്കുന്ന സംഘ്പരിവാർ അജണ്ടകളെ വസ്തുനിഷ്​ഠമായി സമീപിക്കാൻ അധിക സന്ദർഭത്തിലും രാജ്യത്തിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസ്​ അടക്കമുള്ള ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികൾകൾക്ക് അവയെ വേണ്ടവിധം മനസ്സിലാക്കുവാനോ ചെറുക്കുവാനോ സാധിച്ചിട്ടുമില്ല. അതുകൊണ്ടാണ് സംഘ പരിവാർ ആസൂത്രണം ചെയ്ത ഏകപക്ഷീയ മുസ്‌ലിം വംശഹത്യയാണ് ഡൽഹിയിൽ അരങ്ങേറിയതെന്ന നിലപാട് അവർക്ക് സ്വീകരിക്കാൻ കഴിയാതെ പോയത്.

നിരവധി ലക്ഷ്യങ്ങളെ സാക്ഷാത്കാരിക്കുന്നതിനുവേണ്ടിയുള്ള ഒറ്റമൂലിയായിരുന്നു സംഘ്പരിവാറിന് ഡൽഹിയിലെ വംശീയാതിക്രമണം. അവയെ നമുക്ക് ഇങ്ങനെ അക്കമിട്ടുപറയാം.

1. രാജ്യമാകെ അലയടിച്ചുയർന്ന പൗരത്വ പ്രക്ഷേഭത്തിൻെറ ശക്തി കേന്ദ്രമായ ദൽഹിയിൽ തന്നെ അതിനെ ഗളച്ഛേദം ചെയ്യുക. പ്രക്ഷോഭകരെ ഭയപ്പെടുത്തി പിൻമാറ്റുക. പ്രക്ഷോഭത്തിൽനിന്ന് സാധാരണ ജനങ്ങളെ അകറ്റുക. അവരുടെ ജീവനോപാധികൾ ഇല്ലാതാക്കുക.

2. ശാഹീൻബാഗ് മാതൃകയിൽ ജനാധിപത്യപരമായി വികസിക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാൻ പൊലീസ് സംവിധാനത്തിന് കഴിയാതെ വന്നാൽ ആർ.എസ്.എസ് ക്രിമിനലുകളെ നേരിട്ടിറക്കി മുസ്​ലിങ്ങളെ കൊലപ്പെടുത്തലായിരിക്കും സംഘ് പരിവാർ സ്വീകരിക്കുക എന്ന സന്ദേശം നൽകുക. ഇതിലൂടെ മുസ്‌ലിം ജനസാമാന്യം ഇനി ഒരു സംഘടിത പ്രക്ഷോഭത്തിന് തയാറാകില്ല എന്ന് അവർ കരുതുന്നു.

3. പൗരത്വ പ്രക്ഷോഭത്തിൻെറ ശക്തി വിദ്യാർഥികളാണ്. അവരെ പ്രക്ഷോഭത്തിൻെറ പേരിൽ ജയിലിലടക്കുക നിയമപരമായി സാധ്യമല്ല. അന്തർ ദേശീയ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുകയും ചെയ്യും. ദൽഹി വംശഹത്യയുടെ പ്രതിസ്ഥാനത്ത് വിദ്യാർഥി നേതാക്കളെ കൊണ്ടുവന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാൽ പ്രക്ഷോഭത്തിന് നേതാക്കൾ നഷ്ടപ്പെടുമെന്നും സമരം ദുർബലപ്പെടുമെന്നും അവർ അനുമാനിക്കുന്നു. ഇനി കോടതി വഴി ജാമ്യം ലഭിച്ചാലും കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം വീണ്ടും പ്രക്ഷോഭ രംഗത്തേക്ക് വരാൻ അവർക്ക് കഴിയാതെ വരും. ഇതോടെ വിദ്യാർഥി പ്രക്ഷോഭം എന്ന പ്രതിസന്ധി പരിഹരിക്കപ്പെടും. ഇതിൻെറ ഭാഗമായാണ് ഷർജീൽ ഇമാം, ഷർജീൽ ഉസ്മാനി, സഫൂറ സർഗാർ, മീരാൻ ഹൈദർ, ഉമർ ഖാലിദ്, ദേവാംഗന കലിത, നടാഷ നർവാർ, ഗുൽഫിഷ ഫാത്തിമ, ആസിഫ് തൻഹ തുടങ്ങി നൂറിലധികം വിദ്യാർഥി നേതാക്കൾക്കെതിരെ കേസ് എടുത്തു ജയിലിൽ അടച്ചത്.

ഷർജീൽ ഇമാം

4. പൗരത്വ പ്രക്ഷേഭത്തിന് എല്ലാവിധ പിന്തുണയും നൽകുന്ന രാഷ്ട്രീയ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, മത- സമുദായ നേതാക്കൾ, അക്കാദമീഷ്യൻമാർ, സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരെ ദൽഹി സംഭവത്തിൻെറ ഗൂഢാലോചകരാക്കി അവർക്കെതിരായ മൊഴികൾ സംഘടിപ്പിക്കുക. ആവശ്യാനുസൃതം കേസുകൾ രജിസ്​റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുക. താഹിർ മദനി, ജാമിഅ അലുംനി പ്രസിഡൻറ്​ ഷിഫാ ഉർ റഹ്മാൻ എന്നിവരെ ജയിലിൽ അടക്കുകയും മറ്റ് അനവധി പേർക്കെതിരെ കുറ്റപത്രത്തിലെ പ്രതികളുടെ മൊഴികളിൽ പരാമർശം കൊണ്ടു വരികയും ചെയ്തത് അതിനുവേണ്ടിയാണ്. ഡോ. സഫറുൽ ഇസ്‌ലാംഖാൻ, വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്​.ക്യൂ.ആർ. ഇല്യാസ്, കവിത കൃഷ്ണ, അപൂർവാനന്ദ, യോഗേന്ദ്ര യാദവ് തുടങ്ങി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വരെയ​ുള്ളവരിൽ അത്​ എത്തിനിൽക്കുന്നു.

ഡൽഹിയിൽ നടപ്പാക്കുന്നത് 2017ൽ ഭീമ കൊറേഗാവ് മുൻനിർത്തി രൂപപ്പെട്ട ദലിത് മുന്നേറ്റത്തെ സംഘ്പരിവാർ തകർത്ത അതേ മാതൃകയാണ്. എൽഗാർ പരിഷത്തിൽ നടന്ന പ്രഭാഷണങ്ങളെ ഗൂഢാലോചനയുടെ കാരണമാക്കി. ദലിതരുടെ സ്വാഭിമാന റാലിക്കെതിരെ ആക്രമണം നടത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് ആ ജനാധിപത്യ പ്രക്ഷോഭത്തെ ആർ.എസ്.എസ് സംഘർഷത്തിൽ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് ആനന്ദ് തെൽതുംബ്​ദെ, റോണാ വിൽസൺ, പ്രൊഫ. ഹാനി ബാബു, കവി വരവരറാവു, സുധാ ഭരദ്വാജ് അടക്കം11 പ്രമുഖ വ്യക്തികളെ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചു. ഇതിൽ പലരും ആ പരിപാടിയിൽ പങ്കെടുക്കുക പോലും ചെയ്തിട്ടില്ല.

ഹാനി ബാബു

മതേതര ജനാധിപത്യ ശക്തികൾ എന്ന് അവകാശപ്പെടുന്ന എല്ലാ കക്ഷികളും ആർ.എസ്​.എസിൻെറയും കേന്ദ്ര സർക്കാറിൻെറയും തന്ത്രങ്ങൾക്ക് മുമ്പിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്. രണ്ടിടത്തും യഥാർഥ ആസൂത്രകരും കലാപാഹ്വാനം നടത്തിയവുമായ സംഘ്പരിവാർ നേതാക്കൾ സുരക്ഷിതരായി സ്വൈരവിഹാരം നടത്തുന്നു. എന്നിട്ടും അവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരിക എന്നത്​ ഇരകൾ മാത്രം ഉയർത്തുന്നതിൽനിന്ന്​ മാറി, പൊതു രാഷ്​ട്രീയ ആവശ്യമായി എന്തുകൊണ്ട്​ പരിണമിക്കുന്നില്ല എന്നത് ആലോചിക്കേണ്ടതുണ്ട്​. 'നിങ്ങളുടെ ഊഴം വന്നെത്തുന്നതിന് മുമ്പ് സത്യസന്ധതയോടെ ധീരമായി കാര്യങ്ങൾ വിളിച്ചു പറയൂ' എന്ന്​ ജയിലിലേക്ക് പോകുന്നതിന് മുമ്പ് ആനന്ദ് തെൽതുംബ്​ദെ പറഞ്ഞത്​ എല്ലാവരും ഓർക്കുന്നത് നന്നാകും. പൗരത്വ പ്രക്ഷോഭ നേതാക്കളെ വേട്ടയാടിയപ്പോൾ പുലർത്തിയ മൗനം, ഭീമ കൊ​േറഗാവിൽ കാണിച്ച നിശബ്​ദത എന്നിവയൊക്കെയാണ് സി.പി.എം ജനറൽ സെക്രട്ടറിയെ വരെ തേടിയെത്താൻ സംഘ്പരിവാറിന് ശക്തി പകർന്നത്. ഇത്​ മനസ്സിലാക്കാതെ അവനവൻെറ നേതാക്കൾക്ക് വേണ്ടി മാത്രം നടത്തുന്ന സെലക്ടീവായ നൈതിക സമരത്തിന് ഇനിയുള്ള ഇന്ത്യയിൽ ഒന്നും ചെയ്യാനാകില്ല.

സംഘ്പരിവാറിൻെറ സ്വാഭാവിക ഇരകൾ വിയോജിപ്പിനല്ല, യോജിപ്പിനുളള സാധ്യതയാണ് ഇപ്പോൾ തേടേണ്ടത്. അഭിപ്രായ വ്യത്യാസങ്ങളെ കൈയൊഴിഞ്ഞ് ഐക്യം രൂപപ്പെടുത്താനുള്ള സഹിഷ്ണുതാപരമായ നിലപാട്​ എല്ലാവരും സ്വീകരിക്കേണ്ടതുണ്ട്. അത്തരം ഐക്യശ്രമങ്ങളെ ഭീകരവൽക്കരിക്കാൻ സംഘ്പരിവാർ ശ്രമിക്കുമെന്നു മനസ്സിലാക്കുകയും അതിനെ മറികടക്കാവുന്ന ഇച്ഛാ ശക്തിയും സൂക്ഷമ രാഷ്ട്രീയബോധവും ആർജിക്കുകയും വേണം. ദൗർഭാഗ്യവശാൽ, സംഘ്പരിവാറിൻെറ ആശയ പ്രചാരണങ്ങളോട് താദാത്മ്യപ്പെട്ടുകൊണ്ടാണ് പലപ്പോഴും മതേതരപാർട്ടികളും നിലപാടെടുക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം മൗലിക മാറ്റത്തിന് ആരും സന്നദ്ധരാകുന്നില്ല. ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാൻ പറ്റുമോ എന്ന ഞാണിന്മേൽ കളിയിൽ ഇരകൾ നിരന്തരം വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. പ്രക്ഷോഭ സമരത്തിൽ അണിചേർന്ന ഇരകളെ വിഭജിക്കുകയും ഒരു പക്ഷത്തെ ഭീകരവാദികളും രാജ്യവിരുദ്ധരുമെന്ന്​ മുദ്ര കുത്തുകയും ചെയ്​ത സി.പിഎം കാമ്പയിൻ രാഷ്ട്രീയമായി പ്രയോജനപ്പെട്ടത് സംഘ് പരിവാറിനായിരുന്നു. സമരക്കാർ മുഴുവൻ രാജ്യദ്രോഹികളാണന്ന സംഘ് നുണ പ്രചാരണത്തിൻെറ സാധൂകരണമായാണ് സി.പി.എം വാദം പൊതുസമൂഹത്തിൽ പ്രതിഫലിച്ചത്. സംസ്​ഥാനത്തിന് പുറത്തുള്ള സി.പി.എം സ്വീകരിക്കുന്ന നിലപാടിന് നേർ വിരുദ്ധമായ സമീപനം കേരളത്തിലെ സി.പി.എമ്മിന് സ്വീകരിക്കേണ്ടി വരുന്നത് അധികാരം നിലനിർത്താനുള്ള അവസരവാദപരമായ സമീപനങ്ങളും ഫാഷിസത്തിെൻറ ഐക്യനിര രൂപവത്കരിക്കേണ്ടതെങ്ങിനെയെന്നതിലുള്ള രാഷ്ട്രീയ അവ്യക്തതയും കാരണമാണ്.

ഭീമ കൊ​േറഗാവ് അറസ്​റ്റ്​ ശരിവെച്ച ജസ്​റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിൽനിന്ന് ഉണ്ടായ വിധിയും ഡൽഹി വംശഹത്യയിൽ സുപ്രീം കോടതിയുടെ നിസ്സംഗതയും ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളോട് നീതിപീഠം എങ്ങിനെ പെരുമാറുമെന്ന് പഠിപ്പിക്കുന്നു. ഇവയെല്ലാം മുന്നിൽ വെച്ച് വിപുലമായ ജനപങ്കാളിത്തമുള്ള പ്രക്ഷോഭമാണ് ഇന്ത്യയിൽ ഉയർന്ന് വരേണ്ടത്. ഫാഷിസ്​റ്റ്​ വിരുദ്ധരായ മുഴുവൻ പ്രസ്ഥാനങ്ങളും വ്യക്തികളും അണിനിരക്കുന്ന വിശാല ജനാധിപത്യ പോരാട്ടത്തിൻെറ സമയം അതിക്രമിച്ചിരിക്കുന്നു. വലിപ്പച്ചെറുപ്പവും മതേതര മാറ്റിൻെറ സൂക്ഷ്​മ പരിശോധനകളും നടത്തി പരസ്പരം കലഹിക്കുന്ന അവസ്ഥ മാറ്റാൻ എല്ലാവരും സന്നദ്ധരായേ പറ്റൂ. ഭൂതകാല നിലപാടുകൾ ഓർമപ്പെടുത്തി പരസ്പരം പഴിപറഞ്ഞ് സ്വയം ശിഥിലീകരിക്കാനല്ല, നിർമിക്കാനാഗ്രഹിക്കുന്ന ഭാവികാലത്തെ മുൻനിർത്തി ഐക്യനിര കെട്ടിപ്പടുക്കാനുള്ള വിശാല ആശയങ്ങളും കാഴ്ചപ്പാടുകളും സൃഷ്​ടിക്കുക എന്നതാണ് മുന്നോട്ടുള്ള ഏക വഴി. സവർണ സാംസ്കാരിക ഹിന്ദുത്വത്തിനെതിരായ പ്രക്ഷോഭങ്ങളെയും ഫാഷിസ്​റ്റ്​ ഭരണത്തിൽ നരക ജീവിതം നയിക്കുന്ന ജനകോടികളുടെ ജീവൽ പോരാട്ടങ്ങളെയും ഐക്യപ്പെടുത്തി സംഘ് ഭരണ വാഴ്ചക്ക് അന്ത്യം കുറിക്കുക എന്ന ചരിത്ര കടമ നിർവഹിക്കാൻ അതിലൂടെ മാത്രമേ സാധ്യമാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.